• HOME
 • »
 • NEWS
 • »
 • explained
 • »
 • ഉത്തരാഖണ്ഡിലെ ജോഷിമഠ് മണ്ണിടിച്ചിൽ മേഖലയായി പ്രഖ്യാപിച്ചു: 610ഓളം കെട്ടിടങ്ങൾക്ക് വിള്ളൽ; 60ലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഉത്തരാഖണ്ഡിലെ ജോഷിമഠ് മണ്ണിടിച്ചിൽ മേഖലയായി പ്രഖ്യാപിച്ചു: 610ഓളം കെട്ടിടങ്ങൾക്ക് വിള്ളൽ; 60ലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടം സംഭവിച്ച മേഖലയിൽ ഒന്നര കിലോമീറ്റർ വ്യാപ്തിയിൽ ഒരു കമാനാകൃതിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

 • Share this:

  ഉത്തരാഖണ്ഡിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ ജോഷിമഠ് എന്ന ചെറുനഗരത്തിൽ ഭൂമി വിണ്ടുകീറുകയും കെട്ടിടങ്ങൾക്ക് വിള്ളലുകൾ ഉണ്ടാകുകയും ചെയ്യുന്ന പ്രതിഭാസമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. പ്രദേശത്ത് ആകെയുള്ള 4,500 കെട്ടിടങ്ങളിൽ 610 എണ്ണത്തിലും വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടം വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ഇതിനോടകം തന്നെ മാറ്റി പാർപ്പിച്ചു. കൂടാതെ ഈ മേഖല മണ്ണിടിച്ചിൽ മേഖലയായി അധികൃതർ പ്രഖ്യാപിക്കുകയും ചെയ്തു.

  ഏതാനും നാളുകളായി ഭീതിജനകമായ ഒരു അന്തരീക്ഷത്തിലൂടെയാണ് ജോഷീമഠ് കടന്നുപോകുന്നത്. പ്രദേശം മണ്ണിടിച്ചിൽ മേഖലയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ജോഷിമഠ് ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും ചേർന്ന് ഉന്നതല യോഗം ചേർന്നിരുന്നു. നിലവിൽ 60-ലധികം കുടുംബങ്ങളെ താൽക്കാലികമായി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും 90 കുടുംബങ്ങളെ കൂടി ഒഴിപ്പിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

  എന്നാൽ ഇവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്നും സ്ഥിതിഗതികൾ എത്രത്തോളം ഗുരുതരമാണെന്നും പരിശോധിക്കാം

  മണ്ണിടിച്ചിൽ

  അനിയന്ത്രിത നിർമ്മാണ പ്രവർത്തനങ്ങളും ഖനനവുമാണ് ഈ പ്രതിഭാസത്തിന് കാരണം എന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ വിലയിരുത്തുന്നു. മണ്ണിടിച്ചിൽ ഒരു ആഗോള പ്രശ്നമാണ്. അമേരിക്കയിൽ 45 സംസ്ഥാനങ്ങളിലായി 17,000 ചതുരശ്ര മൈലിൽ ഭൂമി ഇത്തരത്തിൽ ഇടിഞ്ഞുതാഴുന്ന ഈ പ്രതിഭാസം ബാധിച്ചിട്ടുണ്ട്.

  അതേസമയം, ഭൂമിയിൽ നിന്ന് വെള്ളം, എണ്ണ, പ്രകൃതിവാതകം, ധാതു വിഭവങ്ങൾ എന്നിവ പമ്പിംഗ്, ഫ്രാക്കിംഗ് തുടങ്ങിയ ഖനന പ്രവർത്തനങ്ങളിലൂടെ നേരിട്ട് നീക്കം ചെയ്യുന്നതാണ് മിക്കപ്പോഴും ഇത്തരത്തിലുള്ള നാശത്തിന് കാരണമാകുന്നത്. ഭൂകമ്പങ്ങൾ, മണ്ണൊലിപ്പ്, സിങ്കോൾ രൂപീകരണം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിലേക്കും ഇവ വഴി വച്ചേക്കാം. ഇതുമൂലം ഒരു സംസ്ഥാനം തന്നെയോ അല്ലെങ്കിൽ പ്രദേശങ്ങളോ വലിയ ഭാഗങ്ങളോ ഇടിയാൻ സാധ്യതയുണ്ടെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ പറയുന്നു.

  ഇന്ത്യയിൽ ഭൂമി ഇത്തരത്തിൽ താഴ്ന്ന പോകുന്നത് ഒരു പുതിയ പ്രതിഭാസമല്ല. 2014-2016 കാലഘട്ടത്തിൽ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള കപഷേര പോലെയുള്ള ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഭൂമി പ്രതിവർഷം 11 സെന്റീമീറ്റർ എന്ന തോതിൽ താഴ്ന്നിറങ്ങിയിരുന്നു. ഇത് പ്രതിവർഷം 17 സെന്റിമീറ്ററിൽ കൂടുതലായി കാണപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഭൂഗർഭജലത്തിന്റെ അനിയന്ത്രിതമായ പമ്പിംഗും വലിയ തോതിലുള്ള നഗരവൽക്കരണവുമാണ് ഈ തകർച്ചയുടെ പ്രധാന കാരണമായി കണക്കാക്കുന്നത്.

  എന്നാൽ 2040 ഓടെ ഭൂമിയുടെ ഇത്തരത്തിലുള്ള തകർച്ച ലോകമെമ്പാടുമുള്ള നഗരങ്ങളിൽ കഴിയുന്ന 21 ശതമാനം പേരെ ഏകദേശം 1.2 ബില്യൺ ആളുകളെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യയെ കൂടുതൽ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

  മണ്ണിടിച്ചിലിന്റെ പ്രധാന കാരണങ്ങൾ

  ഭൂമിയുടെ ഈ തകർച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് കളിമണ്ണ് അടിഞ്ഞുകൂടുന്നതാണ്. നഗരത്തിലെ കാര്യക്ഷമമല്ലാത്ത ഡ്രെയിനേജ് സംവിധാനങ്ങൾ മൂലം റോഡുകൾ, പാലങ്ങൾ തുടങ്ങിയവയുടെ നാശത്തിനും വെള്ളപ്പൊക്കത്തിനും ഇത് കാരണമാകും. കൂടാതെ ജോഷിമഠിൽ സംഭവിച്ചതിന് സമാനമായി ഇത് വീടുകളെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുമെന്നും ഭൂമിയുടെ അടിത്തറ ദുർബലമാകുന്നതിനും കെട്ടിടങ്ങളിൽ വിള്ളലുകൾ ഉണ്ടാകുന്നതിനും കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ഈ പ്രതിഭാസം പ്രദേശത്ത് ഭൂകമ്പങ്ങൾക്കും കാരണമായേക്കാം. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ഇടയാക്കാം. 2014-ലെ ഒരു റിപ്പോർട്ട് പ്രകാരം ഭൂമി ഇടിഞ്ഞത് മൂലം ചൈനയിൽ ഏകദേശം 15 ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടായിട്ടുണ്ട്.

  Also read: കശ്മീരിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു; നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി

  ജോഷിമഠം മുങ്ങുകയാണ്

  ജോഷിമഠത്തിലെ നിവാസികളെ സംബന്ധിച്ചിടത്തോളം തങ്ങൾക്ക് വിള്ളലുകൾ ഒരു പുത്തരിയല്ല. കാരണം കഴിഞ്ഞ കുറച്ച് നാളുകളായി അവർ ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. “ജോഷിമഠിൽ കുറച്ചുകാലമായി മണ്ണിടിച്ചിൽ ഉണ്ടാകാറുണ്ട്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി ഇത് വർദ്ധിച്ചു. വീടുകളിലും വയലുകളിലും റോഡുകളിലും വലിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു.”എന്ന് ഗർവാൾ കമ്മീഷണർ സുശീൽ കുമാർ പറഞ്ഞു. കഴിഞ്ഞയാഴ്ച നഗരത്തിന് താഴെയുള്ള ഒരു ജലസംഭരണി തകർന്ന ശേഷമാണ് സ്ഥിതി കൂടുതൽ വഷളായതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രദേശത്തെ ആകെയുള്ള 4,500 കെട്ടിടങ്ങളിൽ 610 കെട്ടിടങ്ങളും വലിയ വിള്ളലുകൾ കണ്ടെത്തിയതിനാൽ ഇവിടെ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതായി അടുത്തിടെ നടത്തിയ ഒരു സർവേയിൽ പറയുന്നു.

  അതേസമയം, ഈ ഗുരുതരമായ പ്രശ്നം വളരെക്കാലമായി ഉണ്ടായിരുന്നു എന്നും എന്നാൽ അത് അവഗണിക്കപ്പെടുകയായിരുന്നുവെന്നും ഈ പ്രശ്നത്തെക്കുറിച്ച് വിദഗ്ധർ അഭിപ്രായപ്പെട്ടു. ജോഷിമഠിൽ മണ്ണിടിച്ചിൽ സാധ്യത വർധിക്കാൻ കാരണം നഗരത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പിഴവുകളാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. നഗരത്തിന് മണ്ണിടിച്ചിലിനെ അതിജീവിക്കാനുള്ള ശേഷി കുറവാണെന്നും ഉയർന്ന തോതിലുള്ള നിർമ്മാണത്തെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും അവർ വിശദീകരിച്ചു. വലിയ തോതിലുള്ള നിർമ്മാണം, ജലവൈദ്യുത പദ്ധതികൾ, ദേശീയ പാതയുടെ വീതി കൂട്ടൽ തുടങ്ങിയവ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി താഴ്ന്ന സ്ഥലങ്ങളെ സാരമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്.

  എന്നാൽ ഈ വിഷയത്തിൽ അനിയന്ത്രിതമായ കെട്ടിട നിർമ്മാണങ്ങളെയും ഡ്രെയിനേജ് പ്രശ്‌നങ്ങളുമാണ് കാരണമെന്ന് ഹേമവതി നന്ദൻ ബഹുഗുണ സർവ്വകലാശാലയിലെ ജിയോളജി വിഭാഗത്തിലെ പ്രൊഫസർ യശ്പാൽ സുന്ദ്രിയാൽ പ്രതികരിച്ചു. എന്നാൽ ജോഷിമഠിലെ വരാനിരിക്കുന്ന ജലവൈദ്യുത പദ്ധതിക്കായുള്ള തുരങ്ക നിർമ്മാണമാണ് പ്രദേശത്തെ ഭൂമിയ്ക്ക് വിള്ളൽ വീഴാനുള്ള ഏറ്റവും വലിയ കാരണമെന്ന് ISB ഹൈദരാബാദിലെ ഫാക്കൽറ്റി അംഗവും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ ഗവൺമെന്റൽ പാനൽ രചയിതാവുമായ അഞ്ജൽ പ്രകാശ് പറഞ്ഞു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും മേഖലയിൽ നിർമ്മാണം തുടരുകയാണെന്ന് പ്രാദേശിക പരിസ്ഥിതി പ്രവർത്തകൻ അതുൽ സത്തി പറഞ്ഞു.“ജോഷിമഠിലെ നിലവിലെ പ്രശ്നങ്ങൾക്ക് പൂർണ ഉത്തരവാദിത്തം എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്കാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

  കൂടാതെ തുരങ്കങ്ങളിലെ തുടർച്ചയായ സ്ഫോടനം നഗരത്തിന്റെ അടിത്തറ ഇളക്കി എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എൻ‌ടി‌പി‌സി പ്രോജക്റ്റ് ഉടനടി നിർത്തി വയ്ക്കുക, ചാർ‌ധാം ഓൾ-വെതർ റോഡ് (ഹാലെംഗ്-മാർ‌വാരി ബൈപാസ്) നിർമ്മാണം നിർത്തി വയ്ക്കുക, വീടുകൾ‌ ഇൻഷുറൻസ് ചെയ്യുന്ന എൻ‌ടി‌പി‌സിയുടെ കരാർ നടപ്പിലാക്കുക, ജോഷിമഠിന്റെ പുനരധിവാസത്തിനായി ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.

  “എന്റെ 15 അംഗങ്ങളുള്ള കുടുംബത്തോട് ഞങ്ങളുടെ വീട് ഒഴിഞ്ഞ് അടുത്തുള്ള ഹോട്ടലിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എത്ര നാൾ നമ്മൾ അവിടെ നിൽക്കും?” ജോഷിമഠത്തിലെ സുനിൽ ഏരിയയിൽ കഷ്ടിച്ച് എട്ട് മാസം മുമ്പ് നിർമ്മിച്ച വീടിന്റെ ഉടമസ്ഥനായ ദുർഗ പ്രശാദ് സക്‌ലാനി ചോദിക്കുന്നു. ജോഷിമഠ് നിവാസികളുടെ മനസ്സിൽ ഇത്തരത്തിൽ നിരവധി ചോദ്യങ്ങളാണ് അവശേഷിക്കുന്നത്.

  കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടം സംഭവിച്ച മേഖലയിൽ ഒന്നര കിലോമീറ്റർ വ്യാപ്തിയിൽ ഒരു കമാനാകൃതിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡ് ഭൂകമ്പത്തിന് ഏറെ സാധ്യതയുള്ള പ്രദേശമായതിനാൽ ഇനിയും ആശങ്കയേറെയാണ്. അതിനാൽ ഒഴിപ്പിക്കൽ നടപടികൾ ഊർജ്ജതമാക്കുകയാണ് സർക്കാർ. കൂടുതൽ പുനരധിവാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിങി ധാമി അറിയിച്ചു. ഒഴിപ്പിക്കലിന് ആവശ്യമെങ്കിൽ ഹെലികോപ്റ്റർ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി നേരത്തെ ജോഷിമഠ് സന്ദർശിച്ചിരുന്നു.

  Published by:user_57
  First published: