'10 വർഷം വരെ തടവും 7 ലക്ഷം രൂപ പിഴയും'; ട്രക്ക് ഡ്രൈവർമാർ സമരം ചെയ്ത പിൻവലിച്ച 'കരിനിയമം'
- Published by:Naseeba TC
- news18-malayalam
Last Updated:
ബ്ലാക്ക് ലോ (black law) എന്നാണ് ട്രക്ക് ഡ്രൈവർമാർ പുതിയ നിയമത്തെ വിശേഷിപ്പിക്കുന്നത്.
പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ (Bharatiya Nyaya Sanhita (BNS),) വാഹനാപകടവുമായി ബന്ധപ്പെട്ട വകുപ്പ് പിന്‍വലിക്കാനാവശ്യപ്പെട്ട് രണ്ടുദിവസമായി ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തി വന്ന സമരം പിൻവലിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ട്രക്ക് ഡ്രൈവർമാരുടെ സംഘടന പ്രതിനിധികളുമായി ചർച്ച നടത്തിയതിനെ തുടർന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്. സമരത്തെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചരക്കുനീക്കം സ്തംഭിച്ചിരുന്നു. പലയിടങ്ങളിലും അക്രമ സംഭങ്ങളും അരങ്ങേറിയിരുന്നു. ഒട്ടേറെ നഗരങ്ങളിൽ ഇന്ധനവിതരണം തടസപ്പെടുകയും ചെയ്തു.
"പുതിയ നിയമങ്ങളും വ്യവസ്ഥകളും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഭാരതീയ ന്യായ് സൻഹിതയുടെ സെക്ഷൻ 106 (2) അടിസ്ഥാനമാക്കിയുള്ള നിയമം ഞങ്ങൾ കൊണ്ടുവരൂ'', അജയ് ഭല്ല പറഞ്ഞു. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ച വിജയമായിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയ വക്താവും പ്രതികരിച്ചു.
advertisement
വാഹനാപകടത്തില്‍ മരണം സംഭവിക്കുകയും ഇതറിയിക്കാതെ രക്ഷപ്പെടുകയും ചെയ്താല്‍ (hit-and-run incidents) ഡ്രൈവര്‍ക്ക് പത്തു വര്‍ഷം വരെ തടവുശിക്ഷയും 7 ലക്ഷം രൂപ പിഴയും നല്‍കുന്ന നിയമ പരിഷ്കാരത്തിനെതിരേയായിരുന്നു സമരം. ബ്ലാക്ക് ലോ (black law) എന്നാണ് ട്രക്ക് ഡ്രൈവർമാർ ഇതിനെ വിശേഷിപ്പിക്കുന്നത്. മുൻപ് ഈ ശിക്ഷ 2 വർഷം മാത്രമായിരുന്നു.
"ഈ നിയമം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. ഇത് നടപ്പിലാക്കാൻ ഞങ്ങൾ അനുവദിക്കുകയുമില്ല", എഐഎംടിസി (ഓൾ ഇന്ത്യ മോട്ടർ ട്രാൻസ്പോർട്ട് കോൺഗ്രസ്) ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ബൽ മങ്കിത് സിംഗ് പറഞ്ഞു. ഡ്രൈവര്‍മാര്‍ മനഃപൂര്‍വം അപകടമുണ്ടാക്കുന്നതല്ല എന്നാണ് ഡ്രൈവർമാരുടെ വാദം.
advertisement
മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ട്രക്ക് ഡ്രൈവർമാർ നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇന്ധന ടാങ്കറുകളും പണിമുടക്കിയതിനാല്‍ പല ഭാഗങ്ങളിലും ചൊവ്വാഴ്ച പെട്രോള്‍, ഡീസല്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ഇതു കാര്യമായി ബാധിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ ഇന്ധനങ്ങളുടെ ഡിമാൻഡ് വർധിച്ചതിനാൽ സ്റ്റോക്കും കുറഞ്ഞു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 03, 2024 2:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
'10 വർഷം വരെ തടവും 7 ലക്ഷം രൂപ പിഴയും'; ട്രക്ക് ഡ്രൈവർമാർ സമരം ചെയ്ത പിൻവലിച്ച 'കരിനിയമം'