ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ഹൈവേ നിർമാണം പ്രതിസന്ധിയിൽ; പദ്ധതി വൈകുന്നത് എന്തുകൊണ്ട്?
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇന്ത്യയും തായ്‌ലൻഡും മ്യാൻമാറും ചേർന്ന് 1,400 കിലോമീറ്റർ നീളമുള്ള ഹൈവേയാണ് നിർമിക്കുന്നത്
ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ട്രൈലാറ്ററൽ ഹൈവേയുടെ നിർമാണം പ്രതിസന്ധികൾ നേരിടുകയാണെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മെകോംഗ് ഗംഗാ കോ-ഓപ്പറേഷൻ മെക്കാനിസത്തിന്റെ (Mekong Ganga Cooperation (MGC) Mechanism) 12-ാമത് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ബാങ്കോക്കിലെത്തിയതായിരുന്നു അദ്ദേഹം.
ഇന്ത്യയും തായ്‌ലൻഡും മ്യാൻമാറും ചേർന്ന് 1,400 കിലോമീറ്റർ നീളമുള്ള ഹൈവേയാണ് നിർമിക്കുന്നത്. ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യയുമായി കരമാർഗം ബന്ധിപ്പിക്കുന്ന പദ്ധതി കൂടിയാണിത്. ഇത് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, ബിസിനസ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിലെല്ലാം മുതൽക്കൂട്ടാകും.
എന്തുകൊണ്ടാണ് പദ്ധതി പൂർത്തീകരിക്കാൻ വൈകുന്നത് ?
മണിപ്പൂരിലെ മോറെയെ മ്യാൻമർ വഴി തായ്‌ലൻഡിലെ മേ സോട്ടുമായി ബന്ധിപ്പിക്കുന്ന 70 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. 2019 ഡിസംബറോടെ റോഡ് തുറക്കാനായിരുന്നു ലക്ഷ്യം. പദ്ധതിയുടെ ഭൂരിഭാഗം പ്രദേശവും മ്യാൻമാറിലാണ്. അവിടുത്തെ നിലവിലെ സാഹചര്യങ്ങൾ മൂലമാണ് പദ്ധതി വൈകുന്നത് എന്നും ജയശങ്കർ പറഞ്ഞു. സൈന്യം അധികാരം പിടിച്ചെടുക്കുകയും പ്രതിപക്ഷത്തിനെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തതിനു ശേഷം മ്യാൻമറിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
advertisement
”മ്യാൻമറിലെ സാഹചര്യങ്ങൾ മൂലമാണ് പദ്ധതി വൈകുന്നത്. ഈ പ്രോജക്റ്റ് എങ്ങനെ പുനരാരംഭിക്കാം എന്നതാണ് ഇപ്പോൾ ഞങ്ങൾ ചിന്തിക്കുന്നത്. പ്രോജക്റ്റിന്റെ ഭൂരിഭാഗം നിർമാണവും പൂർത്തിയായതിനാൽ മുഴുവനായും പൂർത്തീകരിക്കാനുള്ള വഴികൾ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ മുൻഗണനകളിലൊന്ന്”, വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
പദ്ധതിയുടെ തായ്‌ലൻഡിലെ ഭൂരിഭാഗം ജോലികളും ഇതിനകം പൂർത്തിയായതായി തായ്‍ലൻഡ് സർക്കാർ അറിയിച്ചു. ഹൈവേയുടെ ഇന്ത്യയിലുള്ള ഇംഫാൽ-മോറെ ഭാഗത്തിന്റെ നിർമാണ പ്രവൃത്തികൾ ഈ വർഷവും മ്യാൻമാറിലൂടെ കടന്നുപോകുന്ന ഭാഗത്തിന്റെ നിർമാണപ്രവൃത്തികൾ മൂന്ന് വർഷത്തിനുള്ളിലും പൂർത്തിയാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
advertisement
പദ്ധതി പ്രാധാന്യം അർഹിക്കുന്നത് എന്തുകൊണ്ട്?
മണിപ്പൂരിലെ മോറെയെയും തായ്‌ലൻഡിലെ മേ സോട്ടിനെയും മ്യാൻമർ വഴി ബന്ധിപ്പിക്കുന്ന ഈ ഹൈവേ മൂന്നു രാജ്യങ്ങളെ സംബന്ധിച്ചും ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയുടെ ഒരു പ്രധാന ഭാഗമാണ് ഈ പദ്ധതി. ധാക്ക വഴിയുള്ള വ്യാപാരവും റോഡ് കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കാൻ സാധിക്കുന്നതിനാൽ ഈ പദ്ധതിയിൽ ചേരാൻ ബംഗ്ലാദേശും മുൻപ് താൽപര്യം പ്രകടിപ്പിച്ചിരുന്നു.
advertisement
മ്യാൻമാറിലെ ലഹരി ഉപയോഗം
മ്യാൻമാറിലെ സംഘർഷങ്ങളും അതേത്തുടർന്നുണ്ടായ പ്രശ്നങ്ങളും രാജ്യത്ത് മയക്കുമരുന്നിന്റെ ഉത്പാദനവും ഉപയോഗവും വർദ്ധിക്കുന്നതിലേക്കും നയിച്ചു. ഇന്റർനാഷണൽ നാർക്കോട്ടിക് കൺട്രോൾ ബോർഡിന്റെയും യുഎൻ ഓഫീസിന്റെയും കണക്കനുസരിച്ച് മെത്താംഫെറ്റാമൈൻ, ഹെറോയിൻ എന്നിവയുടെ അനധികൃത ഉൽപാദനത്തിന്റെ ഏഷ്യയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി രാജ്യം മാറി. അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം എന്നിവയുൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മ്യാൻമാറുമായി അതിർത്തി പങ്കിടുന്നതിനാൽ അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തും ഈ സംസ്ഥാനങ്ങളിൽ വർദ്ധിച്ചു.
അസം റൈഫിൾസും മറ്റ് അന്വേഷണ ഏജൻസികളും ശനിയാഴ്ച രാത്രി മിസോറാമിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിൽ മ്യാൻമാറിൽ നിന്ന് കടത്തിയ 29 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും വിദേശ നിർമിത സിഗരറ്റുകളും പിടികൂടുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മ്യാൻമറിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് സംസ്ഥാനത്തിനും രാജ്യത്തിനു തന്നെയും ഒരു പ്രധാന വെല്ലുവിളിയാണെന്ന് അസം റൈഫിൾസ് പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യക്കടത്തും മയക്കുമരുന്ന് കടത്തും സംബന്ധിച്ച ആശങ്കകളും വിദേശകാര്യമന്ത്രി എസ് ജയശങ്കർ എംജിസി യോഗത്തിൽ പങ്കുവെച്ചു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 18, 2023 8:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ഹൈവേ നിർമാണം പ്രതിസന്ധിയിൽ; പദ്ധതി വൈകുന്നത് എന്തുകൊണ്ട്?