പതിനാറുകാരിയെ പീഡിപ്പിച്ചതിന് DYFI നേതാവ് ഉൾപ്പെടെ 8 പേർ പിടിയിൽ; ഫോണിൽ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകൾ
- Published by:Rajesh V
- news18-malayalam
Last Updated:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതുൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ ഇയാളുടെ ഫോണിൽ പൊലീസ് കണ്ടെത്തി
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും പ്രായപൂർത്തിയാവാത്ത പ്ലസ് ടു വിദ്യാർഥിയും ഉൾപ്പെടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്.
ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജെ ജിനേഷ്(29), തൃശൂർ കുന്ദംകുളം കോനത്തുവീട് മേത്തല എസ് സുമേജ്(21), മലയം ചിത്തിരയിൽ എ അരുൺ (മണികണ്ഠൻ-27), വിളവൂർക്കൽ തൈവിള തുണ്ടുവിള തുറവൂർ വീട്ടിൽ സിബി(20), ബ്യൂട്ടി പാർലർ നടത്തുന്ന പൂഴിക്കുന്ന് പൊറ്റവിള വീട്ടിൽ വിഷ്ണു(23), വിഴവൂർ തോട്ടുവിള ഷാജി ഭവനിൽ അഭിജിത്ത്(26), മച്ചേൽ പ്ലാങ്കോട്ടുമുകൾ ലക്ഷ്മിഭവനിൽ അച്ചു അനന്തു (18) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്ലസ്ടു വിദ്യാർഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
advertisement
കുന്ദംകുളം സ്വദേശി സുമേജ് ഒഴികേയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ലഹരിക്കെതിരെ കൂട്ടായ്മ, പക്ഷെ….
രണ്ട് ബിരുദാനന്തര ബിരുദമുള്ള ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. ഇയാൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെയും മറ്റുള്ളവർക്കു നൽകുന്നതിന്റെയും വീഡിയോയും പൊലീസിനു ലഭിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതുൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ ഇയാളുടെ ഫോണിൽ പൊലീസ് കണ്ടെത്തി. ഇത് കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
advertisement
ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്സിലും ബിരുദാനന്തരബിരുദമുണ്ട്. പെൺകുട്ടികൾക്ക് ലഹരിവസ്തുക്കൾ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാൾ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്.
പീഡനകഥയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ
പെൺകുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനക്കഥ പുറത്തായത്. ഡിസംബർ രണ്ടിനാണ് കുട്ടിയുടെ അമ്മ മലയിൻകീഴ് പൊലീസിന് പരാതി നൽകിയത്. വീട്ടിൽനിന്നു പുറപ്പെട്ട പെൺകുട്ടിയെ ഫോണിൽ കിട്ടാത്തതിനെ തുടർന്നാണ് അമ്മ പൊലീസിനെ സമീപിച്ചത്.
advertisement
പരാതി ലഭിച്ച ഉടൻ മലയിൻകീഴ് എസ്എച്ച്ഒ പ്രതാപചന്ദ്രൻ സൈബർ സെല്ലിനെ വിവരമറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ആറുദിവസം മുൻപ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട തൃശൂർ കുന്ദംകുളം സ്വദേശി സുമേജിനെ കാണാനെത്തിയതായിരുന്നു പെൺകുട്ടി. തൃശ്ശുരിൽ കാറ്ററിങ് തൊഴിലാളിയാണിയാൾ. സുമേജിനൊപ്പം നാടുവിടാനുള്ള തീരുമാനത്തിലായിരുന്നു പെൺകുട്ടി. പൊലീസെത്തുമ്പോൾ ഇരുവരും കണ്ടുമുട്ടിയിരുന്നില്ല.
Also Read- കാസർഗോഡ് യുവാവിന്റെ മരണം സദാചാര കൊലപാതകം;രാത്രി വൈകി ക്രൂരമായി മർദിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
ഇതിനുശേഷം സുമേജിനെ റെയിൽവേ സ്റ്റേഷനിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ചിത്രം മറ്റുള്ളവർക്ക് കൈമാറിയതിനാണ് സുമേജിനെ പ്രതിയാക്കിയത്. തുടർന്ന് മെഡിക്കൽ പരിശോധന നടത്തിയപ്പോഴാണ് രണ്ടു വർഷമായി പലരിൽ നിന്നുമുണ്ടായ പീഡനത്തെക്കുറിച്ച് കുട്ടി ഡോക്ടറോട് പറഞ്ഞത്. സ്വന്തം വീട്ടിൽ തന്നെയാണ് പീഡനങ്ങൾ നടന്നതെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു. ആദ്യം പരിചയപ്പെട്ട ആളിൽനിന്ന് ഫോൺ നമ്പർ കൈക്കലാക്കിയാണ് മറ്റുള്ളവർ പെൺകുട്ടിയുമായി അടുക്കുന്നത്.
advertisement
വാട്സാപ്പിലൂടെയും മറ്റും ചാറ്റ് ചെയ്താണ് ബന്ധങ്ങൾ തുടങ്ങിയിരുന്നത്. പലരും ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പെൺകുട്ടിയെ കൂടുതൽ ചൂഷണം ചെയ്തെന്നും പൊലീസ് സംശയിക്കുന്നു.
റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദ്ദേശമനുസരിച്ച് കാട്ടാക്കട ഡിവൈ എസ് പി അനിൽകുമാറിന്റെയും മലയിൻകീഴ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ ജി പ്രതാപചന്ദ്രന്റെയും നേതൃത്വത്തിൽ രൂപീകരിച്ച 15 അംഗ പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
Location :
First Published :
December 07, 2022 7:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനാറുകാരിയെ പീഡിപ്പിച്ചതിന് DYFI നേതാവ് ഉൾപ്പെടെ 8 പേർ പിടിയിൽ; ഫോണിൽ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകൾ