പാലക്കാട്: വിവാഹ വാഗ്ദാനം നൽകി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര സ്വദേശിനി ശാലിനി(37)യാണ് അറസ്റ്റിലായത്. കൽപാത്തി സ്വദേശിയായ 53 വയസ്സുകാരൻ നൽകിയ പുനർ വിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ട് പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
മധ്യപ്രദേശിൽ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നും പറഞ്ഞാണ് ശാലിനി 53കാരനെ ബന്ധപ്പെട്ടത്. ഫോണിൽ സൗഹൃദം സ്ഥാപിച്ചശേഷം സ്ഥിരം ജോലി ലഭിക്കാൻ പണം ആവശ്യമാണെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. പിന്നീടു പല കാരണങ്ങൾ പറഞ്ഞു വിവാഹത്തീയതി നീട്ടിക്കൊണ്ടുപോയി.
ഒടുവിൽ നിശ്ചയിച്ച തീയതിയിൽ വരൻ വിവാഹത്തിന് ഒരുങ്ങി എത്തിയെങ്കിലും യുവതി എത്തിയില്ല. ഇതോടെ പൊലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു. കേസിൽ കൂട്ടുപ്രതിയായ, ശാലിനിയുടെ ഭർത്താവ് കുണ്ടുവംപാടം അമ്പലപള്ളിയാലിൽ സരിൻകുമാർ (38) മുൻപ് പിടിയിലായിരുന്നു.
ഇരുവരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. . ഇവർ ഒട്ടേറെ വിവാഹത്തട്ടിപ്പു കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. എറണാകുളത്ത് നിന്നാണ് ശാലിനി അറസ്റ്റിലായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.