കാസർഗോഡ് ജ്യേഷ്ഠൻ അനുജനെ വെടിവച്ച് കൊലപ്പെടുത്തി
- Published by:Rajesh V
- news18-malayalam
Last Updated:
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ നാടൻ തോക്ക് ഉപയോഗിച്ച് വെടിവക്കുകയായിരുന്നു
കാസർഗോഡ് കുറ്റിക്കോൽ വളവില്‍ നൂഞ്ഞങ്ങാനത്ത് ജ്യേഷ്ഠൻ അനുജനെ വെടിവച്ച് കൊന്നു. അശോകൻ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണനെ (47) ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
Also Read- സോഷ്യൽ മീഡിയയിൽ 'എൻഗേജ്ഡ്' എന്ന് സ്റ്റാറ്റസ്; പിന്നാലെ ലിവ്- ഇൻ പങ്കാളിയെ യുവതി കുത്തിക്കൊന്നു
അശോകന്റെ തുടയ്ക്ക് മുകളിലായാണ് വെടിയേറ്റത്. മുൻപും മദ്യപിച്ചശേഷം ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. അശോകന്റെ മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അശോകനും ഭാര്യ ബിന്ദുവും പ്രതി ബാലകൃഷ്ണനും ഒരേ വീട്ടിലാണ് താമസം. ഇവര്‍ മദ്യപിച്ച് സ്ഥിരമായി വഴക്ക് കൂടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
advertisement
ഞായറാഴ്ചയും പതിവുപോലെ സന്ധ്യയോടെ ഇരുവരും വഴക്ക് കൂടി. വരാന്തയില്‍ ഇരിക്കുകയായിരുന്ന ബാലകൃഷ്ണന്റെ കാലില്‍ അശോകന്‍ വെട്ടുകല്ല് കൊണ്ടിടുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങിയ ബാലകൃഷ്ണന്‍ അയല്‍വാസിയായ മാധവന്‍ നായരുടെ വീട്ടില്‍നിന്നും തോക്ക് സംഘടിപ്പിച്ച് തിരികെ വന്ന് അശോകന് നേരെ വെടിയുതിര്‍ത്തു.
ശബ്ദം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാര്‍ അശോകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. യാത്രാസൗകര്യം കുറഞ്ഞ സ്ഥലമായതിനാല്‍ രാത്രി 12 മണിയോടെയാണ് അശോകനെ ആശുപത്രിയിലെത്തിച്ചത്. തുടയില്‍ വെടിയേറ്റ അശോകന്‍ ചോര വാര്‍ന്നാണ് മരിച്ചതെന്നതാണ് പ്രാഥമിക നിഗമനം. പ്രതി ബാലകൃഷ്ണന്‍ അവിവാഹിതനാണ്.
Location :
Kasaragod,Kasaragod,Kerala
First Published :
March 04, 2024 7:46 AM IST