തമിഴ്നാട്ടിൽ 6000 സ്ത്രീകൾ താമസിക്കുന്ന ഹോസ്റ്റലിലെ ടോയ്ലറ്റിൽ ഒളിക്യാമറ വെച്ച യുവതിയും കാമുകനും അറസ്റ്റിൽ
- Published by:Sarika N
- news18-malayalam
Last Updated:
കാമുകന്റെ നിർദേശപ്രകാരമാണ് യുവതി ഹോസ്റ്റൽ മുറിയിലെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചത്
കൃഷ്ണഗിരി: വനിതാ ജീവനക്കാരുടെ ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ നാഗമംഗലത്തുള്ള ടാറ്റാ ഇലക്ട്രോണിക്‌സിന്‍റെ ഹോസ്റ്റലിലെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. ഒഡീഷ സ്വദേശിനിയും നാഗമംഗലത്തെ ടാറ്റാ ഇലക്ട്രോണിക്സ് ജീവനക്കാരിയുമായ നീൽകുമാരി ഗുപ്ത (22), ഇവരുടെ കാമുകൻ സന്തോഷ് (25) എന്നിവരാണ് പിടിയിലായത്. ലാലിക്കൽ പ്രദേശത്തെ 'വിദ്യാൽ റെസിഡൻസി' എന്ന വനിതാ ഹോസ്റ്റലിലാണ് നീൽകുമാരി താമസിച്ചിരുന്നത്. സന്തോഷിന്റെ നിർദേശപ്രകാരമാണ് നീൽകുമാരി ഹോസ്റ്റൽ മുറിയിലെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചത്. ബെംഗളൂരുവിൽ നിന്നാണ് സന്തോഷിനെ ഉടനപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾ താമസിച്ചിരുന്ന മുറിയിലെ കുളിമുറിയിൽ ഞായറാഴ്ചയാണ് ഒളിക്യാമറ സ്ഥാപിച്ചത്. നീൽകുമാരിയും ഇതേ മുറിയിലെ താമസക്കാരിയായിരുന്നു. എന്നാൽ, മുറിയിലുണ്ടായിരുന്ന മറ്റ് യുവതികൾ ചൊവ്വാഴ്ച ഒളിക്യാമറ കണ്ടെത്തുകയും ഹോസ്റ്റൽ അധികൃതരെ അറിയിക്കുകയായിരുന്നു.
അതേസമയം, ഒളിക്യാമറ കണ്ടെത്തിയതിനെ തുടർന്ന് ഹോസ്റ്റലിലെ 6,000-ത്തിലധികം അന്തേവാസികൾ ആശങ്ക അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഹോസ്റ്റലിലെ രണ്ടായിരത്തിലധികം വനിതാ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഹോസൂർ അഡീഷണൽ കളക്ടർ ആകൃതി സേഥി, എസ്.പി. തങ്കദുരൈ എന്നിവർ സ്ഥലത്തെത്തി. ചർച്ചകൾക്കായി നൂറിലധികം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ബുധനാഴ്ചയും നിരവധി ജീവനക്കാരുടെ രക്ഷിതാക്കൾ ഹോസ്റ്റലിന് പുറത്ത് തടിച്ചുകൂടിയത് സംഘർഷാവസ്ഥ വർദ്ധിപ്പിച്ചു.
advertisement
പോലീസ് പിടിച്ചെടുത്ത ഒളിക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് അഡീഷണൽ എസ്.പി. ശങ്കർ പറഞ്ഞു. കൂടുതൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായി വനിതാ പോലീസുകാർ ഉൾപ്പെടെയുള്ള പത്ത് പോലീസ് സംഘങ്ങൾ ഹോസ്റ്റലിലെ ഓരോ മുറിയിലും പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Location :
Tamil Nadu
First Published :
November 07, 2025 7:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തമിഴ്നാട്ടിൽ 6000 സ്ത്രീകൾ താമസിക്കുന്ന ഹോസ്റ്റലിലെ ടോയ്ലറ്റിൽ ഒളിക്യാമറ വെച്ച യുവതിയും കാമുകനും അറസ്റ്റിൽ


