കൊൽക്കത്ത-ബാങ്കോക്ക് ഹൈവേ; 2027ൽ തുറക്കാൻ സാധ്യത
- Published by:Vishnupriya S
- news18-malayalam
Last Updated:
ഹൈവേയുടെ ദൂരം ഏകദേശം 2,800 കിലോമീറ്ററോളം വരും
കൊൽക്കത്ത-ബാങ്കോക്ക് ഹൈവേയുടെ നിർമ്മാണം 2027 ഓടെ പൂർത്തിയാകുമെന്ന് റിപ്പോർട്ട്. ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന നാഴികക്കല്ലായി ഈ ഹൈവേ മാറും എന്നാണ് പ്രതീക്ഷ. ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോർപ്പറേഷൻ ( BIMSTEC) പദ്ധതിയുടെ ഭാഗമായാണ് കൊൽക്കത്തയെയും ബാങ്കോക്കിനെയും ബന്ധിപ്പിക്കുന്ന ഈ ഹൈവേ നിർമ്മിക്കുന്നത്. 2002 ഏപ്രിലിൽ മ്യാൻമറിലെ യാങ്കൂണിൽ നടന്ന ഇന്ത്യ, മ്യാൻമർ, തായ്‌ലൻഡ് അടങ്ങിയ മന്ത്രിതല യോഗത്തിൽ ആണ് ത്രിരാഷ്ട്ര ഹൈവേ എന്ന ആശയം അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് മുന്നോട്ട് വെച്ചത് .
പദ്ധതിയുടെ നിർമ്മാണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഈ ഹൈവേയുടെ ദൂരം ഏകദേശം 2,800 കിലോമീറ്ററോളം വരും. ബാങ്കോക്കിൽ തുടങ്ങി മ്യാൻമറിലെ സുഖോത്തായി, മേ സോട്ട്, മണ്ടലേ, യാങ്കൂൺ, കലേവ, തമു എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന ഹൈവേ ബാങ്കോക്കിലൂടെയും ഇന്ത്യയിലെ കൊഹിമ, മോറെ, ശ്രീരാംപൂർ, ഗുവാഹത്തി, കൊൽക്കത്ത, സിലിഗുരി എന്നിവ വഴിയും കടന്നുപോകും. റിപ്പോർട്ടുകൾ പ്രകാരം ഹൈവേയുടെ ഏറ്റവും നീളം കൂടിയ ഭാഗം ഇന്ത്യയിലും കുറവ് തായ്‌ലൻഡിലും ആയിരിക്കും.
advertisement
നിലവിൽ ഈ പദ്ധതിയുടെ ഭൂരിഭാഗം പണികളും തായ്‌ലൻഡിൽ ഇതിനകം പൂർത്തിയായതായി തായ്‌ലൻഡിലെ വിദേശകാര്യ ഉപമന്ത്രി വിജാവത് ഇസാരഭക്ദി അറിയിച്ചിട്ടുണ്ട്. കൂടാതെ മ്യാൻമറിലെ 1,512 കിലോമീറ്റർ ഹൈവേയുടെ ഭൂരിഭാഗവും നിർമാണം പൂർത്തിയായെന്നുംബാക്കിയുള്ള ഭാഗങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും മ്യാൻമറിലെ വ്യാപാര മന്ത്രി ഓങ് നൈനിംഗ് ഓ യും വ്യക്തമാക്കി. കലേവയ്ക്കും യാർഗിക്കും ഇടയിലുള്ള റോഡിന്റെ 121.8 കിലോമീറ്റർ ഭാഗം നാലുവരിപ്പാതയാക്കി മാറ്റാൻ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഹൈവേ വഴി ഇന്ത്യയ്ക്കും തായ്‌ലൻഡിനും ഇടയിൽ ഫലപ്രദമായ ബന്ധം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും ഉൽപ്പന്നങ്ങളും ചരക്കുകളും കൊണ്ടുപോകുന്നതിനുള്ള സമയവും ചെലവും ഇത് ഗണ്യമായി കുറയ്ക്കും എന്നും കരുതുന്നു. കൂടാതെ ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുകയും അതിർത്തി കടന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക വികസനത്തിലേക്ക് ഇത് വഴി വയ്ക്കുകയും ചെയ്യും. ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള വിനോദസഞ്ചാരം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
advertisement
പദ്ധതിയുടെ ചരിത്രം
160 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യയെയും മ്യാൻമാറിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ (മോറെ-തമു-കലേവ-കലെമിയോ) നിർമാണ പദ്ധതി മുൻപ് ഇന്ത്യയുടെ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) ഏറ്റെടുത്തിരുന്നു. 2009 വരെ ഇരുവരും ഈ പാത നിലനിർത്തുകയും ചെയ്തു. എന്നാൽ അതിനുശേഷം റോഡിലെ എല്ലാ പാലങ്ങളും മ്യാൻമറിൽ നവീകരിക്കേണ്ടതായി വന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അത് അന്ന് നിർത്തി വയ്ക്കുകയായിരുന്നു.
advertisement
ശേഷം 2012 മെയിൽ അന്നത്തെ മൻമോഹൻ സിംഗ് ഭരണകൂടം നിലവിലുള്ള ഹൈവേയെ നാലുവരിപ്പാതയാക്കി മാറ്റുന്നതിനും 71 പാലങ്ങൾ പുനർനിർമിക്കുന്നതിനും ഇന്ത്യ 100 മില്യൺ ഡോളർ (8.192 ബില്യൺ രൂപ) ചെലവഴിക്കുമെന്ന പ്രഖ്യാപനം നടത്തി . എന്നാൽ, 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേൽക്കുന്നത് വരെ ഇത് നടപ്പാക്കിയില്ല.
പിന്നീട് 2016 ഓഗസ്റ്റിൽ ഇന്ത്യയും മ്യാൻമറും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുകയായിരുന്നു. തമു മുതൽ കാലേവ വരെയുള്ള 146.28 കിലോമീറ്റർ ദൂരത്തിൽ 69 പാലങ്ങൾ നിർമ്മിക്കാൻ ഇന്ത്യ ധനസഹായം നൽകുമെന്നും ഉറപ്പുനൽകി . 2017 നവംബറിൽ, 27.28 മില്യൺ ഡോളർ ചെലവിൽ റോഡിന്റെ 160 കിലോമീറ്റർ ഭാഗത്തിന്റെ നവീകരണം പൂർത്തിയായി. കൂടാതെ ഹൈവേയുടെ മ്യാൻമർ സെക്ടറിലെ എല്ലാ പണികളും പൂർത്തിയാക്കാൻ 2017 ഓഗസ്റ്റിൽ ഇന്ത്യ 256 മില്യൺ ഡോളർ അനുവദിക്കുകയും ചെയ്തു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 17, 2023 6:46 PM IST