• HOME
 • »
 • NEWS
 • »
 • explained
 • »
 • ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2023ൽ ഒൻപത് സംസ്ഥാന തിരഞ്ഞെടുപ്പുകൾ; അരയും തലയും മുറുക്കി പാർട്ടികൾ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2023ൽ ഒൻപത് സംസ്ഥാന തിരഞ്ഞെടുപ്പുകൾ; അരയും തലയും മുറുക്കി പാർട്ടികൾ

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 9 സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ നോക്കാം

 • Share this:

  ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും അസംബ്ലി തെരഞ്ഞെടുപ്പുകൾക്ക് കൂടി സാക്ഷ്യം വഹിച്ച് 2022 അവസാനത്തോട് അടുക്കുകയാണ്. ഗുജറാത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയപ്പോൾ ഹിമാചൽ പ്രദേശിലെ വിജയം തങ്ങളുടെ പുനരുജ്ജീവനമായാണ് കോൺഗ്രസ് കണക്കാക്കുന്നത്.

  2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ബാക്കിനിൽക്കെ, ബിജെപിയും കോൺഗ്രസും മറ്റ് പ്രാദേശിക പാർട്ടികളും അരയും തലയും മുറുക്കി തയ്യാറെടുപ്പിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അടുത്ത വർഷം ഒൻപത് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

  ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, ത്രിപുര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പും സർക്കാർ അടുത്ത വർഷം നടത്താൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

  Also read- അർജന്റീനയുടെ ജഴ്സി നീലയും വെള്ളയുമായത് എങ്ങനെ?

  ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്ന സമ്മേളനങ്ങളോടെ പൊതുതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ബിജെപി തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കണ്ണുവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആവേശം പതിൻമടങ്ങ് വർധിപ്പിച്ചുകൊണ്ട് രണ്ട് നേതാക്കളും അടുത്തിടെ ഇവിടം സന്ദർശിക്കുകയും ചെയ്തിരുന്നു.

  തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബഹുജന സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസ്ഥാന ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളോട് തിരഞ്ഞെടുപ്പു പരിപാടികളുടെ വിശദമായ ഷെഡ്യൂളും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മനസിലാക്കാം.

  രാജസ്ഥാൻ

  രാജസ്ഥാനിലെ 200 അംഗ അസംബ്ലിയിൽ 100 ​​സീറ്റുകൾ നേടിയാണ് 2018ൽ ബിജെപിയെ പിന്നിലാക്കി കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്. 2013ൽ 163 സീറ്റുകളുയി വൻ ഭൂരിപക്ഷം നേടിയ ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തി. 2023ലും രാജസ്ഥാനിൽ പ്രധാനമായും ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കുക. 1990 മുതൽ ഇങ്ങോട്ട് ബിജെപിയും കോൺഗ്രസും മാറിമാറിയാണ് രാജസ്ഥാൻ ഭരിച്ചു വരുന്നത്.

  Also read- ഗോവ വിമോചിക്കപ്പെട്ടിട്ട് അറുപത്തിയൊന്നാം വർഷം; അറിയുമോ ഓപ്പറേഷന്‍ വിജയ്?

  മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത 2023 ലെ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കോൺഗ്രസിന് വെല്ലുവിളിയാകും. ഇരുവരും ഒരുമിച്ചാണ് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്തത്. ഞങ്ങൾ ഒറ്റക്കെട്ടാണെന്ന് ഇരു നേതാക്കളുടെയും കൈകളിൽ പിടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞിരുന്നു.

  ഛത്തീസ്ഗഡ്

  2018ൽ, സംസ്ഥാനത്തെ 90 അംഗ അസംബ്ലിയിൽ 68 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തി. 15 സീറ്റുകളിലേക്ക് ഒതുങ്ങിയ ബിജെപിയുടെ 15 വർഷത്തെ ഭരണത്തിനും അതോടെ അവസാനമായി. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസ് ഭാനുപ്രതാപൂർ നിയമസഭാ സീറ്റ് നിലനിർത്തി.

  മധ്യപ്രദേശ്

  2018-ൽ ബിജെപിയുടെ 15 വർഷത്തെ ഭരണത്തിന് വിരാമം കുറിച്ചാണ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. 230 അംഗ നിയമസഭയിൽ 114 സീറ്റുകൾ നേടിയ കോൺ​ഗ്രസ് സർക്കാർ രൂപീകരിച്ചു. പക്ഷേ, രണ്ട് വർഷത്തിന് ശേഷം, ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 കോൺഗ്രസ് എം‌എൽ‌എമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നു. ശിവരാജ് സിംഗ് ചൗഹാൻ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു.

  കർണാടക

  2018ൽ കർണാടകയിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു വന്നെങ്കിലും 224 സീറ്റുകളുള്ള നിയമസഭയിൽ ഭൂരിപക്ഷം നേടാനായിരുന്നില്ല. പിന്നീട് എച്ച്‌ഡി കുമാരസാമി മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിക്കാമെന്ന ധാരണയോടെ കോൺഗ്രസും ജനതാദളും (എസ്) സഖ്യമുണ്ടാക്കി.

  Also read- ഖത്തർ അമീർ മെസിയെ ‘ബിഷ്ത്’ അണിയിച്ചത് എന്തുകൊണ്ട്?

  14 മാസങ്ങൾക്ക് ശേഷം, പന്ത്രണ്ടോളം എം‌എൽ‌എമാർ രാജിവച്ചതോടെ കുമാരസ്വാമി സർക്കാർ തകർന്നു. 2019 ജൂലൈയിൽ ബിഎസ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. കഴിഞ്ഞ വർഷം ജൂലൈയിൽ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. പകരം ചുമതലയേറ്റത് ബസവരാജ് ബൊമ്മൈയാണ്.

  തെലങ്കാന

  തെലങ്കാനയിൽ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കെ ചന്ദ്രശേഖർ റാവു നേതൃത്വം നൽകുന്ന തെലങ്കാന രാഷ്ട്ര സമിതിയാണ് (ടിആർഎസ്) വിജയിച്ചത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുനുഗോഡ് സീറ്റും ടിആർഎസ് നേടിയിട്ടുണ്ട്. എങ്കിലും തെലങ്കാനയിൽ ബിജെപി മുന്നേറ്റം നടത്തുകയും മുനുഗോട് പോരാട്ടത്തിൽ ടിആർഎസിന് കടുത്ത വെല്ലുവിളിയാകുകയും ചെയ്തിരുന്നു.

  Also read- ടൈറ്റാനിയം ജോലി തട്ടിപ്പ്: 15 കോടിയോളം രൂപ വാങ്ങിയിരുന്നതായി ദിവ്യ നായരുടെ വെളിപ്പെടുത്തൽ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

  കോൺഗ്രസ് പാർട്ടി ഇവിടെ അത്യന്തം ശോചനീയമായ അവസ്ഥയിലുമാണ്. 2020ലെ ആദ്യ ഉപതിരഞ്ഞെടുപ്പിൽ (ദുബാക്ക സീറ്റ്) വിജയിച്ചതിന് ശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിച്ചിട്ടുണ്ട്. 2021ലെ ഹുസുറാബാദ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയിലേക്ക് ചേക്കേറിയ ടിആർഎസ് വിമത ഇറ്റാല രാജേന്ദർ വിജയിച്ചിരുന്നു.

  ത്രിപുര

  2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, 60 അംഗ നിയമസഭയിൽ 35 സീറ്റുകൾ നേടിയാണ് ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചത്. എന്നാൽ ബി.ജെ.പി.യും ഇടതുപക്ഷവും തമ്മിലുള്ള വോട്ട് വ്യത്യാസം 2 ശതമാനത്തിൽ താഴെ മാത്രമായിരുന്നു. മണിക് സാഹയെ ബിജെപി മുഖ്യമന്ത്രിയാക്കി. ഭരണ വിരുദ്ധത വികാരം മുതലാക്കാൻ മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപി ഉപയോഗിച്ച തന്ത്രമാണ് ഇവിടെയും പ്രയോ​ഗിച്ചത്.

  കോൺഗ്രസ്, ഇടതുപക്ഷം, തൃണമൂൽ കോൺഗ്രസ് (ടിഎംസി) എന്നീ പാർട്ടികൾക്കു പുറമേ, ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിൽ (ടിടിഎഎഡിസി) വൻ വിജയം നേടിയ ടിപ്ര മോത എന്ന പാർട്ടിയാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പു ​ഗോദയിൽ ബിജെപിക്ക് എതിരെ പോരാടുന്നത്.

  മേഘാലയ

  മേഘാലയയിൽ 2018ൽ, കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവെങ്കിലും 60 അംഗ നിയമസഭയിൽ ഭൂരിപക്ഷം നേടാനായില്ല. 2 സീറ്റുകൾ മാത്രം നേടിയ ബിജെപി നാഷണൽ പീപ്പിൾസ് പാർട്ടിയുമായി (എൻപിപി) ചേർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുകയായിരുന്നു. എന്നാൽ 2023 ലെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എൻപിപി ലീഡറും മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ അറിയിച്ചു.

  Also read- കേരളത്തിലെ 15 ദേശീയപാതാ പദ്ധതികൾക്കായി കേന്ദ്രത്തിന്റെ 1.52 ലക്ഷം കോടി രൂപ; മന്ത്രി ഗഡ്കരി ഇന്ന് തുടക്കമിട്ടു

  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ കഴിയാതിരുന്ന തൃണമൂൽ കോൺഗ്രസും മേഘാലയയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയും പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്തെത്തിയിരുന്നു.

  നാഗാലാൻഡ്

  2018 നാഗാലാൻഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുമായി (എൻഡിപിപി) ബിജെപി സഖ്യത്തിലേർപ്പെടുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. 2023ലെ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താനും മറ്റ് 40 മണ്ഡലങ്ങളിൽ എൻഡിപിപി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനും ബിജെപി പദ്ധതിയിടുന്നതായി ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസമാണ് നാഗാലാൻഡ് ബിജെപിയുടെ മൂന്ന് ജില്ലാ പ്രസിഡന്റുമാർ ജനതാദളിലേക്ക് (യുണൈറ്റഡ്) മാറിയത്.

  മിസോറാം

  2023ലെ തിരഞ്ഞെടുപ്പിൽ മിസോറാമിലെ എല്ലാ 40 നിയമസഭാ സീറ്റുകളിലും തന്റെ പാർട്ടി മത്സരിക്കുമെന്ന് മിസോറം ബിജെപി അധ്യക്ഷൻ വൻലാൽമുക അറിയിച്ചിരുന്നു. നിലവിൽ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) സർക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 ൽ 26 സീറ്റിലും പാർട്ടി വിജയിച്ചിരുന്നു. കോൺഗ്രസിന് അഞ്ച് സീറ്റ് മാത്രമാണ് നേടാനായത്. 2018ൽ ആദ്യമായി ബി.ജെ.പിയും മിസോറാമിൽ അക്കൗണ്ട് തുറന്നു. കേന്ദ്രത്തിൽ എൻഡിഎയുടെ ഭാഗമാണ് എംഎൻഎഫ്.

  Published by:Vishnupriya S
  First published: