രാജ്യത്ത് ഹൈഡ്രജൻ ബസുകള്‍ നിരത്തിൽ; നഗരഗതാഗതത്തെ മാറ്റിമറിക്കുമോ ഗ്രീന്‍ ഹൈഡ്രജന്‍ ബസുകള്‍ ?
- Published by:Sarika KP
- news18-malayalam
Last Updated:
വെള്ളം പുറന്തള്ളുന്ന ഇത്തരത്തിലുള്ള 15 ബസുകള്‍ കൂടി ഈ വര്‍ഷം അവസാനത്തോടെ ഡല്‍ഹിയിലെ നിരത്തുകളില്‍ ഇറക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ബസുകള്‍ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ് പുരി തിങ്കളാഴ്ച ഡല്‍ഹിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. വെള്ളം പുറന്തള്ളുന്ന ഇത്തരത്തിലുള്ള 15 ബസുകള്‍ കൂടി ഈ വര്‍ഷം അവസാനത്തോടെ ഡല്‍ഹിയിലെ നിരത്തുകളില്‍ ഇറക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് രാജ്യം മാറുമ്പോള്‍ പകരം ഹൈഡ്രജനായിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഹൈഡ്രജന്‍ ബസുകള്‍? അവ നമ്മുടെ യാത്രയെ മാറ്റി മറിക്കുന്നത് എങ്ങനെ?
ടാറ്റാ മോട്ടോഴ്‌സില്‍ നിന്ന് ഇന്ത്യന്‍ ഓയിലാണ് ഹൈഡ്രജന്‍ ബസുകള്‍ വാങ്ങിയത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ പൈലറ്റ് സ്റ്റഡി നടത്തുന്നതിനായാണ് ഈ ബസുകള്‍ വാങ്ങിയിരിക്കുന്നത്. തുടക്കത്തില്‍ ഡല്‍ഹിയില്‍ യാത്രക്കാരില്ലാതെയായിരിക്കും ബസുകള്‍ ഓടുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. പിന്നീട് ബസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ഹരിയാനയിലും ഉത്തര്‍പ്രദേശിലും ബസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
പോളിമര്‍ ഇലക്ട്രോലൈറ്റ് മെബ്രൈന്‍ അടിസ്ഥാനമാക്കിയുള്ള ഇന്ധന സെല്ലുകള്‍ വഴിയാണ് ഹൈഡ്രജന്‍ ബസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഈ ഇന്ധന സെല്ലുകളാണ് ഹൈഡ്രജന്‍ ബസുകളുടെ ഹൃദയമെന്ന് പറയാം. ഹൈഡ്രജനും വായുവും ഉപയോഗിച്ചാണ് ബസുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത്. ഉയര്‍ന്ന മര്‍ദം ഉപയോഗിച്ചാണ് ഹൈഡ്രജന്‍ വാതകം സൂക്ഷിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. നാല് സിലിണ്ടറുകളാണ് ബസിലുണ്ടാകുക. 30 കിലോ ഹൈഡ്രജിന്‍ ഇതില്‍ സംഭരിക്കാന്‍ കഴിയും. ഏകദേശം 350 കിലോമീറ്റര്‍ ദൂരം ഇത് ഉപയോഗിച്ച് സഞ്ചരിക്കാന്‍ കഴിയും. പത്ത് മുതല്‍ 12 മിനിറ്റിനുള്ളില്‍ ടാങ്കുകളില്‍ ഇന്ധനം നിറയ്ക്കാന്‍ കഴിയും. കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാണ് ഈ ബസുകള്‍, ഒരു കിലോ ഹൈഡ്രജന്‍ ഉപയോഗിച്ച് 12 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ബസുകള്‍ക്ക് 2.5 കിലോമീറ്റര്‍ മുതല്‍ മൂന്ന് കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത.
advertisement
ഫരീദാബാദിലെ ഇന്ത്യന്‍ ഓയില്‍ ഫസിലിറ്റി റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ നിന്നാണ് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. പുനരുത്പാദിപ്പാക്കാവുന്ന സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് വെള്ളം വൈദ്യുതവിശ്ലേഷണം ചെയ്താണ് 75 കിലോ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സോളാര്‍ പാനലില്‍ വൈദ്യുത വിശ്ലേഷം നടത്തി ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സംവിധാനം ഇന്ത്യന്‍ ഓയില്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് ന്യൂസ് 9-ന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
advertisement
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളേക്കാള്‍ വളരെ മികച്ചവയാണ് ഇന്ധന സെല്ലുകള്‍ എന്ന് കരുതപ്പെടുന്നു. ഇവയ്ക്ക് ക്ഷമത കൂടുതലായിരിക്കുമെന്നും ഏറെക്കാലം നിലനില്‍ക്കുമെന്നും വളരെ വേഗത്തില്‍ വീണ്ടും ഇന്ധനം നിറയ്ക്കാന്‍ കഴിയുമെന്നും എനര്‍ജി വേള്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ധന സെല്ലുകള്‍ക്കുള്ള ഇന്ധനമായും ഹൈഡ്രജന്‍ ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്.
അന്തരീക്ഷ മലിനീകരണത്തോത് വളരെ കുറവാണെന്നതും ഹൈഡ്രജന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഭാവിയുടെ ഇന്ധനമായാണ് ഹൈഡ്രജനെ കണക്കാക്കുന്നത്. പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കുറയ്ക്കാനുള്ള ഇന്ത്യയുടെ ഉദ്യമത്തില്‍ വലിയ തോതില്‍ ഗ്രീന്‍ ഹൈഡ്രജന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. 2030 ആകുമ്പേഴേക്കും എണ്ണ, വാതക പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രതിവര്‍ഷം ഒരു മില്ല്യണ്‍ ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞേക്കും.
advertisement
അതേസമയം, ഗ്രീന്‍ ഹൈഡ്രജന്‍ വലിയതോതിലുള്ള ഉത്പാദനം തുടങ്ങുമ്പോള്‍ അതിന്റെ വിതരണം, സംഭരണം, കൈമാറ്റം ചെയ്യല്‍ എന്നിവയില്‍ വെല്ലുവിളി നിലനില്‍ക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഇതിന്റെ ഉയര്‍ന്ന വിലയും മറ്റൊരു സുപ്രധാന വെല്ലുവിളിയാണ്. ഒരു കിലോയ്ക്ക് 1000 രൂപാനിരക്കില്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ നഗരഗതാഗതത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ബസുകള്‍ മാറ്റി മറിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇത് സസൂക്ഷ്മം നീരീക്ഷിച്ചു വരികയാണെന്നും ദേശീയ പ്രധാന്യമുള്ള ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് എല്ലാ ആശംസകളും നേരുന്നതായും പദ്ധതി ഉദ്ഘാടനം ചെയ്ത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ഹൈഡ്രജന്‍, ജൈവ ഇന്ധനങ്ങള്‍ തുടങ്ങിയവ അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ആഗോള ഊര്‍ജ്ജ ആവശ്യകതയുടെ 25 ശതമാനം വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് പുരി പറഞ്ഞു. വൈകാതെ തന്നെ ഹൈഡ്രജന്‍ ഉത്പാദനത്തിലും വിതരണത്തിലും ആഗോള ചാംപ്യനാകാനുള്ള സാധ്യത ഇന്ത്യക്കുണ്ടെന്നും ഗ്രീന്‍ ഹൈഡ്രജന്റെ ഹബ്ബായി രാജ്യം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2030 ആകുമ്പോഴക്കും അഞ്ച് മില്ല്യണ്‍ ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അറിയിച്ചിരുന്നു.
ഊര്‍ജ പരിവര്‍ത്തനത്തിനും കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുന്നതും ലക്ഷ്യമിട്ട് 35,000 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം നടത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 4000 മെഗാവാട്ട് ഊര്‍ജ സംഭരണ ശേഷിയുള്ള ബാറ്ററി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ പരിധിയിലാണ് ഗ്രീന്‍ ക്രെഡിറ്റ് പദ്ധതി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 29, 2023 8:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
രാജ്യത്ത് ഹൈഡ്രജൻ ബസുകള്‍ നിരത്തിൽ; നഗരഗതാഗതത്തെ മാറ്റിമറിക്കുമോ ഗ്രീന്‍ ഹൈഡ്രജന്‍ ബസുകള്‍ ?