പാകിസ്ഥാനെ ഇളക്കിമറിച്ച് ഫോൺ സെക്സ് വിവാദം. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റേതെന്ന പേരിലാണ് ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരിക്കുന്നത്. ഒരു സ്ത്രീയുമായി സംസാരിക്കുന്ന ഫോൺ കോളിന്റെ ഓഡിയോ ക്ലിപ്പാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. പാകിസ്ഥാൻ മാധ്യമ പ്രവർത്തകനായ സയിദ് അലി ഹൈദറാണ് യൂ ട്യൂബിലൂടെ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്. ഇമ്രാൻ ഖാൻ ഒരു സ്ത്രീയുമായി ലൈംഗിക സംഭാഷണം നടത്തുന്നതാണ് ഓഡിയോയെന്നാണ് ആരോപണം. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വഴിയാണ് ഈ ഓഡിയോ ക്ലിപ്പ് പുറത്തായതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ‍്‍രീക് –ഇ- ഇൻസാഫ് (പിടിഐ) ആരോപണങ്ങൾ നിഷേധിച്ചു. ഇത് വ്യാജ ഓഡിയോ ക്ലിപ്പാണെന്നാണ് അവരുടെ വാദം. തങ്ങളുടെ നേതാവിനെ ലക്ഷ്യം വെച്ച് വ്യാജ ഓഡിയോ ക്ലിപ്പുകളും വീഡിയോ ക്ലിപ്പുകളും പുറത്ത് വിടാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പാർട്ടി ആരോപിച്ചു. “പിടിഐ ചെയർമാനെതിരെ വ്യാജ വീഡിയോകളും ഓഡിയോകളും പ്രചരിപ്പിക്കാനാണ് എതിരാളികളുടെ ശ്രമം. അതിലപ്പുറം അവർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല,” പിടിഐ നേതാവ് അർസ‍്‍ലൻ ഖാലിദ് പറഞ്ഞു.
Also Read- ചൈനയിൽ നാരങ്ങയ്ക്ക് വൻ ഡിമാൻഡ്; കോവിഡിനെ പ്രതിരോധിക്കാൻ വൈറ്റമിൻ സി കിട്ടാനെന്ന് സൂചന
“വ്യക്തിജീവിതത്തിൽ ഇമ്രാൻ ഖാന് എന്ത് വേണമെങ്കിലും ചെയ്യാം. അതിന് കുഴപ്പമൊന്നുമില്ല. എന്നാൽ മുസ്ലിം ലോകത്തിന് മുഴുവൻ മാതൃകയാക്കാവുന്ന നേതാവാണ് താനെന്ന പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കണം,” മാധ്യമപ്രവർത്തകനായ ഹംസ അസർ സലാം ട്വീറ്റ് ചെയ്തു. ഇതിന് മുമ്പും ഖാനെതിരെ ഓഡിയോ ക്ലിപ്പുകളും മറ്റും പുറത്ത് വന്നിരുന്നു. അദ്ദേഹം പ്രധാനമന്ത്രി പദം ഒഴിഞ്ഞതിന് ശേഷം പുറത്ത് വരുന്ന ഏറ്റവും പുതിയ ഓഡിയോ ക്ലിപ്പാണിത്.
ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇമ്രാന്‍ ഖാന് സമ്മാനമായി ലഭിച്ച റിസ്റ്റ് വാച്ചുകള്‍ വില്‍ക്കുന്നത് സംബന്ധിച്ചുള്ള സംഭാഷണമടങ്ങുന്ന ശബ്ദരേഖയാണ് പുറത്തായത്. പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ ലഭിച്ച സമ്മാനങ്ങള്‍ ഇമ്രാന്‍ ഖാന്‍ വിറ്റഴിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ഫോണ്‍ സംഭാഷണം പുറത്തുവന്നത്.
സൗദി കീരിടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നല്‍കിയ ലക്ഷക്കണക്കിന് ഡോളര്‍ വിലയുള്ള ആഡംബര വാച്ചുകള്‍ വിറ്റുവെന്ന ആരോപണമാണ് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എതിരെ ഉയര്‍ന്നത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ സമ്മാനമായി ലഭിച്ച വാച്ചുകളില്‍ നാലിലധികം വാച്ചുകള്‍ താന്‍ വിറ്റിരുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. പിടിഐയുടെയും പിഎംഎല്‍-എന്നിന്റെയും ചില അനൗദ്യോഗിക സംഭാഷണങ്ങളുടെ ഓഡിയോ റെക്കോര്‍ഡിംഗുകളും പുറത്ത് വന്നിരുന്നു.
Also read-അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല പ്രവേശനം വിലക്കി താലിബാന്; അപലപിച്ച് യുഎന്‍
നേരത്തെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണ് ഇമ്രാന്‍ ഖാന് അധികാരം നഷ്ടമായത്. സ്ഥാനം നഷ്ടമായതിന് പിന്നാലെ ഇമ്രാന്‍ ഖാനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ അന്വേഷണ ഏജന്‍സിയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടി രൂപ വിലമതിക്കുന്ന നെക്ലേസ് സര്‍ക്കാരിന് കൈമാറുന്നതിന് പകരം ഒരു ജ്വല്ലറിക്ക് മറിച്ചുവിറ്റുവെന്ന ആരോപണത്തെ തുടര്‍ന്നുള്ള കേസിലാണ് ഇമ്രാനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.