G20: ഇന്ത്യ അംഗമായ അന്താരാഷ്ട്ര സംഘടനകളും കൂട്ടായ്മകളും ഏതൊക്കെ?

Last Updated:

ജി20, എസ് സിഒ പോലുള്ള ഒട്ടേറെ പ്രമുഖ അന്താരാഷ്ട്ര കൂട്ടായ്മകളില്‍ ഇന്ത്യ അംഗമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം

18-ാമത് ജി20 ഉച്ചകോടിക്ക് ഈ മാസം ഇന്ത്യ ആതിഥ്യമരുളുകയാണ്. ആഗോള സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ലോകത്തിലെ വലിയ സാമ്പത്തിക ശക്തികള്‍ ഒന്നിച്ചു ചേരുന്ന സമ്മേളനമാണിത്. ഡല്‍ഹിയില്‍ വെച്ചു നടക്കുന്ന ഈ വര്‍ഷത്തെ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെയും അന്താരാഷ്ട്ര സംഘടനകളിലെയും 40-തോളം തലവന്മാര്‍ പങ്കെടുക്കും. ജി20-യുടെ ഇതുവരെയുള്ള സമ്മേളനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന യോഗമാണിതെന്ന പ്രത്യേകതയുമുണ്ട്.
ജി20 സമ്മേളനത്തിനായി ഡല്‍ഹിയില്‍ ഒരുക്കങ്ങള്‍ നടക്കുകയാണ്. കലാപരിപാടികള്‍ തുടങ്ങി സുരക്ഷാ ക്രമീകരണങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ ഇതില്‍ പെടുന്നു.
ജി20 സമ്മേളനത്തിന് പുറമെ, ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനിലും(എസ്‌സിഒ) ഇന്ത്യ അധ്യക്ഷപദം വഹിക്കുന്നുണ്ട്. ചൈന, റഷ്യ, പാകിസ്താന്‍ തുടങ്ങിയ എട്ട് രാജ്യങ്ങള്‍ അംഗമായ സംഘടനയാണിത്.
ജി20, എസ് സിഒ പോലുള്ള ഒട്ടേറെ പ്രമുഖ അന്താരാഷ്ട്ര കൂട്ടായ്മകളില്‍ ഇന്ത്യ അംഗമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
advertisement
ലോകബാങ്ക്
സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് തന്നെ ഇന്ത്യ ലോകബാങ്കുമായി സഹകരിച്ച് തുടങ്ങിയിരുന്നു. 1945-ല്‍ ലോകബാങ്കിന്റെ സ്ഥാപക രാജ്യങ്ങളിലൊന്നുകൂടിയാണ് ഇന്ത്യ. ലോകബാങ്കില്‍ നിന്ന് 34 മില്ല്യണ്‍ ഡോളറിന്റെ വായ്പ നേടിയ ആദ്യ ഏഷ്യന്‍ രാജ്യം കൂടിയാണ് ഇന്ത്യ. റെയില്‍വെ പദ്ധതിക്ക് വേണ്ടിയാണ് ഈ തുക പ്രയോജനപ്പെടുത്തിയത്. ലോകബാങ്ക് ഗ്രൂപ്പിന്റെ അഞ്ച് ഘടകങ്ങളില്‍ നാലിലും ഇന്ത്യ അംഗമാണ്. ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്(ഐബിആര്‍ഡി), ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് അസോസിയേഷന്‍(ഐഡിഎ), ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍(ഐഎഫ്‌സി), മള്‍ട്ടിലാറ്ററല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്യാരന്റി ഏജന്‍സി(എംഐജിഎ) എന്നിവയാണവ. ഐബിആര്‍ഡി, ഐഡിഎ, ഐഎഫ്‌സി എന്നിവയുടെ സ്ഥാപക അംഗം കൂടിയാണ് ഇന്ത്യ. ലോകബാങ്കിന്റെ മറ്റൊരുഘടകമായ ഐസിഎസ്‌ഐഡിയില്‍ ഇന്ത്യ ഇതുവരെ അംഗമായിട്ടില്ല.
advertisement
അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)
1945-ല്‍ അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) സ്ഥാപക അംഗങ്ങളിലൊന്നാണ് ഇന്ത്യ. അംഗരാജ്യമെന്നതിന് പുറമെ, അഞ്ചാമത്തെ വലിയ ഓഹരി പങ്കാളി കൂടിയാണ് ഇന്ത്യ. 1944-ല്‍ യുഎസിലെ ന്യൂ ഹാംപസ്ഫിയറിലെ ബ്രെട്ടണ്‍ വുഡ്‌സില്‍ 44 രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തിലാണ് ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും പിറവി. നിലവില്‍ ഐഎംഎഫില്‍ 190 അംഗങ്ങള്‍ ഉണ്ട്. അന്താരാഷ്ട്രതലത്തിലെ സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎംഎഫ് രൂപവത്കരിച്ചത്. കൂടാതെ, അന്താരാഷ്ട്ര വ്യാപാരത്തില്‍ സുസ്ഥിരമായ വളര്‍ച്ച ഉറപ്പുവരുത്തുക, കറന്‍സികളുടെ വിനിമയ സ്ഥിരത പ്രോത്സാഹിപ്പിക്കുക, പണമിടപാടുകളുടെ ഒരു ബഹുമുഖ സംവിധാനം സ്ഥാപിക്കാന്‍ സഹായിക്കുക എന്നിവയെല്ലാം ഐഎംഎഫിന്റെ ലക്ഷ്യങ്ങളാണ്. അംഗരാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ തടയുന്നതിനോ ലഘൂകരിക്കുന്നതിനോ വായ്പ നല്‍കുക എന്നതാണ് ഇതിന്റെ സുപ്രധാന ലക്ഷ്യം. അംഗരാജ്യങ്ങളില്‍ നിന്നുള്ള വിഹിതത്തിലൂടെയും സബ്‌സ്‌ക്രിപ്ഷനുകളിലൂടെയും ഐഎംഎഫിന് പണം ലഭിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലുപ്പമനുസരിച്ചാണ് സംഭാവന നിര്‍ണയിക്കുന്നത്. യുഎസ് ആണ് ഇതിലെ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യം.
advertisement
ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ)
ചൈനയിലെ ഷാങ്ഹായില്‍ 2001-ലാണ് എസ് സിഒയ്ക്ക് സ്ഥാപിക്കപ്പെട്ടത്. ചൈന, കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളാണ് എസ് സിഒയ്ക്ക് രൂപം നല്‍കിയത്. 1996 ഏപ്രില്‍ 6-ന് രൂപം കൊടുത്ത ഷാങ്ഹായ് ഫൈവ് ഗ്രൂപ്പിന്റെ വിപുലീകരിച്ച രൂപമാണ് ഇത്. മധ്യേഷ്യയിലെ യുഎസിന്റെ സ്വാധീനത്തിന് തടയിടാനാണ് ഈ ഗ്രൂപ്പ് രൂപംകൊടുത്തതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2005 ജൂലൈയില്‍ ഇന്ത്യക്ക് നിരീക്ഷണ പദവി ലഭിച്ചു. 2017 ജൂണ്‍ 9-ന് ഇന്ത്യയും പാകിസ്താനും എസ് സിഒയില്‍ മുഴുവന്‍ സമയ അംഗമായി. ഈ വര്‍ഷം എസ് സിഒ യുടെ വിര്‍ച്വല്‍ സമ്മേളനത്തിന് ഇന്ത്യ വേദയായി. നിലവില്‍ ഒന്‍പത് രാജ്യങ്ങളാണ് ഇതില്‍ അംഗമായിട്ടുള്ളത്.
advertisement
ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്
1966-ലാണ് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) സ്ഥാപിക്കപ്പെട്ടത്,. ബാങ്കിന്റെ സ്ഥാപക അംഗങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ. ബാങ്കിലെ നാലാമത്തെ വലിയ ഓഹരിപങ്കാളികൂടിയാണ് ഇന്ത്യ. നയസംഭാഷണം, വായ്പകള്‍, ഓഹരി നിക്ഷേപം, ഗ്രാന്റുകള്‍, സാങ്കേതിക സഹായം എന്നിവ നല്‍കുന്നതിന് അംഗരാജ്യങ്ങളെ സഹായിക്കുകയാണ് എഡിബിയുടെ ലക്ഷ്യം.
ഫിലിപ്പൈന്‍സിലെ മനിലയിലാണ് എഡിബിയുടെ ആസ്ഥാനം. എഡിബിയില്‍ ഇന്ത്യക്ക് 6.31 ശതമാനമാണ് ഓഹരി പങ്കാളിത്തമുള്ളത്. 5.34 ശതമാനം വോട്ടിങ് അവകാശവുമാണ്. ജപ്പാനും യുഎസുമാണ് എഡിബിയിലെ ഏറ്റവും വലിയ ഓഹരി പങ്കാളികള്‍. ചൈനയും ഇന്ത്യയുമാണ് തൊട്ട് പിന്നിലുള്ളത്.
advertisement
വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുടിഒ)
അന്താരാഷ്ട്ര വ്യാപാരം, വാണിജ്യം എന്നിവ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്രതലത്തിലുള്ള കൂട്ടായ്മയാണ് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍. 1995 ജനുവരിയിലാണ് ഇന്ത്യ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ അംഗമായത്., ഡബ്ല്യുഡിഒയുടെ മുന്‍ഗാമിയായ ജനറല്‍ അഗ്രിമെന്റ് ഓണ്‍ താരിഫ് ആന്‍ഡ് ട്രേഡില്‍ 1948 ജൂലൈ മുതല്‍ ഇന്ത്യ അംഗമാണ്. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെ 164 അംഗങ്ങളാണ് ഡബ്ല്യുടിഒയില്‍ ഉള്ളത്. ഇത് കൂടാത, 23 രാജ്യങ്ങള്‍ നിരീക്ഷക രാജ്യങ്ങളായും പ്രവര്‍ത്തിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര നിയമങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏക അന്താരാഷ്ട്ര സംഘടനയാണ് ഡബ്ല്യൂടിഒ.
advertisement
ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് ബാങ്ക്
1964-ല്‍ സ്ഥാപിതമായ ഒരു ബഹുമുഖ വികസന ധനകാര്യ സ്ഥാപനമാണ്ആഫ്രിക്കല്‍ ഡെവലപ്‌മെന്റ് ബാങ്ക്(എഎഫ്ഡിബി). ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹിക വളര്‍ച്ചയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.1982-ലാണ് ഇന്ത്യ ഈ കൂട്ടായ്മയുടെ ഭാഗമാകുന്നത്. 24 അംഗ പ്രാദേശിക ഇതര അംഗരാജ്യങ്ങളില്‍ ഇന്ത്യ സുപ്രധാന അംഗമാണ്. നിലവില്‍ ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ 81 അംഗങ്ങളുണ്ട്.
ബ്രിക്‌സ്
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ സാമ്പത്തിക രാജ്യങ്ങള്‍ ചേര്‍ന്ന് 2009 ജൂണ്‍ 16-ന് രൂപം നല്‍കിയ കൂട്ടായ്മയാണ് ബ്രിക്‌സ്. ജൊഹന്നാസ്‌ബെര്‍ഗിലാണ് ഏറ്റവും ഒടുവില്‍ ബ്രിക്‌സ് സമ്മേളനം നടന്നത്. അര്‍ജന്റീന, ഈജിപ്ത്, ഇറാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ലോകജനസംഖ്യയുടെ 26 ശതമാനവും ബ്രിക്‌സിലെ അഞ്ച് രാജ്യങ്ങളിലാണ് ഉള്‍പ്പെടുന്നത്. പുതിയ ആറ് രാജ്യങ്ങളും കൂടി ചേരുന്നതോടെ ബ്രിക്‌സിന്റെ ജിഡിപി പങ്കാളിത്തം 30 ശതമാനത്തില്‍ നിന്ന് 46 ശതമാനമാകും.
ജി-20
‌‌ജി 20 എന്നത് ലോകത്തിലെ പ്രധാന വികസിതവും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുടെ വാർഷിക യോഗമാണ്. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളാണ് ജി 20 ഉച്ചകോടിയിലെ അംഗങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Explained/
G20: ഇന്ത്യ അംഗമായ അന്താരാഷ്ട്ര സംഘടനകളും കൂട്ടായ്മകളും ഏതൊക്കെ?
Next Article
advertisement
MVD| മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
MVD പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
  • അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

  • 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ആളുകൾ കുറവായിരുന്നു.

  • മന്ത്രിയുടെ ക്ഷോഭം കാരണം പരിപാടി റദ്ദാക്കി.

View All
advertisement