‘സോറി’ എന്നത് പലർക്കും പറയാൻ ബുദ്ധിമുട്ടുള്ളൊരു വാക്കാണ്. ഇപ്പോൾ നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന അടിമ വ്യാപാരത്തിലും ചൂഷണങ്ങളിലും രാജ്യം വഹിച്ച പങ്ക് തുറന്നു പറഞ്ഞ് അതിന് മാപ്പപേക്ഷിച്ചിരിക്കുകയാണ് ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ. എന്നാൽ അതിന് പ്രതീക്ഷിച്ച സ്വീകാര്യത ഉണ്ടായില്ല എന്നാണ് വിവിധ പ്രതികരണങ്ങളിൽ നിന്നും മനസിലാകുന്നത്. മാപ്പു കൊണ്ടു മാത്രം കാര്യമുണ്ടോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
ഡച്ച് നാഷണല്‍ ആര്‍ക്കൈവ്സില്‍ ക്ഷണിക്കപ്പെട്ട സദസിനു മുൻപാകെയാണ് റുട്ടെ 20 മിനിറ്റ് നീണ്ടുനിന്ന പ്രസംഗം നടത്തിയത്. അടിമത്തത്തിലും അടിമവ്യാപാരത്തിലും രാജ്യത്തിന്റെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ ക്ഷമാപണത്തെക്കുറിച്ചും പ്രതികരിച്ച്, ആക്ടിവിസ്റ്റുകൾ രംഗത്തു വന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി മനസിലാക്കാം.
അടിമത്തത്തിൽ നെതർലാൻഡിന്റെ പങ്ക്
1500-കളുടെ അവസാനത്തിലാണ് ഡച്ചുകാർ അടിമവ്യാപാരത്തിൽ ഏർപ്പെട്ടത്. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള പോർച്ചുഗീസ് കോട്ടകളും വടക്കുകിഴക്കൻ ബ്രസീലിലെ തോട്ടങ്ങളും പിടിച്ചടക്കിയ ശേഷമായിരുന്നു അത്. 1634-ൽ, തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനായി ഡച്ച് വെസ്റ്റ് ഇന്ത്യ കമ്പനി ഘാനയിലെ ഗോൾഡ് കോസ്റ്റിൽ നിന്ന് ബ്രസീലിലേക്ക് 1,000 പേരെ എത്തിച്ചെന്നാണ് ദ ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നത്. അതേ വർഷം തന്നെ കരീബിയൻ ദ്വീപുകളിലും ഡച്ചുകാർ തങ്ങളുടെ കോളനി സ്ഥാപിച്ചു.
Also read- യുക്രൈയ്നിലെ യുദ്ധഭൂമിയിൽ റഷ്യയുടെ ഈ കലാകാരന്മാർ എന്തു ചെയ്യുകയാണ്
1770-കളിൽ ഹോളണ്ടിന്റെ ജിഡിപിയുടെ 10 ശതമാനവും അടിമവ്യാപാരത്തിൽ നിന്നും ലഭിച്ചതായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു. ഡച്ച് വെസ്റ്റ് ഇന്ത്യ കമ്പനി ഏറ്റവും വലിയ ട്രാൻസ്-അറ്റ്‍ലാന്റിക് അടിമവ്യാപാരം (trans-Atlantic slave trader) നടത്തുന്നവരായും മാറിയെന്ന് ഡച്ച് കൊളോണിയൽ ചരിത്രത്തിൽ വിദഗ്ധനും നെതർലാൻഡിലെ ലൈഡൻ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ കർവാൻ ഫതഹ്-ബ്ലാക്ക് പറയുന്നു.
ലക്ഷക്കണക്കിന് ആളുകളെ ഇവർ അടിമകളാക്കുകയും ഡച്ച് കോളനികളിലെ തോട്ടങ്ങളിൽ ജോലി ചെയ്യാൻ ഇവർ നിർബന്ധിതരാവുകയും ചെയ്തു. നെതർലാൻഡ്സ് ഏകദേശം 600,000 ആളുകളെ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ കടത്തിവിട്ടെന്ന് ന്യൂയോർക്ക് ടൈംസിലെ റിപ്പോർട്ട് പറയുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിൽ ഇന്തോനേഷ്യ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ സ്ഥലങ്ങളിലും അടിമക്കച്ചവടം നടന്നിരുന്നു.
17 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ ഒരു ദശലക്ഷത്തിലധികം പേർ അടിമകളായെന്നും ബ്രസീൽ, ഇന്തോനേഷ്യ, സുരിനാം തുടങ്ങിയ ഡച്ച് കോളനികൾ ഈ സ്ഥാപനത്തെ ആശ്രയിച്ചിരുന്നുവെന്നും ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഡച്ചുകാർ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി, അവരുടെ തോട്ടങ്ങളിൽ കൊണ്ടുപോയി പണിയെടുപ്പിച്ച് പഞ്ചസാരയും കാപ്പിയും മറ്റ് വിളകളുമെല്ലാം ഉത്പാദിപ്പിച്ചു.
1400-കളിൽ കത്തോലിക്കാ സഭയുടെ സഹായത്തോടെ പശ്ചിമാഫ്രിക്കയിൽ അടിമകളെ വാങ്ങിയ ആദ്യത്തെ യൂറോപ്യൻ രാജ്യമായി പോർച്ചുഗൽ മാറിയിരുന്നു. അതിനുശേഷം സ്പെയിനും അതാവർത്തിച്ചു. 1807-ൽ അടിമക്കച്ചവടം നിരോധിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൻ.
അടിമത്തം നിരോധിച്ച അവസാന രാജ്യങ്ങളിലൊന്ന് നെതർലൻഡ് ആണ്. പല രാജ്യങ്ങളെയും പോലെ, നെതർലാൻഡ്‌സും അതിന്റെ കൊളോണിയൽ ഭൂതകാലത്തെക്കുറിച്ച് അധികം സംസാരിച്ചിരുന്നില്ല. 2006-ലാണ് സ്കൂൾ കരിക്കുലത്തിൽ ഡച്ച് അടിമത്തത്തെക്കുറിച്ചുള്ള പാഠഭാഗം പോലും പ്രത്യക്ഷപ്പെട്ടത്.
റുട്ടെയുടെ ക്ഷമാപണം
”അടിമകളാക്കപ്പെട്ടവരോടും അവരുടെ കുടുംബത്തോടും മക്കളോടും ചെയ്ത നീചവും ക്രൂരവുമായ പ്രവർത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാൻ മാപ്പപേക്ഷിക്കുന്നു.”, എന്നാണ് ക്ഷമാപണം നടത്തിക്കൊണ്ട് മാര്‍ക് റൂട്ടെ പറഞ്ഞത്. ഭൂതകാലത്തെ തെറ്റ് മായ്ക്കാൻ കഴിയില്ല, അതിനെ ഇങ്ങനെ നേരിടാൻ മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
Also read- ഇമ്രാൻ ഖാന്റേതെന്ന പേരിൽ ‘ഫോൺ സെക്സ്’ ഓഡിയോ ക്ലിപ്പ് പുറത്ത്; പാകിസ്ഥാനിൽ വിവാദം
”നാം ജീവിക്കുന്നത് ഈ നൂറ്റാണ്ടിലാണ്. ഭൂതകാലത്തില്‍ ചെയ്ത പ്രവര്‍ത്തികളെ അപലപിക്കാന്‍ മാത്രമേ ഇന്ന് കഴിയുകയുള്ളൂ. മനുഷ്യരാശിയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ക്രൂരതയാണ് ഇത്. മാപ്പ് പറയാനെ നമുക്ക് ഇപ്പോള്‍ കഴിയുകയുള്ളൂ” എന്നും അദ്ദേഹം പറഞ്ഞു.
6,00,000-ത്തിലധികം ആഫ്രിക്കൻ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെപ്പോലെ പണി ചെയ്യിപ്പിച്ചത് സൂചിപ്പിച്ചു കൊണ്ട്, ചരിത്രം പലപ്പോഴും വൃത്തികെട്ടതും വേദനാജനകവും തികച്ചും ലജ്ജാകരവുമാണ് എന്നും റുട്ടെ പറഞ്ഞു. സർക്കാർ നിയോഗിച്ച ഉപദേശക സമിതി കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച റിപ്പോർട്ടിനോടുള്ള പ്രതികരണമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
അടിമത്ത നിരോധനത്തിന്റെ 160-ാം വാര്‍ഷികത്തില്‍ ഡച്ച് മന്ത്രിമാര്‍ പഴയ അടിമക്കോളനികളായിരുന്ന തെക്കേ അമേരിക്കയും കരീബിയയും സന്ദര്‍ശിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ മാപ്പ് പറച്ചില്‍.
ഡെച്ചുകാർ അടിമകളാക്കിയവരുടെ മക്കൾക്കോ കൊച്ചുമക്കൾക്കോ സർക്കാർ നഷ്ടപരിഹാരമൊന്നും നൽകുന്നില്ലെന്നും പ്രസംഗത്തിന് ശേഷം റുട്ടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പകരം, അടിമത്തത്തിൽ നെതർലന്‍ഡ് വഹിച്ച പങ്കിനെക്കുറിച്ച് രാജ്യത്തെ ജനങ്ങൾക്കിടയിൽ അവബോധം വളർത്തും. ഇതിനായി 212.8 മില്യൺ ഡോളര്‍ ചെലവിടാനാണ് സർക്കാരിന്റെ പദ്ധതി.
മറ്റ് ഖേദപ്രകടനങ്ങൾ
മുൻപ് ചാൾസ് മൂന്നാമൻ രാജാവും വെയിൽസ് രാജകുമാരനും അടിമക്കച്ചവടത്തിൽ ബ്രിട്ടന്റെ പങ്ക് സംബന്ധിച്ച് തങ്ങളുടെ വ്യക്തിപരമായ ദുഃഖം അറിയിച്ചിരുന്നു. 17-ാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ 19-ാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ തങ്ങൾ കോളനിവത്കരിച്ച ഘാനയോട് 2018-ൽ ഡെന്മാർക്ക് ക്ഷമാപണം നടത്തിയിരുന്നു.
ഇക്കഴിഞ്ഞ ജൂണിൽ ബെൽജിയത്തിലെ ഫിലിപ്പ് രാജാവ് കോംഗോയിൽ നടത്തിയ കോളനിവത്കരണത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ചിരുന്നു. 1992-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അടിമത്തത്തിൽ സഭയുടെ പങ്ക് തുറന്നു പറഞ്ഞ് ക്ഷമാപണം നടത്തി.
ആക്ടിവിസ്റ്റുകളുടെ പ്രതികരണം
ഇപ്പോൾ ഡച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ക്ഷമാപണം മാത്രം മതിയാവില്ലെന്നാണ് ചിലരുടെ അഭിപ്രായം. ”ഞാൻ പറയുന്നത് പണത്തെക്കുറിച്ചാണ്. ക്ഷമാപണം എന്നത് വെറും വാക്കുകളാണ്. ആ വാക്കുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഒന്നും നേടാൻ കഴിയില്ല”, പഴയ ഡച്ച് കോളനിയായിരുന്ന സുരിനാം സ്വദേശി വാൾഡോ കോൻഡ്ജ്ബിഹാരി പറഞ്ഞു.
അടുത്ത വര്‍ഷം ജൂലൈയില്‍ രാജ്യം അടിമത്തം നിരോധിച്ചതിന്റെ 160-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. അപ്പോൾ മാപ്പു പറയുന്നതാണ് നല്ലതെന്ന് ചില ആക്ടിവിസ്റ്റുകൾ അദ്ദേഹത്തെ ഉപദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ക്ഷമാപണവുമായി മുന്നോട്ട് പോയി. അടിമത്തം നിരോധിച്ചിട്ട് 150 വര്‍ഷമേ ആകുന്നുള്ളൂ എന്ന് നെതര്‍ലാന്റിലെ ചില ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. അടിമത്തം നിരോധിച്ചിട്ടും പിന്നെയും പത്തു വർഷത്തോളം രാജ്യം പലരെയും അടിമകളെ പോലെ കണ്ടിരുന്നുവെന്നും ആക്ടിവിസ്റ്റുകള്‍ പറയുന്നു.
ബ്ലാക്ക് ആർക്കൈവ്സ് എന്ന സംഘടനയുടെ ഡയറക്ടറും ആക്ടിവിസ്റ്റ് ഗ്രൂപ്പായ ബ്ലാക്ക് മാനിഫെസ്റ്റിലെ അംഗവുമായ മിച്ചൽ സാജാസ് പ്രധാനമന്ത്രിയുടെ മാപ്പപക്ഷക്കെതിരെ രംഗത്തു വന്നു. തങ്ങളോട് കൂടിയാലോചിക്കാതെയാണ് പ്രധാനമന്ത്രി ഇത്തരമൊരു നീക്കവുമായി മുന്നോട്ടു പോയതെന്ന് അദ്ദേഹം പറഞ്ഞു. ”മനോഹരമായ വാക്കുകളിൽ അദ്ദേഹം സംസാരിച്ചു. പക്ഷേ അടുത്തതായി സ്വീകരിക്കേണ്ട നടപടികൾ എന്താണെന്ന് വ്യക്തമല്ല”, അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപരിഹാരം നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെും രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരിൽ ചിലർ പറയുന്നു.
നെതർലൻഡ്‌സിലെ ആഫ്രിക്കൻ-കരീബിയൻ സമൂഹത്തിലെ ഏതാണ്ട് 70 ശതമാനം പേരും പ്രധാനമന്ത്രി നടത്തിയ ക്ഷമാപണത്തെ സ്വാഗതം ചെയ്തതായാണ് ബിബിസി നടത്തിയ സർവേയിൽ നിന്നും വ്യക്തമായത്. എന്നാൽ പകുതിയോളം ഡച്ചുകാരും ഒരു ‘മാപ്പു പറച്ചിൽ’ മാത്രം മതിയാകില്ല എന്ന നിലപാടിൽ ആണെന്നാണ് റിപ്പോർട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.