ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നരമാസത്തിനിടെ 86 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ആദ്യമൊക്കെ ചെറിയ ലാഭം തിരിച്ചു നൽകി വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ്
കോട്ടയം: ഓൺലൈൻ ഓഹരി വ്യാപാരത്തിലൂടെ ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് യുവാവിന്റെ 86 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. എറണാകുളം ചിറ്റൂർ മൂലമ്പള്ളി ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ജെവിൻ ജേക്കബിനെ(33) ആണ് പിടികൂടിയത്. എറണാകുളം വൈപ്പിൻ എളങ്കുന്നപ്പുഴ പനയ്ക്കപ്പാടം ഭാഗത്ത് നിന്നാണ് പ്രതിയെ കോട്ടയം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ജൂൺ 10 മുതൽ ജൂലൈ 25 വരെ പല തവണകളായാണ് ഇയാൾ 86 ലക്ഷം രൂപ തട്ടിയെടുത്തത്.
ഓൺലൈൻ ട്രേഡിങ് ബിസിനസിലൂടെ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ പ്രതി ഒരു വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കി. തുടർന്ന് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെറിയ ലാഭം തിരിച്ചു നൽകുകയും ചെയ്തു. പിന്നീട് വലിയ തുക നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. നിക്ഷേപിച്ച തുകയുടെ ലാഭ വിഹിതം ഇവരുടെ തന്നെ ഓൺലൈൻ വെർച്വൽ അക്കൗണ്ടിൽ കാണിച്ചായിരുന്നു തട്ടിപ്പ്. തുക പിൻവലിക്കാൻ 14 മുതൽ 21 ദിവസം വരെ സമയമെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, പറഞ്ഞസമയം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാൽ സംശയം തോന്നിയ യുവാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
advertisement
കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് തട്ടിപ്പുകള്‍ നടത്തി വന്ന പ്രതിയെ 10 ദിവസമായി വിവിധ മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് കോട്ടയം സൈബർ സെൽ നിരീക്ഷിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി എസ് അനില്‍കുമാർ, കോട്ടയം സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഹണി കെ ദാസ്, എസ് ഐ സുരേഷ് കുമാർ, എഎസ്ഐമാരായ ഷൈൻകുമാർ കെ സി, തോമസ് ടി വി, സി പി ഒ രാഹുൽ എന്നിവരടങ്ങുന്ന സൈബർ ടീമാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പല സംസ്ഥാനങ്ങളിലായി സമാനമായ എട്ടുകേസുകള്‍ നിലവിലുണ്ട്. ആദ്യമായാണ് പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Location :
Kottayam,Kottayam,Kerala
First Published :
August 29, 2025 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നരമാസത്തിനിടെ 86 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ