ആന്ധ്രയുടെ ആശയക്കുഴപ്പം; തലസ്ഥാനമായി വിശാഖപട്ടണത്തേക്ക് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എത്തിയതെങ്ങനെ?
- Published by:Anuraj GR
- news18-malayalam
Last Updated:
വിശാഖപട്ടണം തലസ്ഥാനമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മനസിൽ ഇപ്പോഴും വിശാഖപട്ടണം-അമരാവതി-കുർണൂൽ എന്ന ത്രൈ-തലസ്ഥാന പദ്ധതിയുണ്ടെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്
വിശാഖപട്ടണം: ഏറെ കാലത്തെ അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനുമൊടുവിലാണ് ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം വിശാഖപട്ടണമാകുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചിരിക്കുന്നത്. “വരാനിരിക്കുന്ന ദിവസങ്ങളിൽ ഞങ്ങളുടെ തലസ്ഥാനമാകാൻ പോകുന്ന വിശാഖപട്ടണത്തിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്. താമസിയാതെ ഞാനും വിശാഖപട്ടണത്തേക്ക് മാറും,” പ്രഖ്യാപനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
മൂന്ന് തലസ്ഥാനങ്ങളെന്ന ആശയം 2015ലാണ് ജഗൻ മോഹൻ റെഡ്ഡി സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ അതിനായി നിയമം ഉണ്ടാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതോടെ തലസ്ഥാന കാര്യത്തിൽ സർക്കാരും പ്രതിസന്ധിയിലായി. ഇപ്പോൾ വിശാഖപട്ടണം തലസ്ഥാനമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മനസിൽ ഇപ്പോഴും വിശാഖപട്ടണം-അമരാവതി-കുർണൂൽ എന്ന ത്രൈ-തലസ്ഥാന പദ്ധതിയുണ്ടെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്.
നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ ആന്ധ്രയിലെ വൈഎസ്ആർസിപി സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്. വിശാഖപട്ടണത്തെക്കുറിച്ചുള്ള അവകാശവാദം റെഡ്ഡി ഉന്നയിച്ചത്, അവിടെ നടക്കുന്ന ഒരു നിക്ഷേപ കൺവെൻഷനെ പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ തീരദേശ നഗരത്തെ ഭരണനിർവ്വഹണ തലസ്ഥാനമെന്ന നിലയിൽ തന്നെയാണ്.
advertisement
എന്താണ് ആന്ധ്രയിലെ മൂന്ന് തലസ്ഥാന കേസ്?
ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ 2015-ൽ അമരാവതിയെ സംസ്ഥാനത്തിന്റെ തലസ്ഥാനമായി വികസിപ്പിക്കുന്നതിനായി കർഷകരിൽ നിന്ന് 33,000 ഏക്കറിലധികം ഭൂമി ഏറ്റെടുത്തു.
എന്നാൽ 2019ൽ ജഗൻ മോഹൻ റെഡ്ഡി അധികാരമേറ്റതിന് ശേഷം മൂന്ന് തലസ്ഥാനങ്ങൾ വേണമെന്നായിരുന്നു അന്നത്തെ സംസ്ഥാന സർക്കാരിന്റെ ആവശ്യം.
വിശാഖപട്ടണം – ഭരണനിർവ്വഹണ തലസ്ഥാനം
അമരാവതി-നിയമനിർമ്മാണ തലസ്ഥാനം
കുർണൂൽ-നീതിന്യായ തലസ്ഥാനം
ഇതിനായി അധികാര വികേന്ദ്രീകരണമെന്ന ലക്ഷ്യം മുൻനിർത്തി മൂന്ന തലസ്ഥാനങ്ങൾ രൂപീകരിക്കാൻ ജഗൻ മോഹൻ റെഡ്ഡി സർക്കാർ നിയമസഭയിൽ ഒരു നിയമം പാസാക്കുകയും ചെയ്തു. എന്നാൽ പഴുതുകൾ പരിഹരിച്ച് സമഗ്രവും സമ്പൂർണ്ണവും മികച്ചതുമായ ബിൽ സർക്കാർ പുതിയതായി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ജഗൻ നിയമസഭയിൽ പറഞ്ഞിരുന്നു.
advertisement
എന്തുകൊണ്ട് മൂന്ന് തലസ്ഥാനങ്ങൾ?
പടിഞ്ഞാറൻ ഗോദാവരി മുതൽ നെല്ലൂർ വരെയുള്ള തീരപ്രദേശങ്ങൾ, വലിയ വികസനം എത്താത്ത രായലസീമ മേഖല, വടക്കൻ തീരദേശ ജില്ലകൾ എന്നിവിടങ്ങളിലെല്ലാം വലിയതോതിലുള്ള പുരോഗതി വൈഎസ്ആർ കോൺഗ്രസ് സർക്കാർ ലക്ഷ്യമിടുന്നുവെന്നും ഇതിനായി മൂന്ന് തലസ്ഥാനങ്ങൾ സ്ഥാപിച്ച് ഭരണം വികേന്ദ്രീകരിക്കാനാണ് സർക്കാരിന്‍റെ പദ്ധതിയെന്നും ദി ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വിഷയത്തിൽ ഒടുവിൽ എന്താണ് സംഭവിച്ചത്?
കഴിഞ്ഞ വർഷം മാർച്ചിൽ, ആന്ധ്രാപ്രദേശ് ഹൈക്കോടതി മൂന്ന് തലസ്ഥാനങ്ങൾ സ്ഥാപിക്കാനുള്ള സർക്കാരിന്‍റെ നീക്കത്തിനെതിരെ വിധി പുറപ്പെടുവിക്കുകയും അമരാവതിയെ സംസ്ഥാന തലസ്ഥാനമായി വികസിപ്പിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു. 2022 മാർച്ച് മൂന്നിലെ കോടതി വിധിയിൽ, തലസ്ഥാനം മാറ്റുന്നതിനോ വിഭജിക്കുന്നതിനോ മൂന്നായി വിഭജിക്കുന്നതിനോ എന്തെങ്കിലും നിയമനിർമ്മാണം നടത്താൻ സംസ്ഥാന നിയമസഭയ്ക്ക് കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
advertisement
എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി.
അതിനിടെ അമരാവതിയുടെ വികസനത്തിനും ഹൈക്കോടതി സമയക്രമം നിശ്ചയിച്ചു. സുപ്രീം കോടതിയിൽ കേസ് നടക്കുന്നുണ്ടെങ്കിലും മൂന്ന് തലസ്ഥാന വിഷയത്തിൽ സർക്കാർ പുതിയ ബിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിയുൾപ്പടെ വിവിധ മന്ത്രിമാർ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു
അമരാവതിയുടെ പ്രശ്നം എന്താണ്?
ഭൂമി കുംഭകോണം ആരോപിക്കപ്പെട്ട സ്ഥലമാണ് അമരാവതി. തലസ്ഥാനമായി അമരാവതിയെ വികസിപ്പിക്കാനായി ചന്ദ്രബാബു നായിഡു സർക്കാർ കർഷകരിൽനിന്ന് ഭൂമി ഏറ്റെടുത്തതിൽ വൻ ക്രമക്കേട് നടന്നുവെന്നാണ് വൈഎസ്ആർസിപി ആരോപിക്കുന്നത്. ഈ വിഷയത്തിൽ ചന്ദ്രബാബു നായിഡുവിനെതിരെ ജഗൻ മോഹന്‍റെ പാർട്ടി മുമ്പ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
advertisement
Also Read- വിശാഖപട്ടണം ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി
പുതിയ തലസ്ഥാനം സ്ഥാപിക്കുമെന്ന് മുൻകൂട്ടി അറിഞ്ഞ ചിലർ ഭാവിയിലെ സാമ്പത്തിക കുതിച്ചുചാട്ടം പ്രതീക്ഷിച്ച് അമരാവതിയിലും സമീപപ്രദേശങ്ങളിലും വസ്തുവകകൾ വാങ്ങിക്കൂട്ടിയതായാണ് തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ ജഗൻ മോഹന്‍റെ പാർട്ടി ആരോപിച്ചത്. 2014ൽ ഇത്തരത്തിൽ 4000 ഏക്കറിലധികം സ്ഥലം പലരും വാങ്ങിക്കൂട്ടിയതായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ തന്‍റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്നും വൈഎസ്ആർസിപി സർക്കാർ പുതിയ തലസ്ഥാനം സ്ഥാപിക്കുന്നതിനായി കർഷകരിൽ നിന്ന് ആദ്യം വാങ്ങിയ ഭൂമി വിൽക്കുന്നത് എന്തുകൊണ്ടാണെന്നും എൻ ചന്ദ്രബാബു നായിഡു ചോദിച്ചിരുന്നു. അമരാവതിയിൽ സർക്കാർ ജീവനക്കാർക്കായി നിർമ്മിച്ച റെസിഡൻഷ്യൽ ടവറുകൾ സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകാനുള്ള ആന്ധ്രാപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ തീരുമാനത്തെ പ്രതിപക്ഷ നേതാവ് കുറച്ച് മാസങ്ങൾക്ക് മുമ്പ് നിശിതമായി വിമർശിച്ചിരുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Visakhapatnam,Visakhapatnam,Andhra Pradesh
First Published :
January 31, 2023 7:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ആന്ധ്രയുടെ ആശയക്കുഴപ്പം; തലസ്ഥാനമായി വിശാഖപട്ടണത്തേക്ക് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എത്തിയതെങ്ങനെ?