വില്ലനായി സയനൈഡ്; കപ്പത്തൊണ്ട് പശുക്കളെ കൊല്ലുന്നതെങ്ങനെ?
- Published by:Naseeba TC
- news18-malayalam
Last Updated:
തീറ്റയായി നല്‍കിയ കപ്പത്തൊണ്ടിലെ സയനൈഡ് ആണ് കന്നുകാലികളുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു
തൊടുപുഴയിൽ പതിനഞ്ചു വയസ്സുകാരൻ മാത്യുബെന്നിയുടെ പശുക്കൾ ചത്തുവീണത് കപ്പത്തൊണ്ടിലെ സയനൈഡ് അകത്തുചെന്നതിനെ തുടർന്ന്. തീറ്റയായി നല്‍കിയ കപ്പത്തൊണ്ടിലെ സയനൈഡ് ആണ് കന്നുകാലികളുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് തൊടുപുഴയില്‍ വെള്ളിയാമറ്റം കിഴക്കേ പറമ്പില്‍ ക്ഷീര കർഷകനായ മാത്യു ബെന്നിയുടെ പശുക്കൾ കൂട്ടത്തോടെ ചത്തുവീണത്. പശുവും കിടാവും മൂരിയും ഉള്‍പ്പെടെ പതിമൂന്ന് കന്നുകാലികളാണ് ചത്തത്. മൂന്ന് വർഷം മുമ്പ് പിതാവിന്റെ മരണത്തിനു പിന്നാലെയാണ് മാത്യു ബെന്നി പതിമൂന്നാം വയസ്സിൽ ക്ഷീര കർഷകനായത്. അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർമായിരുന്നു ഇത്.
പുതുവർഷ തലേന്ന് പശുക്കൾക്ക് തീറ്റ നൽകിയതിനു പിന്നാലെയായിരുന്നു ദുരന്തം. രാത്രി എട്ട് മണിയോടെയാണ് കന്നുകാലികൾക്ക് തീറ്റ നൽകിയത്. ഇതിൽ കപ്പത്തൊണ്ടും ഉൾപ്പെട്ടിരുന്നു. തീറ്റ കഴിച്ചതിനു പിന്നാലെ പശുക്കൾ ഒന്നൊന്നായി തളർന്നു വീണ് ചാകുകയായിരുന്നു.
advertisement
പഠനത്തോടൊപ്പമാണ് മാത്യു പശുക്കളേയും വളർത്തിയത്. മികച്ച കുട്ടിക്ഷീര കർഷകനുള്ള അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ മാത്യുവിനെ തേടിയെത്തിയിരുന്നു. അരുമയായി വളർത്തിയ പശുക്കൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പത്താം ക്ലാസുകാരന്റെ കുടുംബത്തിന്റെ ഉപജീവന മാർഗം കൂടിയാണ് ഇല്ലാതായത്.
ആറ് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. വീടിനു സമീപത്തെ കപ്പ ഉണക്കുന്ന കേന്ദ്രത്തില്‍ നിന്നെത്തിക്കുന്ന കപ്പത്തൊണ്ടാണ് പശുക്കൾക്ക് തീറ്റയായി നൽകിയിരുന്നത്. ഇത് കഴിച്ചതിനു പിന്നാലെ പരവേശം കാണിച്ച കാലികളെ തൊഴുത്തിൽ നിന്നും അഴിച്ചുവിട്ടു. ഇറങ്ങിയോടിയ കന്നുകാലികൾ റബര്‍ മരങ്ങളുടെ ചുവട്ടിലും തോട്ടിലും ബാക്കിയുള്ളവ തൊഴിത്തിലുമായി ചത്തുവീണു.
advertisement
മരച്ചീനിയിലെ സയനൈഡ് സാന്നിധ്യം
കപ്പയുടെ കിഴങ്ങ്, കിഴങ്ങിന്റെ തൊലി, ഇലകൾ തുടങ്ങിയവ പച്ചയ്ക്ക് തിന്നുന്നത് വിഷകരമാണ്. കപ്പയിൽ ലിനാമാരിൻ, ലോട്ടോസ്ട്രാലിൻ എന്നീ സയാനോജീനിക് ഗ്ലൂക്കോസൈടുകൾ ഉള്ളതാണ് കാരണം. കപ്പയിൽ ഉള്ള ലിനാമരേസ് എന്ന എൻസൈം ഇവയെ വിഘടിപ്പിച്ച് ഹൈഡ്രജൻ സയനൈഡ് ഉത്പാദിപ്പിക്കുന്നു.
കയ്പ്പുള്ള കപ്പയിൽ ആണ് സയാനോജീനിക് ഗ്ലൂക്കോസൈടുകൾ കൂടുതലായി ഉള്ളത്. കയ്പ്പില്ലാത്ത കപ്പയിൽ കിലോയിൽ 20 മില്ലിഗ്രാം സയനൈഡ് ഉള്ളപ്പോൾ കയ്പ്പുള്ള കപ്പയിൽ കിലോയിൽ 1000 മില്ലിഗ്രാം വരെ സയനൈഡ് ഉണ്ടാകും. വരൾച്ചക്കാലത്ത് ഈ വിഷാംശങ്ങളുടെ അളവ് കൂടുതലാകുന്നു.
advertisement
ഒരു എലിയെ കൊല്ലാൻ കപ്പയിൽ നിന്നും എടുത്ത ശുദ്ധമായ 25 മില്ലിഗ്രാം സയാനോജീനിക് ഗ്ലൂക്കോസൈട് മതിയാകും. 500–600കിലോ ഭാരമുള്ള ഒരു പശുവിന് മരണകാരണമാകാന്‍ വെറും 300–400 മില്ലിഗ്രാം സയനൈഡ് മതി.
പാചക രീതിയിലെ പിഴവ് മൂലം മിച്ചം വരുന്ന സയനൈഡ് അംശം മൂലം താത്കാലികമായ സയനൈഡ് ലഹരി, ഗോയിറ്റർ, നാഡീരോഗമായ അടാക്സിയ, പാൻക്രിയാസ് വീക്കം എന്നിവ ഉണ്ടാകാം.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thodupuzha,Idukki,Kerala
First Published :
January 02, 2024 8:53 AM IST