ചന്ദ്രയാന്‍-3 മുതല്‍ ജി 20 ഉച്ചകോടി വരെ: 2023ല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യ തിളങ്ങിയ നിമിഷങ്ങള്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2023 ലോകത്തിന് മുന്നില്‍ അഭിമാനിക്കാന്‍ ഏറെ നിമിഷങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ്
2023-ന് വിട ചൊല്ലാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2023 ലോകത്തിന് മുന്നില്‍ അഭിമാനിക്കാന്‍ ഏറെ നിമിഷങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ ആദ്യ രാജ്യമെന്ന നേട്ടം മാത്രമല്ല പാര്‍ലമെന്റില്‍ വനിതാ സംവരണബില്‍ പാസാക്കിയെന്ന ചരിത്രനേട്ടം കൂടി ഇന്ത്യ സ്വന്തമാക്കി. ഐസിസി പുരുഷ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ കോടിക്കണക്കിന് ആരാധകരെ നിരാശരാക്കി ഇന്ത്യ ഫൈനലില്‍ തോറ്റെങ്കിലും വേള്‍ഡ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഒളിംപ്യന്‍ നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ നേടുകയുണ്ടായി.
ചന്ദ്രയാന്‍-3
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ ആദ്യ രാജ്യമെന്ന ഖ്യാതിയാണ് ഈ വര്‍ഷം ഇന്ത്യ സ്വന്തമാക്കിയ സുപ്രധാന നേട്ടം. ഭൂമിയുടെ ഒരോയൊരു ഉപഗ്രഹത്തില്‍ സുരക്ഷിതമായി റോബോട്ടിക് പര്യവേഷണം വിജകരമായി പൂര്‍ത്തിയാക്കിയ ലോകത്തിലെ നാലാമത്തെ രാജ്യമെന്ന നേട്ടവും ഇതിനൊപ്പം ഇന്ത്യ നേടി. യുഎസ്, ചൈന, സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ മേധാവി എസ് സോമനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സുവര്‍ണനേട്ടത്തിന് ചുക്കാന്‍ പിടിച്ചത്. ഇന്ത്യ പുതിയ ചരിത്രം സൃഷ്ടിച്ചതായി ചന്ദ്രയാന്‍ ദൗത്യം വിജയകരമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
advertisement
ജി20 ഉച്ചകോടി
2023 സെപ്റ്റംബറിലാണ് ഇന്ത്യയുടെ നേതൃത്വത്തില്‍ ജി20 സമ്മേളനം നടന്നത്. ഇന്ത്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം വന്‍ വിജയമായിരുന്നു. യുഎസ് പ്രസിഡന്റ് ജോബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി ലോകനേതാക്കളെല്ലാം ഉച്ചകോടിയുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു.
ജി20 ഗ്രൂപ്പില്‍ ആഫ്രിക്കന്‍ യൂണിയനെക്കൂടി ചേര്‍ക്കാൻ ഇന്ത്യ മുൻകൈ എടുത്തു. ഇതോടെ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി ഇന്ത്യ മാറി. യൂറോപ്യന്‍ യൂണിയന് (EU) ശേഷം G20 ബ്ലോക്കില്‍ സ്ഥിരാംഗമാകുന്ന രണ്ടാമത്തെ കൂട്ടായ്മയാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ 55 അംഗ സംഘം. ഉച്ചകോടിക്കിടെ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് മെഗാ സാമ്പത്തിക ഇടനാഴിയും പ്രഖ്യാപിച്ചു.
advertisement
വനിതാ സംവരണ ബില്‍
സെപ്തംബറില്‍, സംസ്ഥാന നിയമസഭകളിലെയും ലോക്‌സഭയിലെയും ആകെ സീറ്റുകളുടെ മൂന്നിലൊന്നില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്ന ബില്‍ ലോക്‌സഭ പാസാക്കി. നാരി ശക്തി വന്ദന്‍ അധീനിയം എന്ന് അറിയപ്പെടുന്ന ഈ നിയമനിര്‍മ്മാണം രാഷ്ട്രീയ രംഗത്തേക്ക് ലിംഗസമത്വം കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതാണ്. രാഷ്ട്രപതി ദ്രൗപതി മുര്‍മു പിന്നീട് അംഗീകാരം നല്‍കിയതോടെ രാജ്യസഭയും ബില്‍ ഏകകണ്ഠമായി പാസാക്കി. അടുത്ത സെന്‍സസിനും തുടര്‍ന്നുള്ള അതിര്‍ത്തി നിര്‍ണയത്തിനും ശേഷം നിയമം പ്രാബല്യത്തില്‍ വരും. ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിന് ശേഷമായിരിക്കും ഏതൊക്കെ സീറ്റുകളാണ് വനിതകള്‍ക്ക് സംവരണം ചെയ്യേണ്ടതെന്ന് തീരുമാനിക്കുക.
advertisement
ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം
നവംബറില്‍ ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ നടന്ന രക്ഷാ പ്രവര്‍ത്തനമാണ് ലോകം ഇന്ത്യയിലേയ്ക്ക് ഉറ്റു നോക്കിയ മറ്റൊരു സംഭവം. സില്‍ക്യാര തുരങ്കത്തിന്റെ നിര്‍മാണത്തിനിടെ ഒരുഭാഗം ഇടിഞ്ഞുവീണ് 41 തൊഴിലാളികളാണ് കുടുങ്ങിയത്. 17 ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ശേഷം 41 പേരെയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തവര്‍ക്ക് കഴിഞ്ഞു.
പുതിയ പാര്‍ലമെന്റ് കെട്ടിടം
മേയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്വാശ്രയ ഇന്ത്യയുടെ തെളിവ് എന്നാണ് ഈ നേട്ടത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ''ഇത് വെറുമൊരു കെട്ടിടമല്ല. മറിച്ച് 1.4 ബില്ല്യണ്‍ ഇന്ത്യക്കാരുടെ സ്വപ്‌നമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷേത്രമാണിത്. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ സന്ദേശമാണ് ഇത് ലോകത്തിന് നല്‍കുന്നത്,'' അദ്ദേഹം പറഞ്ഞു.
advertisement
ഓസ്‌കറില്‍ തിളങ്ങി ഇന്ത്യ
95-ാം ഓസ്‌കര്‍ പുരസ്‌കാര വേളയിലും ഇന്ത്യ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഓറിജനല്‍ ഗാനത്തിനുള്ള പുരസ്‌കാരം നേടി. കാര്‍ത്തിക്കി ഗോണ്‍സ്ലേവ്‌സിന്റെ ഡോക്യുമെന്ററിയായ ദ എലഫന്റ് വിസ്‌പേഴ്‌സും മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടി. ഈ രണ്ട് പുരസ്‌കാരങ്ങളും ഇന്ത്യയിലേക്ക് എത്തുന്നത് ആദ്യമാണ്.
വിജയഗാഥ തുടര്‍ന്ന് നീരജ് ചോപ്ര
ഓഗസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ആദ്യ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ താരമായി നീരജ് ചോപ്ര മാറി. പാകിസ്താന്റെ അര്‍ഷാദ് നദീമിനെ മറികടന്ന് പുരുഷന്മാരുടെ ജാവ്‌ലിനില്‍ നീരജ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കി ഇന്ത്യക്കാരുടെ അഭിമാനം വാനോളമുയര്‍ത്തി. 88.17 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ഈ നേട്ടം കരസ്ഥമാക്കിയത്. ഡമണ്ട് ലീഗിലും നീരജ് ഫൈനലില്‍ കടന്ന് ചരിത്രം സൃഷ്ടിച്ചു.
advertisement
വനിതകളുടെ അണ്ടര്‍ 19 ടി20 ലോകകപ്പ്
ജനുവരിയില്‍ നടന്ന വനിതകളുടെ അണ്ടര്‍ 19 ടി20 ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടമണിഞ്ഞു. രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ് ഇന്ത്യയുടെ വനിതാതാരങ്ങള്‍ സ്വന്തമാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഏഷ്യന്‍ ഗെയിംസ്
ഏഷ്യന്‍ ഗെയിംസില്‍ 100 ല്‍ പരം മെഡലുകള്‍ നേടി ഇന്ത്യ 2023-ല്‍ പുതു ചരിത്രം രചിച്ചു. 28 സ്വര്‍ണം, 38 വെള്ളി, 41 വെങ്കലമെഡലുകള്‍ എന്നിങ്ങനെ കരസ്ഥമാക്കിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
advertisement
ലോകത്തിലെ ഏറ്റവും നീളമേറിയ റിവര്‍ ക്രൂയിസ്
ലോകത്തിലെ ഏറ്റവും നീളമേറിയ റിവര്‍ ക്രൂയിസ് എംവി ഗംഗ വിലാസ് ജനുവരിയില്‍ ഇന്ത്യ നീറ്റിലിറക്കി. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കപ്പല്‍ ഉദ്ഘാടനം ചെയ്തത്. തദ്ദേശീയമായി നിര്‍മിച്ച ഈ ആഢംബര കപ്പലില്‍ 3 ഡെക്കുകളും 18 സ്യൂട്ടുകളുമുണ്ട്. 36 പേർക്ക് സഞ്ചരിക്കാവുന്ന ഈ ആഡംബര കപ്പലിൽ ഒരാളുടെ ചെലന് 20 ലക്ഷം രൂപയാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 15, 2023 7:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ചന്ദ്രയാന്‍-3 മുതല്‍ ജി 20 ഉച്ചകോടി വരെ: 2023ല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യ തിളങ്ങിയ നിമിഷങ്ങള്‍