പാലക്കാട്: വിവാഹ വാഗ്ദാനം നല്കി 53കാരനിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഭര്‍ത്താവ് മരിച്ച യുവതിയാണെന്ന വ്യാജേന ഭാര്യയെ മുന്നില്‍ നിര്‍ത്തി വിവാഹ തട്ടിപ്പ് നടത്തിയ കടമ്പഴിപ്പുറം സ്വദേശി സരിന് കുമാര്‍ (37) ആണ് പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് വിവാഹ തട്ടിപ്പുകേസുകളില്‍ പ്രതിയായ ഭാര്യ ശാലിനി (36) ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
പ്രമുഖ മലയാള പത്രങ്ങളില്‍ പുനര്‍വിവാഹത്തിന് ആലോചന ക്ഷണിച്ച പരസ്യദാതാവിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച യുവതിയാണെന്ന വ്യാജേനയാണ് ശാലിനി സ്വയം പരിചയപ്പെടുത്തിയത്. മധ്യപ്രദേശില്‍ അധ്യാപികയാണെന്നാണ് പറഞ്ഞിരുന്നത്.
പരസ്യം നല്കിയ മധ്യവയസ്കന്റെ ഫോണില്‍ സന്ദേശങ്ങള്‍ അയച്ച് സൗഹൃദം നടിച്ചു. വാഹനാപകടത്തില്‍ മരിച്ച ആദ്യ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പലരില്‍നിന്ന് കടം വാങ്ങിയാണ് ആശുപത്രി ചെലവ് നടത്തിയെന്നു പറഞ്ഞ് പലതവണയായി 41 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
പ്രതികള്‍ക്കെതിരെ വഞ്ചന കുറ്റത്തിനാണ് കോങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ പ്രതി കടമ്പഴിപ്പുറം ഭാഗത്ത് താമസിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Marriage fraud, Palakkad