കേരളത്തിൽ വീണ്ടും നിപ രോഗം സ്ഥിരീകരിച്ചതോടെ കഷ്ടകാലം തുടങ്ങിയത് റമ്പൂട്ടാൻ പഴത്തിനാണ്. വവ്വാൽ കടിച്ച റമ്പൂട്ടാൻ പഴം ഭക്ഷിച്ചതാണ് കുട്ടിക്ക് നിപ ബാധിക്കാൻ കാരണമായതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സംസ്ഥാനത്തിന്റെ പലയിടത്തും റമ്പൂട്ടാൻ കച്ചവടം കുത്തനെ ഇടിഞ്ഞു. കടകളിലും വഴിയോരങ്ങളിലും ഉന്തുവണ്ടികളിലുമായി റമ്പൂട്ടാൻ വിറ്റ് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന നൂറുകണക്കിന് ചെറുകിട കച്ചവടക്കാരാണ് ഇതോടെ ദുരിതത്തിലായത്. കേരളത്തിൽ സമീപകാലത്തെ വൻസ്വീകാര്യത കണക്കിലെടുത്ത് വലിയതോതിൽ റമ്പൂട്ടാൻ കൃഷി തുടങ്ങിയ കർഷകരാകെ ആശങ്കയിലാണ് ഇപ്പോൾ.
റമ്പൂട്ടാൻ കൃഷിസംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പഴങ്ങളിലൊന്നാണ് റമ്പൂട്ടാൻ. ആദ്യം തൊടുപുഴ, റാന്നി, തിരുവല്ല, മൂവാറ്റുപുഴ, എരുമേലി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്തിരുന്നത്. ഇപ്പോൾ വയനാട്, കോഴിക്കോട്, കാസർകോട് ഭാഗങ്ങളിലും കൃഷി വ്യാപകമായിട്ടുണ്ട്. പരിപാലന ചെലവ് കുറവാണെന്നതും നല്ല ലാഭം നേടാനാകും എന്നതുമാണ് കർഷകരെ റമ്പൂട്ടാൻ കൃഷിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.
ഒരു ഏക്കർ ഭൂമിയിൽ 120 റമ്പൂട്ടാൻ ചെടി നട്ടു വളർത്താം. ആദ്യം കൃഷി തുടങ്ങിയപ്പോൾ 12 മീറ്റർ അകലത്തിലായിരുന്നു റമ്പൂട്ടാൻ ചെടികൾ നട്ടിരുന്നത്. പുതിയ ഇനം ബഡ് ചെയ്ത് ഉൽപാദിപ്പിക്കാൻ തുടങ്ങിയതോടെ അകലം 6 മീറ്റർ ആയി കുറഞ്ഞു. തെങ്ങിനും മറ്റും ഇടവിളയായി റമ്പൂട്ടാൻ കൃഷി ചെയ്യുന്നവരുമുണ്ട്. നല്ല രീതിയിൽ പരിപാലിക്കുന്ന ഒരു ചെടി നാലാം വർഷം മുതൽ കായ്ക്കാൻ തുടങ്ങും.
ഒരു ചെടിയിൽ നിന്ന് വർഷം 6000 രൂപ വരുമാനം150 കിലോ വരെ വിളവ് നൽകുന്ന റമ്പുട്ടാൻ ചെടികൾ നിലവിലുണ്ട്. എന്തായാലും ചെടിയൊന്നിന് ശരാശരി 30 കിലോ ഉറപ്പ്. ഒരു കിലോ റമ്പുട്ടാന് വിപണിയിൽ 220–240 രൂപയാണ് വില. 200 രൂപ എന്നു കണക്കാക്കിയാൽ പോലും 6000 രൂപ ഒരു ചെടിയിൽനിന്ന് പ്രതിവർഷം ലഭിക്കും. ഒരു ഏക്കർ തോട്ടമുള്ള കർഷകന് വർഷം 7 ലക്ഷത്തിന്റെ അടുത്ത് വരവ് ഉണ്ടാകും. മറ്റ് വിളകളെ പോലെ പരിപാലനത്തിന് കാര്യമായ പണചെലവുമില്ല.
നിപയുടെ ആശങ്കയിൽ കർഷകർഏറെ പ്രതീക്ഷയോടെയാണ് മറ്റു വിളകളെല്ലാം ഉപേക്ഷിച്ച് റമ്പൂട്ടാൻ കൃഷിയിലേക്ക് പലരും തിരിഞ്ഞത്. എന്നാൽ നിപയുടെ വരവ് കർഷകരെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. എന്നാൽ റമ്പൂട്ടാനും നിപയ്ക്കും ബന്ധമൊന്നുമില്ല എന്നതാണ് വാസ്തവം. കേരളത്തിൽ കൃഷി വ്യാപകമായതുകൊണ്ട് വവ്വാലിന് ഏറ്റവും എളുപ്പം ലഭിക്കുന്നത് റമ്പൂട്ടാൻ തന്നെ.
വൈറസ് ബാധയുള്ള വവ്വാൽ ഏതോ ഒരു പഴം കടിച്ചിരിക്കാം. രോഗാണുക്കൾ ആ പഴത്തിലേക്കു പകർന്നിരിക്കാം. അത് നിപ്പ ബാധിച്ചു മരിച്ച കുട്ടി കഴിച്ചിട്ടുണ്ടാകാം. ഇതേവരെ സ്ഥിരീകരിക്കാത്ത സാധ്യതകൾ മാത്രമാണ് ഇതെല്ലാം.
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ വവ്വാലിന്റെ ശല്യം ഇല്ലാതെയാക്കാൻ പലവഴികളും തേടാറുണ്ട്. പലയിടത്തും വേണ്ട ശ്രദ്ധ ഇക്കാര്യത്തിൽ ചെലുത്താറുമുണ്ട്. 70 അടി വരെ ഉയരത്തിൽ വളരുന്നതാണ് റമ്പുട്ടാൻ മരം. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ മരത്തിന് പരമാവധി 10 അടി വരെ ഉയരം വയ്ക്കാനേ അനുവദിക്കാവൂ. എങ്കിലേ ചെറിയ കണ്ണികളുള്ള വല കൊണ്ട് മരം മൂടിക്കെട്ടി നിർത്താൻ സാധിക്കൂ. പൂവ് കായ ആകുന്നതു മുതൽ ഇങ്ങനെ മൂടിക്കെട്ടി നിർത്തിയില്ലെങ്കിൽ വവ്വാലുകളുടെ ആക്രമണം തീർച്ചയായും ഉണ്ടാകും.
റമ്പൂട്ടാൻ അഥവാ 'കൊറോണ' പഴംറമ്പൂട്ടാന്റെ പുതിയ പേരാണ് കൊറോണ പഴം. കാഴ്ചയിൽ കൊറോണ വൈറസിന്റെ രൂപമുളളതിനാലാണ് ഇങ്ങനെ പേരുവീണത്. വിയറ്റ് നാം, ഇന്തോനീഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, മലേഷ്യ എന്നീ പ്രദേശങ്ങളിലെ ഭൂപ്രകൃതിയാണ് റമ്പുട്ടാൻ കൃഷിക്ക് അനുയോജ്യം, 22–30 ഡിഗ്രി ചൂടിൽ സമൃദ്ധിയായി വളരും. തൈ നട്ടാൽ ആദ്യ മൂന്നു വർഷം നല്ല തണൽ വേണം. പിന്നീട് നല്ല വെയിലും. അതുകൊണ്ടുതന്നെ വാഴത്തോപ്പുകളിൽ പറ്റിയ കൃഷിയാണ്. ‘റമ്പൂട്ട്’ എന്ന മലയൻ പദത്തിൽനിന്നാണ് റമ്പുട്ടാന് ആ പേരു കിട്ടിയത്. റമ്പുട്ട് എന്നാൽ രോമാവൃതം.
കൊറോണക്കാലത്തെ കർഷകരുടെ പ്രതീക്ഷകോവിഡ് കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഒട്ടേറെ കർഷകരുടെ ജീവിത പ്രതീക്ഷയായിരുന്നു റമ്പൂട്ടാൻ മരങ്ങൾ. നല്ല രീതിയിൽ വല കൊണ്ടു മൂടിത്തന്നെ എല്ലാ മരങ്ങളും അവർ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ റമ്പുട്ടാൻ പഴങ്ങളെല്ലാം നിപ്പ പരത്തുന്നതാണ് എന്ന തെറ്റായ ധാരണ ആർക്കും പാടില്ലെന്നാണ് കർഷകരുടെയും കച്ചവടക്കാരുടെയും അഭ്യർത്ഥന.
'റമ്പൂട്ടാൻ നിപ പരത്തുമെന്നത് തെറ്റിദ്ധാരണ മാത്രം'കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ പ്രൊഫസറും ശാസ്ത്ര രചയിതാവുമായ ഡോ. കെ പി അരവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ- ''കോഴിക്കോട്ട് മാർക്കറ്റുകളിൽ ഇപ്പോൾ റമ്പൂട്ടാൻ ആരും വാങ്ങുന്നില്ലത്രെ. ഇത് തെറ്റിദ്ധാരണ മൂലമാണ്. മാർക്കറ്റുകളിൽ കിട്ടുന്ന ഫലങ്ങൾ തികച്ചും സുരക്ഷിതമാണ്. വവ്വാലുകൾ കടിച്ചിട്ട ഫലങ്ങളിൽ നിന്ന് രോഗം പകരണമെങ്കിൽ അതിന്റെ ഉമിനീർ മുഴുവനായി ഉണങ്ങുന്നതിനു മുൻപ് അത് എടുത്ത് കഴിക്കുകയോ അതെടുത്ത കൈ കഴുകാതെ വായിലേക്കോ മറ്റോ കൊണ്ടു പോവുകയോ വേണം. ഉമിനീർ ഉണങ്ങിക്കഴിഞ്ഞാൽ വൈറസിന് പുറത്ത് അധിക സമയം ജീവിക്കാനാവില്ല. പല മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാർക്കറ്റിൽ എത്തുന്ന ഫലങ്ങളിൽ വൈറസിന്റെ ഒരു സാന്നിധ്യവും ഉണ്ടാവില്ല.
മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന റമ്പൂട്ടാനിൽ നിന്നോ മറ്റു ഫലങ്ങളിൽ നിന്നോ നിപ പകരില്ല. ഉറപ്പ്.''
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.