നിങ്ങളിൽ രഹസ്യമായ ഒരു കുറ്റവാളി ഒളിഞ്ഞിരിപ്പുണ്ടോ? ഇലന്തൂരിലെ നരബലിയും അതിന് പിന്നിലെ മനഃശാസ്ത്രവും
- Published by:Naseeba TC
- news18-malayalam
Last Updated:
എന്താണ് സൈക്കോപാത്തുകളും സോഷ്യോപാത്തുകളും തമ്മിലുള്ള വ്യത്യാസം
ഇലന്തൂരിലെ നരബലിയിൽ കേരളം നടങ്ങി വിറങ്ങലിച്ചു നിൽക്കുമ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് കൊലപാതകങ്ങളിൽ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാഫിയുടെ ക്രൂരകൃത്യങ്ങളാണ്. ഇരകളായ രണ്ട് സ്ത്രീകളെ അതിക്രൂരമായ രീതിയിൽ കൊലപ്പെടുത്താൻ മുൻകൈയ്യെടുത്ത ഷാഫി കൊടും ക്രിമിനലായ 'സൈക്കോപാത്ത്' ആണെന്ന് എല്ലാവരും ഉറച്ചു വിശ്വസിക്കുന്നു.
എന്തുതരം മാനസികാവസ്ഥയിലായിരിക്കും ഒരു വ്യക്തി കൊടും ക്രൂരതകൾ സഹജീവിയോട് കാണിക്കുന്നത്? സൈക്കോപാത്ത് എന്ന അവസ്ഥയെ കുറിച്ച് പറയുമ്പോൾ തന്നെ ഒപ്പം അതേ പ്രധാന്യത്തോടെ പറയേണ്ട മറ്റൊരു വ്യക്തിത്വമാണ് സോഷ്യോപാത്ത് എന്ന 'നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ' അഥവാ ആത്മാനുരാഗ വ്യക്തിത്വവൈകല്യം.
എന്താണ് സൈക്കോപാത്തുകളും സോഷ്യോപാത്തുകളും തമ്മിലുള്ള വ്യത്യാസം. പ്രമുഖ മനശ്ശാസ്ത്രജ്ഞനായ ഡോ. അരുൺ ബി നായർ ഈ രണ്ട‌് വ്യക്തിത്വങ്ങളെ കുറിച്ചും പറയുന്നത് ഇങ്ങനെയാണ്,
മുകളിൽ പറഞ്ഞതുപോലെ പരസ്യമായി കുറ്റകൃത്യങ്ങൾ ചെയ്യുകയും അതിൽ കുറ്റബോധവുമില്ലാത്തവരാണ് സൈക്കോപാത്തുകൾ. ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ (സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം) എന്നാണ് ഈ വ്യക്തിത്വമുള്ളവരെ വിളിക്കുന്നത്. ഇവരിൽ നിന്ന് വ്യത്യസ്തരാണ് 'സോഷ്യോപാത്ത്' എന്ന് വിളിക്കുന്ന 'നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ' അഥവാ ആത്മാനുരാഗ വ്യക്തിത്വവൈകല്യമുള്ളവർ. സമൂഹത്തിന്റെ മുന്നിൽ മാന്യമായി ജീവിക്കുകയും രഹസ്യ സ്വഭാവത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്ന വ്യക്തികളാണ് ഇവർ.
advertisement
സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം
ചെറു പ്രായത്തിൽ തന്നെ നിയമവിരുദ്ധ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും ചെയ്യുന്നവരാണ് ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള വ്യക്തികൾ. ചെറിയ പ്രായത്തിൽ തന്നെ അമിത ദേഷ്യം, നിഷേധം, അനുസരണക്കേട് എന്നിവ കാണിക്കും. അൽപം വലുതാകുമ്പോൾ മോഷണം, ബോധപൂർവം കളവുകൾ പറഞ്ഞ് മറ്റുള്ളവരെ കബളിപ്പിക്കുകയും അത് കണ്ട് ആഹ്ളാദിക്കുകയും ചെയ്യുന്ന അവസ്ഥയുള്ളവരായിരിക്കും ഇത്തരക്കാർ.
advertisement
മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നതിലും മാനസികമായി അവഹേളിക്കുന്നതിലും ഇവർക്ക് സന്തോഷം ലഭിക്കും. കുറച്ചു കൂടി മുതിർന്ന് കഴിഞ്ഞ് കൗമാരപ്രായത്തിലെത്തുമ്പോൾ സംഘടതി കുറ്റകൃത്യങ്ങളിലേക്ക് ഇവർ നീങ്ങും. കുട്ടിക്കാലത്ത് തന്നെ ഇത്തരം രീതികൾ കാണിക്കുന്ന കുട്ടികളെ Conduct desorder (സ്വഭാവദൂഷ്യരോഗം) എന്നാണ് പറയുന്നത്. ചെറുപ്രായത്തിൽ തന്നെ ഇത്തരം പെരുമാറ്റങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ ഇത് നിയന്ത്രണവിധേയമാക്കാം. ഇത് തിരിച്ചറിയാതെപോകുകയോ, കൃത്യമായ ചികിത്സ നൽകുകയോ ചെയ്യാതിരുന്നാൽ ഇത്തരം കുട്ടികൾ മുതിർന്നു കഴിഞ്ഞാൽ സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം എന്ന അവസ്ഥയിലേക്ക് എത്തും. കുറ്റബോധമില്ലാതെ കുറ്റകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥ, മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ സന്തോഷമൊക്കെ ഇവർ അനുഭവിക്കും. പരസ്യമായി തന്നെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരായിരിക്കും ഈ വിഭാഗം.
advertisement
Also Read- പത്ത് വർഷത്തിനിടെ 15 കേസുകൾ; നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്
ആത്മാനുരാഗ വ്യക്തിത്വവൈകല്യം
എന്നാൽ, ആത്മാനുരാഗ വ്യക്തിത്വവൈകല്യം (നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ) എന്ന അവസ്ഥയിലുള്ളവർ സൈക്കോപാത്തുകളിൽ നിന്ന് അൽപം വ്യത്യസ്തരാണ്. ഇവർക്ക് അവനവനെയല്ലാതെ മറ്റാരേയും സ്നേഹിക്കാൻ കഴിയില്ല. സ്വന്തം കഴിവുകളെ കുറിച്ച് അമിതമായ അഭിമാനബോധം ഇവർക്കുണ്ടാകും. തന്റെ കഴിവുകൾ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠമാണെന്ന് ഇവർ വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിഭാഗം ആളുകളാണിവർ.
advertisement
മറ്റുള്ളവരുടെ ആരാധന നേടുക എന്നതാണ് ഇവരുടെ ലക്ഷ്യം. എന്നാൽ ആരാധന കിട്ടിക്കഴിഞ്ഞാൽ അവരിലുള്ള താത്പര്യം നഷ്ടപ്പെടുകയും ചെയ്യും. ഇത്തരക്കാർ വിമർശനങ്ങളോട് കടുത്ത അസഹിഷ്ണുത വെച്ചുപുലർത്തുന്നവരായിരിക്കും. തങ്ങളെ വിമർശിക്കുന്നവരെ കുറിച്ച് അപവാദങ്ങൾ ഇവർ പ്രചരിപ്പിക്കും. മാത്രമല്ല, കടുത്ത അസൂയാലുക്കളുമായിരിക്കും ഇവർ. മറ്റുള്ളവരെ കുറിച്ച് നല്ല കാര്യങ്ങൾ ഇവരോട് പറഞ്ഞാൽ അവരെ കുറിച്ചുള്ള മോശപ്പെട്ട കാര്യങ്ങൾ തിരിച്ചു പറയും. എന്നാൽ മറ്റുള്ളവർക്ക് തന്നോട് കടുത്ത അസൂയയാണെന്നാണ് ഇവർ പറയുകയും അത് വിശ്വസിക്കുകയും ചെയ്യും എന്നതാണ് ഇവരുടെ പ്രത്യേകത.
advertisement
കബളിപ്പിക്കാനുള്ള പ്രത്യേക കഴിവ്
സ്വന്തം മക്കളാണെങ്കിൽ പോലും മറ്റുള്ളവരുടെ വികാരങ്ങളോ മാനസികാവസ്ഥയോ ഇവർക്കും മനസ്സിലാക്കാൻ കഴിയില്ല. ഇങ്ങനെയുള്ള ആളുകൾ രഹസ്യസ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ചെയ്യാറുണ്ട്. എന്നാൽ സമൂഹമധ്യത്തിൽ മികച്ച പ്രതിച്ഛായ ഉണ്ടാക്കാനും ഇവർ ശ്രമിക്കും. സാഹിത്യവും തത്വചിന്തയും ആത്മീയതയുമെല്ലാം ഇവരുടെ വാചകങ്ങളിൽ നിറഞ്ഞു നിൽക്കും. നന്നായി സംസാരിക്കാൻ കഴിവുള്ളരും ബുദ്ധിപരമായി ഉന്നത നിലവാരമുള്ളവരും വായനശീലമുള്ളവരുമൊക്കെയായിരിക്കും ഇവർ. എന്നാൽ പറയുന്ന വലിയ കാര്യങ്ങളൊന്നും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഇവർ ശ്രമിക്കില്ല. അതുകൊണ്ട് തന്നെ ഇവരോട് അടുത്ത് കഴിയുന്ന ആളുകൾക്ക് ഇവരെ സഹിക്കാൻ ബുദ്ധിമുട്ടായിരിക്കും. സ്വന്തം പ്രതിച്ഛായ മോശമാകുന്ന സാഹചര്യമുണ്ടായാൽ എന്ത് കുറ്റംകൃത്യം ചെയ്യാനും സാധ്യതയുള്ളവരാണിവർ.
advertisement
പലപ്പോഴും മറ്റുള്ളവരെ കബളിപ്പിക്കുക എന്നുള്ളത് ഈ രണ്ട് വിഭാഗങ്ങളുടേയും സവിശേഷതയാണ്. എന്നാൽ സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യമുള്ളവർ (സൈക്കോപാത്ത്) അത്തരക്കാരാണെന്നത് സമൂഹത്തിന് വ്യക്തമായിരിക്കും. കാരണം അവർ പരസ്യമായി അത് ചെയ്യുന്നവരാണ്. എന്നാൽ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (സോഷ്യോപാത്ത്) ഉള്ള വ്യക്തികൾ രഹസ്യമായിട്ടായിരിക്കും മറ്റുള്ളവരെ കബളിപ്പിക്കുക. വ്യാജ വാഗ്ദാനങ്ങൾ നൽകുക, ആത്മീയ കഴിവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവർ മറ്റുള്ളവരെ ചതിക്കുഴികളിൽ വീഴ്ത്തും.
ഇരകളാകുന്ന വിഭാഗവും അവരുടെ പ്രത്യേതകളും
ഇത്തരം ചതിക്കുഴികളിൽ വീണുപോകുന്നവർക്കും ചില സവിശേഷതകളുണ്ട്. സാമ്പത്തികമായ അഭിവൃദ്ധി, സന്തോഷകരമായ ജീവിതം, ആയുർദൈർഘ്യം, തുടങ്ങിയ പല കാര്യങ്ങൾക്കും വേണ്ടി അന്ധവിശ്വാസപരമായ കാര്യങ്ങളിലേക്ക് പോകുന്ന മാനസികാവസ്ഥയിലുള്ളവർ ഇവരുടെ ഇരകളാണ്. ശാസ്ത്രത്തിന് പോലും അജ്ഞാതമായ മരണാനന്തര അവസ്ഥയെ കുറിച്ചുള്ള ആശങ്കകളും അന്ധവിശ്വാസങ്ങളും സോഷ്യോപാത്തുകൾ മുതലെടുക്കും. സാമ്പത്തികമായി നല്ല നിലയിലുള്ളവർ പോലും ഇത്തരം ചതിക്കുഴികളിൽ വീണുപോകും എന്നുള്ളതാണ് രസകരം. ഇത്തരം ആളുകളെ പറഞ്ഞ് വിശ്വസിപ്പിക്കാനുള്ള കഴിവ് നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ വ്യക്തിത്വമുള്ളവർക്ക് സാധിക്കും. ആധികാരികമായി ഇത്തരം കാര്യങ്ങൾ പറയുമ്പോൾ അത് വിശ്വസിക്കുന്നവരാണ് ഇവർക്ക് ഇരകളാകുന്നത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 13, 2022 4:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
നിങ്ങളിൽ രഹസ്യമായ ഒരു കുറ്റവാളി ഒളിഞ്ഞിരിപ്പുണ്ടോ? ഇലന്തൂരിലെ നരബലിയും അതിന് പിന്നിലെ മനഃശാസ്ത്രവും