രാഹുൽ മാങ്കൂട്ടത്തിലിനെതിരായി അവന്തികയുടെ ആരോപണം; ഗൂഢാലോചന നടന്നതെന്ത്?
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഓഗസ്റ്റ് 24 ന് മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് ന്യൂസ് 18 സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് ഡാൻ കുര്യനും അവന്തികയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വിട്ട് തനിക്കെതിരെ മാധ്യമഗൂഢാലോചന നടന്നുവെന്ന് ആരോപിച്ചത്
തനിക്കെതിരെ ട്രാൻസ് വുമൺ അവന്തിക ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചത് ഗൂഡാലോചനയെ തുടർന്നായിരുന്നു എന്ന ആരോപണമാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉന്നയിച്ചത്.ഒന്നിലേറെ യുവതികളുടെ ആരോപണത്തെതുടർന്ന് പ്രതിഷേധം നടക്കുന്നതിനാൽ ദിവസങ്ങളായി അടൂർ മുണ്ടപ്പള്ളിയിലെ തന്റെ വീട്ടിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎ ഓഗസ്റ്റ് 24 ന് മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് ന്യൂസ് 18 സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് ഡാൻ കുര്യനും അവന്തികയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വിട്ട് തനിക്കെതിരെ മാധ്യമഗൂഢാലോചന നടന്നുവെന്ന് ആരോപിച്ചത്.
advertisement
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അവന്തികയുടെ വെളിപ്പെടുത്തൽ പുറത്തെത്തിച്ച ഡാൻ കുര്യനെതിരെയും രാഹുൽ അനുകൂലികളുടെ സൈബർ ആക്രമണം തുടരുമ്പോൾ ആരൊക്കെയാണ് ആ ഗൂഢാലോചനയിൽ പങ്കെടുത്ത് എന്ന് നോക്കാം.
സംഭവ പരമ്പര ഇങ്ങനെ:
ജൂലൈ 25
ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിലെ ജീവനക്കാരിയുമായി ബന്ധപെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും പ്രതികരണങ്ങളും വരുന്നു.ഒരു മാധ്യമ പ്രവർത്തകയും യുവനേതാവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് സൂചനകൾ ചർച്ചയാകുന്നു.
ജൂലൈ 28
മറുപടി 'ഹൂ കെയേഴ്‌സ്.' തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിക്കുന്നു. ''ഇതെല്ലാം ആർക്കെതിരെയും പറയാൻ പറ്റുന്ന കാര്യങ്ങളാണ്. നമ്മൾ എന്തിനാ അതിനെല്ലാം പ്രാധാന്യം നൽകുന്നത്? നിയമവിരുദ്ധമായി അവർക്ക് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിൽ അവർ നിയമപരമായി മുന്നോട്ടു പോകട്ടെ. അതല്ലേ അതിന്റെ മാന്യത. അല്ലാതെ ഓരോ മാസം ഓരോ കാര്യങ്ങളെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ്. വയനാട് കഴിഞ്ഞോ? അതിനു പുറകെയുള്ള വ്യാജ തിരിച്ചറിയൽ കാർഡ് കഴിഞ്ഞോ? നമ്മളോ പാലക്കാട് ജനങ്ങളോ ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല. ഹു കെയെഴ്സ്? നിങ്ങളും ഇതിന് പ്രാധാന്യം നൽകാൻ പാടില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം '' രാഹുൽ പാലക്കാട് പ്രതികരിച്ചതിങ്ങനെ.
advertisement
ഓഗസ്റ്റ് 1
ഡാൻ കുര്യൻ കെപിസിസി അംഗവും ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയുമായ അരുണിമ എം കുറുപ്പിനെ വിളിക്കുന്നു. രാഹുലുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ഉണ്ടോ എന്ന് ചോദിക്കുന്നു. അറിയില്ല എന്ന് പറഞ്ഞപ്പോൾ നമ്പർ ആവശ്യപ്പെട്ടു. നമ്പർ തരാൻ കഴിയില്ല എന്നും കോൺഫറൻസ് കോളിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അമേയ പ്രസാദിനെ കണക്ട് ചെയുന്നു. അമേയ പ്രസാദ് അവന്തികയെ കണക്റ്റ് ചെയ്യുന്നു. കോൺഫറൻസ് കോളിൽ കെപിസിസി അംഗമടക്കം രണ്ട് കോൺഗ്രസ് നേതാക്കൾ. ഈ നാല് പേർ ഉൾപ്പെട്ട കോൾ ആണ് രാഹുൽ ആരോപിക്കുന്ന മാധ്യമ ഗൂഢാലോചന.
advertisement
രാഹുലിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള ദുരനുഭവം നേരിട്ടതായി വിവരം ലഭിച്ചു എന്നും അത് ശരിയാണോ എന്നും ഉള്ള ഡാൻ കുര്യന്റെ ചോദ്യത്തിന് അത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും രാഹുൽ നല്ല സുഹൃത്തായിരുന്നു എന്നും അവന്തികയുടെ മറുപടി.
ഓഗസ്റ്റ് 1
അവന്തികയുമായുള്ള ഫോൺ സംഭാഷണം അവസാനിച്ച് 15 മിനിറ്റിനുള്ളിൽ രാഹുലിന്റെ അടുത്ത അനുയായി ഡാൻ കുര്യനെ ബന്ധപ്പെട്ട് ഡാൻ ഇപ്പോൾ ആരെങ്കിലോടും രാഹുലിന്റെ വിവരം തേടിയിരുന്നോ എന്ന് ചോദിക്കുന്നു.വിളിച്ചു എന്ന് പറഞ്ഞു. 75 സെക്കൻഡ് സംസാരിച്ചു. വീണ്ടും 2 മിനിറ്റ് 8 സെക്കൻഡ് സംസരിച്ചു.കെപിസിസിക്ക് പരാതി ഉണ്ട് എന്ന് പറഞ്ഞു.
advertisement
ഓഗസ്റ്റ് 2
രാഹുലിന്റെ അടുത്ത അനുയായി ഡാൻ കുര്യനെ വീണ്ടും വിളിക്കുന്നു. 6 മിനിറ്റ് 7 സെക്കൻഡ് സംസാരിച്ചു.
ഓഗസ്റ്റ് 20
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കുടുംബസുഹൃത്തായ നടിയും മുൻ മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജ് എന്ന യുവതി കൗമുദി ചാനലിൽ നടത്തിയ അഭിമുഖത്തിൽ തനിക്ക് ഒരു യുവ നേതാവിൽ നിന്നും മോശം അനുഭവം ഉണ്ടായി എന്നും ഇക്കാര്യം പറയുമ്പോൾ 'ഹൂ കെയേഴ്‌സ്' എന്നാണ് അയാളുടെ പ്രതികരണം എന്നും പറയുന്നു.
advertisement
ഓഗസ്റ്റ് 20
മാധ്യമങ്ങൾ റിനി ആൻ ജോർജുമായി ബന്ധപ്പെടുന്നു. ആരോപണം ആവർത്തിക്കുന്നു. 'ഹൂ കെയേഴ്‌സ്' എന്ന പ്രതികരണം നടത്തിയ രാഹുലുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നു തുടങ്ങുന്നു
ഓഗസ്റ്റ് 21
റിനി ആൻ ജോർജ് വീണ്ടും മാധ്യമങ്ങളെ കാണുന്നു. പേര് പറയാതെ ആരോപണം വീണ്ടും ആവർത്തിക്കുന്നു.കുടുംബസുഹൃത്തായ പ്രതിപക്ഷ നേതാവ് വിഡി സതീശനോട് പരാതി പറഞ്ഞിരുന്നു എന്നു വ്യക്തമാക്കി. പരാതി വിശദമായ മറുപടികളിൽ നിന്ന് ആരോപണ വിധേയനായ യുവ നേതാവ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തന്നെയെന്ന് വ്യക്തമാകുന്നു.
advertisement
ഓഗസ്റ്റ് 21
ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി ഒരു യുവതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ വാട്സ്ആപ് ചാറ്റും സമാനമായ കാര്യങ്ങൾ ഉള്ള വോയിസ് ക്ലിപ്പും പുറത്തുവരുന്നു.
ഓഗസ്റ്റ് 22
അവന്തിക ന്യൂസ് 18 ലൈവിൽ രാഹുലിനെതിരെ ഗുരതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. റേപ്പ് ചെയ്യുന്നത് പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടതായാണ് വെളിപ്പെടുത്തി.കേരളത്തിന് പുറത്ത്, ബെംഗളൂരുവിലോ ഹൈദരാബാദിലോ ഉള്ള ഹോട്ടലിൽ പോയി ഇത്തരത്തിൽ ബന്ധപ്പെടണമെന്ന് രാഹുൽ ആവശ്യപ്പെട്ടതെന്നും ടെലഗ്രാം മെസഞ്ചർ വഴി ഓപ്പൺ ചെയ്യുന്നതിന് പിന്നാലെ ഡിലീറ്റ് ആകുന്ന ഡിസപ്പിയറിങ് മെസേജ് വഴിയാണ് രാഹുൽ തന്നോട് ചാറ്റ് ചെയ്തതെന്നും അവന്തിക വെളിപ്പെടുത്തി.
ഓഗസ്റ്റ് 23
രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന മറ്റൊരു വോയിസ് ക്ലിപ്പും പുറത്ത്.
യുവതിയെ നേരിട്ട് കാണണമെന്നും രാഹുൽ. സ്നേഹം കൊണ്ടല്ല വിളിക്കുന്നതെന്ന് അറിയാമെന്നും എന്തേലും കലക്കി തന്ന് കൊല്ലാനാണോ എന്ന് യുവതി ചോദിക്കുന്നു. കൊല്ലാനാണെങ്കിൽ എത്ര സെക്കൻഡ് വേണമെന്നാണ് വിചാരിക്കുന്നത് എന്ന മറുപടിയാണ് രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത്.
ഓഗസ്റ്റ് 23
വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയാ കേസ് എടുക്കുന്നു.
ഓഗസ്റ്റ് 24
രാഹുൽ മാങ്കൂട്ടത്തിൽ അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽ മാധ്യമങ്ങളെ കാണുന്നു. ഡാൻ കുര്യനും അവന്തികയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വിട്ട് തനിക്കെതിരെ മാധ്യമഗൂഢാലോചന നടന്നുവെന്ന് ആരോപിക്കുന്നു. തുടർന്ന് റിപ്പോർട്ടർക്ക് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി ആരംഭിക്കുന്നു.
ഓഗസ്റ്റ് 24
രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ട ശബ്ദരേഖയ്ക്ക് മറുപടിയുമായി അവന്തിക. രാഹുൽ പുറത്തുവിട്ടത് ഓഗസ്റ്റ് ഒന്നിനുള്ള ശബ്ദരേഖയാണെന്നും, അന്ന് റിപ്പോർട്ടറോട് സത്യം വെളിപ്പെടുത്താതിരുന്നത് ജീവനിൽ ഭയം ഉണ്ടായിട്ടാണെന്നും അവന്തിക. അതേ മാധ്യമപ്രവർത്തകനോടാണ് താൻ കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും തന്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും അവന്തിക അറിയിച്ചു. മാധ്യമപ്രവർത്തകൻ വിളിച്ച കാര്യം സൗഹൃദമുണ്ടായിരുന്ന സമയത്ത് താൻ രാഹുലിനോട് പറഞ്ഞിരുന്നു എന്നും ആ സൗഹൃദം മുതലെടുത്താണ് രാഹുൽ മോശം സന്ദേശം അയച്ചതെന്നും അവന്തിക പറഞ്ഞിരുന്നു.
ഓഗസ്റ്റ് 24
ഓഗസ്റ്റ് 1ന് അവന്തിക തുറന്ന് പറയാതിരുന്നത് ഭയം കൊണ്ടാണെന്ന് ട്രാൻസ് ആക്ടിവിസ്റ്റ് അരുണിമയുടെ വെളപ്പെടുത്തൽ. അവന്തികയ്ക്ക് ധൈര്യം കിട്ടിയത് റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയെന്നും അരുണിമ.
ഓഗസ്റ്റ് 24
അവന്തികയുടെ വെളിപ്പെടുത്തലിനു പിന്നിൽ താനാണെന്ന ചിലരുടെ പ്രചാരണം അടിസ്ഥാനരഹിതമാണ് എന്ന് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. എംഎൽഎയിൽ നിന്ന് വല്ലാതെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി അവന്തിക 21ന് ഉച്ചയ്ക്ക് സന്ദേശത്തിലൂടെ അറിയിച്ചപ്പോൾ തുറന്നുപറയാൻ ധൈര്യം നൽകി എന്നും പ്രശാന്ത്.
2025 ജനുവരി 27, 28, മേയ് 25 തീയതികളിലെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിക്കാൻ പൊലീസും മാധ്യമങ്ങളും തയാറാകണം. ഇതേക്കുറിച്ച് വ്യക്തിപരമായി കൂടുതൽ അന്വേഷിക്കുന്നതായും പ്രശാന്ത് ശിവൻ പറഞ്ഞു. അവന്തിക ഉന്നയിച്ച ആരോപണങ്ങൾ ചെറുക്കാൻ അവരുടേതെന്നു പറഞ്ഞ് രാഹുൽ അവതരിപ്പിച്ച സന്ദേശത്തെക്കുറിച്ചും അന്വേഷിക്കണം എന്നും പ്രശാന്ത്.
ഓഗസ്റ്റ് 25
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവച്ച് പൊതുപ്രവർത്തന രംഗത്തുനിന്ന് മാറിനിൽക്കണമെന്ന നിലപാടെടുത്ത കോൺഗ്രസ് വനിതാ നേതാക്കളായ ഉമാ തോമസ്, ബിന്ദു കൃഷ്ണ, ആർ എംപി നേതാവ് കെ കെ രമ , മുൻ യൂത്ത് കോൺഗ്രസ് നേതാവ് താരാ ടോജോ അലക്സ് , ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരി അരുണിമ എം കുറുപ്പ്, മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ പത്നി കെ ആശ എന്നിവർക്കും എതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നു.
ഓഗസ്റ്റ് 25
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്യുന്നു. ഉപതിരഞ്ഞെടുപ്പ് വന്നാൽ പരാജയം ഉണ്ടായാൽ തിരിച്ചടി ആകും എന്നതിനാൽ എംഎൽഎ സ്ഥാനത്ത് നിലനിർത്തുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 25, 2025 1:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
രാഹുൽ മാങ്കൂട്ടത്തിലിനെതിരായി അവന്തികയുടെ ആരോപണം; ഗൂഢാലോചന നടന്നതെന്ത്?