എവിടെയാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റ്
എറണാകുളം ജില്ലയിലെ അമ്പലമുകളിന് സമീപം വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിൽ 110 ഏക്കർ സ്ഥലത്ത്.
കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നിന്ന് 4 കിലോ മീറ്റർ അകലെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 22 കിലോ മീറ്റർ അകലെയും കേരള ഹൈക്കോടതിയില്‍ നിന്ന് 15 കിലോ മീറ്റർ അകലെയുമാണ് പ്ലാന്‍റിന്‍റെ സ്ഥാനം.
ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഇവിടെ മാലിന്യം എത്തിക്കുന്നു ?
കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ , കളമശേരി, ആലുവ, അങ്കമാലി എന്നീ അഞ്ച് നഗരസഭകൾ, ചേരാനെല്ലൂർ, കുമ്പളങ്ങി, വടവുകോട് -പുത്തൻകുരിശ് എന്നീ മൂന്ന് പഞ്ചായത്തുകൾ.
ദിവസേന എത്തുന്ന മാലിന്യത്തിന്റെ തോത്
മുന്നൂറിലേറെ ടൺ. 200 ലേറെ ജൈവ മാലിന്യവും അതിന്റെ പകുതിയോളം അജൈവ മാലിന്യവും.
Also Read-ആമസോൺ കാട്ടുതീ: ഡൽഹിയിലെ ബ്രസീൽ എംബസിക്ക് മുന്നിൽ DYFI പ്രതിഷേധം
എത്ര മാലിന്യമാണ് കെട്ടിക്കിടക്കുന്നത് ?
2021 ൽ ഡ്രോൺ സർവേ പ്രകാരം നടത്തിയ കണക്ക് പ്രകാരം 4.55 ലക്ഷം ഘനമീറ്റർ. അതിനുശേഷം വന്ന മാലിന്യം കണക്കിൽ ഇല്ല.ഇതിനു തന്നെ ഏതാണ്ട് 50000 ആനകളുടെ വലുപ്പം വരുമെന്ന് കരുതുന്നു.
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ സംഭവിച്ചത് ?
മാര്‍ച്ച് 2 വൈകിട്ട് 4 മണിയോടെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങുന്ന കൂനയിലേക്ക് തീപടര്‍ന്നു.കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന് പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപിടിത്തം ഉണ്ടായത്
അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. രാത്രിയിൽ കൂടുതൽ അഗ്നിരക്ഷ യൂണിറ്റുകൾ എത്തിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.മുന്‍പ് തീപിടിത്തം ഉണ്ടായപ്പോള്‍ മൂന്ന് ദിവസത്തോളം എടുത്താണ് തീ പൂര്‍ണമായും കെടുത്താനായത്.
തീ പൂര്‍ണമായും കെടുത്താനായില്ല, കൊച്ചിയില്‍ പുകരൂക്ഷം
തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്ത പുക. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. പുക നിയന്ത്രണവിധേയമാക്കുവാന്‍ കഴിയാത്തതിനാല്‍ ബ്രഹ്‌മപുരത്തിനും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഞായറാഴ്ച കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പുകയെത്തും ദൂരം (കിലോമീറ്ററിൽ )
ഇൻഫോപാർക്ക് -1.6
കലൂർ- 6.7
വൈറ്റില- 5.6
പാലാരിവട്ടം- 5.8
കുണ്ടന്നൂർ- 7.5
മരട്- 8
തേവര- 9
തോപ്പുംപടി- 13
ഫോർട്ടുകൊച്ചി- 13.5
തീ അണയ്ക്കാന്‍ ആരൊക്കെ?
കൊച്ചി കോർപ്പറേഷൻ, കേരള അഗ്നിരക്ഷാ സേന, പൊലീസ്, ഹെൽത്ത് സർവീസ്, ഇലക്‌ട്രിസിറ്റി ബോർഡ്, ഭാരത് പെട്രോളിയം, സിയാൽ എന്നിവയുടെ ഫയർ സേഫ്റ്റി ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കോ-ഓർഡിനേഷൻ കമ്മിറ്റി തീ അണയ്ക്കാനുള്ള ശ്രമങ്ങളില്‍ ഭാഗമാണ്
എന്താണ് ആക്ഷന്‍ പ്ലാന്‍
നൂറു ഏക്കറോളമുള്ള മാലിന്യക്കൂമ്പാരത്തിന്റെ തീപിടിച്ച ഭാഗത്തെ ആറു മേഖലകളായി തിരിച്ചുകൊണ്ടുള്ള തീയണയ്ക്കല്‍ സമീപനമാണ് നടത്തുന്നത്. ഇതില്‍ നാല് മേഖലകളിലെ തീയണയ്ക്കുന്നതിന് അഗ്‌നിരക്ഷാ സേനാ യുണിറ്റുകളും ബാക്കി സ്ഥലങ്ങളില്‍ നേവി, കൊച്ചിന്‍ റിഫൈനറി എന്നിവയുടെ യുണിറ്റുകളുമാണ് ഉപയോഗിക്കുന്നത്. ഈ രീതിയില്‍ മേഖല തിരിച്ചുള്ള തീയണയ്ക്കല്‍ തുടരുന്നതാണ് അഭികാമ്യമെന്ന് ഉന്നതതലയോഗം നിര്‍ദേശിച്ചു. നിലവിലുള്ള 27 യൂണിറ്റുകള്‍ക്ക് പുറമേ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെയും സിയാലിന്റെയും അധിക യൂണിറ്റുകളെ ഞായറാഴ്ച്ച വിന്യസിക്കും.
കൊച്ചിയിലെ മാലിന്യശേഖരണം
മൂന്ന് ദിവസത്തിലേറെയായി തുടരുന്ന തീപിടിത്തത്തെ തുടർന്ന് കൊച്ചിയിൽ മാലിന്യശേഖരണം നിലച്ചിരിക്കുകയാണ്. അതിനാൽ നഗരസഭയും ജില്ലാ കലക്ടറും ചേർന്ന് മാലിന്യ ശേഖരണം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രിതല യോഗത്തില്‍ തീരുമാനം. നഗരത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള താൽക്കാലിക സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം
തീ അണയ്ക്കുന്നതിന് തടസം എന്താണ്
ടണ്‍ കണക്കിനുള്ള മാലിന്യ കൂമ്പാരത്തിലെ പ്ലാസ്റ്റിക് പാളികള്‍ മൂലം തീ അണയ്ക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നതായി അഗ്നിരക്ഷാസേനാ അംഗങ്ങള്‍ പറഞ്ഞു. കൊടും ചൂടിനെ തുടര്‍ന്ന് എല്ലാ വര്‍ഷവും ഈ സമയത്ത് ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടാകാറുണ്ട്.
നിലവിലെ സ്ഥിതി
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണ വിധേയമായി. ഞായറാഴ്ച (മാര്‍ച്ച് 5) വൈകുന്നേരത്തോടെ തീ പൂർണമായും അണയ്ക്കാനാകുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മന്ത്രി പി രാജീവ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് മാസ്ക് വച്ച് പുറത്തിറങ്ങാമെന്നുമാണ് നിർദേശം. നഗരത്തിലെ മാലിന്യ നീക്കത്തിനു താൽകാലിക നടപടി തുടങ്ങാൻ കാെച്ചി കോർപ്പറേഷന് നിർദേശം നൽകി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.