Kochi Model's Death| മോഡലുകളുടെ മരണത്തിന് കാരണമായ അപകടം നടന്ന ആ രാത്രി ഹോട്ടൽ 'നമ്പർ 18'ല്‍ നടന്നത് എന്ത്?
- Published by:Rajesh V
- news18-malayalam
Last Updated:
സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താനായില്ലെങ്കിലും മുഖ്യപ്രതിപിടിയിലായതോടെ അപകട രാത്രിയില്‍ നടന്ന പ്രധാന സംഭവവികാസങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് പൊലീസ്
കൊച്ചിയിൽ മോഡലുകളുടെ മരണവുമായി (Kochi Model's death) ബന്ധപ്പെട്ട് മുഖ്യപ്രതി സൈജു തങ്കച്ചൻ (Saiju Thankachan) കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. ഹോട്ടലിൽ അന്ന് നടന്ന നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ (CCTV Visuals) കണ്ടെത്താനായില്ലെങ്കിലും മുഖ്യപ്രതിപിടിയിലായതോടെ അപകട രാത്രിയില്‍ നടന്ന പ്രധാന സംഭവവികാസങ്ങള്‍ പൊലീസ് കണ്ടെത്തി.
ഹോട്ടലിൽ നടന്നത്....
ഒക്ടോബര്‍ 31ന് വൈകീട്ട് 7.30ഓടെയാണ് മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളായ അഞ്ജന, അബ്ദുൽ റഹ്മാന്, ആഷിഖ് എന്നിവര്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെത്തിയത്. തുടര്‍ന്ന് ഇവര്‍ ഇവിടെ ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തു. ഈ സമയം അബ്ദുറഹ്മാന് അവിടുത്തെ ബാറില്‍നിന്ന് അമിതമായി മദ്യപിക്കുകയും ഹോട്ടലിലുണ്ടായിരുന്ന സൈജു തങ്കച്ചനെ പരിചയപ്പെടുകയും ചെയ്തു.
രാത്രി 12 ഓടെ ഹോട്ടലില്‍നിന്ന് പോകാനിറങ്ങിയ അന്‍സി കബീറിനെയും സുഹൃത്തുക്കളെയും സൈജുവും ഹോട്ടലുടമ റോയി വയലാട്ടും ദുരുദ്ദേശ്യത്തോടെ സമീപിക്കുകയായിരുന്നു. സൈജു അബ്ദുറഹ്മാനോടും കൂടെയുള്ള സ്ത്രീസുഹൃത്തുക്കളോടും ഹോട്ടലില്‍ മുറി തരപ്പെടുത്തി നല്‍കാമെന്നും രാത്രി പാര്‍ട്ടി നടത്തി മടങ്ങിയാല്‍ മതിയെന്നും പറഞ്ഞു. എന്നാല്‍, ഇത് നിരസിച്ച് അബ്ദുൽ റഹ്മാനും മറ്റുള്ളവരും തങ്ങളുടെ കെ എല്‍ 43 കെ 2221 നമ്പർ ഫോര്‍ഡ് ഫിഗോ കാറില്‍ കയറി പോവുകയായിരുന്നു.
advertisement
കാറിൽ പിന്തുടർന്ന് സൈജു...
മോഡലുകളും സുഹൃത്തുക്കളും കാറിൽ പുറത്തേക്ക് പോയ സമയം തൊട്ടടുത്ത ജ്യൂസ് പാര്‍ലറില്‍നിന്ന് ഇവരുടെ യാത്ര നിരീക്ഷിച്ച സൈജു ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് കാക്കനാടേക്ക് പോയ അബ്ദുൽ റഹ്മാനെയും സുഹൃത്തുക്കളെയും ഓഡി കാറില്‍ പിന്തുടർന്നു. കുണ്ടന്നൂരില്‍ ഇവരുടെ വാഹനത്തെ പിന്തുടര്ന്നെത്തിയ സൈജു സമാന ആവശ്യം വീണ്ടും ഉന്നയിച്ചെങ്കിലും ഇത് നിരസിച്ചു. തുടര്‍ന്നും സൈജു പിന്തുടര്‍ന്നതോടെ വേഗത്തില്‍ ഓടിച്ചുപോയ വാഹനം അപകടത്തില്‍ പെടുകയായിരുന്നു. പൊലീസിന്റെ കൂടുതല്‍ അന്വേഷണത്തില്‍ സൈജു നവംബര്‍ ഏഴുമുതല്‍ 9 വരെ ഗോവയില്‍ പങ്കെടുത്ത പാര്‍ട്ടിയുടെ വിഡിയോകള്‍ കണ്ടെടുത്തിട്ടുണ്ട്.
advertisement
അപകടത്തിന് കാരണമായത് ചേസിങ്...
മാള സ്വദേശി അബ്ദുൽ റഹ്മാന് സാധാരണ വേഗത്തിലാണ് കാര്‍ ഓടിച്ചിരുന്നത്. എന്നാല്‍, സൈജു പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് വേഗം കൂട്ടിയത്. കാറിലുണ്ടായിരുന്ന അന്‍സി കബീറിനെയും അഞ്ജനയെയും സൈജുവിന്റെ പിടിയില്‍നിന്ന് രക്ഷിക്കാനായിരുന്നു ഇതെന്നും പ്രോസിക്യൂഷന് കോടതിയിൽ ബോധിപ്പിച്ചു. സൈജു പിന്തുടര്‍ന്നില്ലായിരുന്നെങ്കില്‍ കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരും ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. അതിനാല്‍ കേസിലെ പ്രധാന കുറ്റവാളിയാണ് സൈജു. കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുള്ളതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
സൈജുവിനെ കസ്റ്റഡിയിൽ വിട്ടു...
മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളും അപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ കേസിലെ മൂന്നാം പ്രതിയായ സൗജുവിനെ മൂന്ന് ദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ വിട്ടു. സൈജു വാഹനത്തെ പിന്തുടര്ന്നതിനാലാണ് അപകടം സംഭവിച്ചതെന്നും കൂടുതല്‍ അന്വേഷണത്തിന് വീണ്ടും കസ്റ്റഡി അനുവദിക്കണമെന്നുമുള്ള ആവശ്യം അനുവദിച്ചാണ് കോടതിയുടെ നടപടി. പ്രത്യേക അന്വേഷണസംഘം ഗുരുതര ആരോപണങ്ങളാണ് പ്രതിക്കെതിരെ കോടതിയില്‍ ബോധിപ്പിച്ചത്.
advertisement
പ്രതി സ്ത്രീലമ്പടനും മയക്കുമരുന്നിന് അടിപ്പെട്ട ആളുമാണ്. രാത്രി പാര്‍ട്ടികളില്‍ ഇയാള്‍ സ്ഥിരമായി എത്താറുണ്ട്. മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിനുശേഷവും സൈജു രാത്രി പാര്‍ട്ടികളില്‍ പങ്കെടുത്തു. റേവ് പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന കൊച്ചിയിലെ മയക്കുമരുന്ന് റാക്കറ്റുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
അതേസമയം, അപകടം നടന്ന ദിവസം അബ്ദുല്‍ റഹ്മാന് കൂടിയ അളവില്‍ മദ്യപിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് സൈജുവിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷന് വാദിച്ചു. കാര്‍ ചേസിങ് അവിടെ ഉണ്ടായിട്ടില്ല. ദേശീയപാതയിലാണ് സംഭവം നടന്നത്. നിരവധി കാറുകള്‍ ഈ പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ട്. എന്തെങ്കിലും കേസുണ്ടെങ്കില്‍, ആ സമയത്ത് ഈ പ്രദേശത്തുകൂടി കടന്നുപോയ എല്ലാ കാര്‍ ഡ്രൈവര്‍മാരെയും പ്രതികളായി ഹാജരാക്കണമെന്നും അദ്ദേഹം ബോധിപ്പിച്ചു.
Location :
First Published :
December 01, 2021 10:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Kochi Model's Death| മോഡലുകളുടെ മരണത്തിന് കാരണമായ അപകടം നടന്ന ആ രാത്രി ഹോട്ടൽ 'നമ്പർ 18'ല്‍ നടന്നത് എന്ത്?