വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരുടെ ഗാർഹികപീഡനം മുതൽ നഷ്ടപരിഹാരം വരെ
- Published by:Naseeba TC
- news18-malayalam
Last Updated:
ലിവ്- ഇൻ റിലേഷൻ ഇന്ത്യയിൽ നിയമപരമാണോ? പങ്കാളികൾക്ക് എന്തെങ്കിലും അവകാശങ്ങളും പരിരക്ഷകളും നിയമപ്രകാരം ലഭിക്കുന്നുണ്ടോ?
ഡൽഹിയിൽ (Delhi) അഫ്താബ് പൂനവാല (Aaftab Poonawalla) എന്ന ചെറുപ്പക്കാരൻ ലിവ് -ഇൻ പങ്കാളിയായ (live-in partner) ശ്രദ്ധ വാക്കർ (Shraddha Walkar) എന്ന യുവതിയെ കൊന്ന് 35 കഷ്ണങ്ങളാക്കിയ വാര്‍ത്ത കേട്ടതിന്റെ നടുക്കത്തിലാണ് രാജ്യം. ഞെട്ടിക്കുന്ന ഈ കൊലപാതക കേസിന്റെ ചുരുളഴിക്കാനുള്ള അന്വേഷണത്തിലാണ് പോലീസ്. ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് (dating app) ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഒരുമിച്ച് ജീവതമാരംഭിച്ച ഇവരുടെ ബന്ധം പക്ഷേ ശ്രദ്ധ വാക്കറിന്റെ കൊലപാതകത്തോടെ ക്രൂരവും ദാരുണവുമായ രീതിയിൽ അവസാനിക്കുകയാണ് ചെയ്തത്. ഈ കേസ് ഇന്ത്യയിലെ ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചും അവയുടെ നിയമസാധുതയെക്കുറിച്ചും ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ലിവ്- ഇൻ റിലേഷനുകൾ (live-in relationships) ഇന്ത്യയിൽ നിയമപരമാണോ എന്നും ഇത്തരത്തിൽ ജീവിക്കുന്ന പങ്കാളികൾക്ക് എന്തെങ്കിലും അവകാശങ്ങളും പരിരക്ഷകളും നിയമപ്രകാരം ലഭിക്കുന്നുണ്ടോ എന്നും ന്യൂസ് 18 വിശദീകരിക്കുന്നു:
വിവാഹത്തിന്റെ സ്വഭാവത്തിലുള്ള ബന്ധം
ഇന്ത്യയിൽ ലിവ്-ഇൻ ബന്ധങ്ങൾ ഇതുവരെ സാമൂഹികമായി സ്വീകാര്യമായിട്ടില്ല എങ്കിലും ഒരു നിയമപ്രകാരവും ഇവർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ലീഗൽ സർവീസസ് ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നു. ഈ രാജ്യത്ത് സാമൂഹികമായി അസ്വീകാര്യമാണെങ്കിലും, ലിവ്-ഇൻ അല്ലെങ്കിൽ വിവാഹം പോലുള്ള ബന്ധം കുറ്റമോ പാപമോ അല്ലെന്ന് ഇന്ദിര ശർമ്മ വെഴ്സസ് വികെവി. ശർമ്മ കേസിലെ സുപ്രീംകോടതി വിധിയിൽ പറയുന്നുണ്ട്. ഈ സുപ്രധാന തീരുമാനത്തിൽ, 2005-ലെ ഗാർഹിക പീഡന നിയമപ്രകാരം ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളുടെ സംരക്ഷണത്തിനായി, വിവാഹത്തിന്റെ സ്വഭാവത്തിൽ ആവിഷ്കരിക്കാവുന്ന ബന്ധങ്ങളുടെ കൂടെ ലിവ്-ഇൻ റിലേഷൻഷിപ്പുകൾ ഉൾപ്പെടുത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കൂടി ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിഭാവനം ചെയ്തിട്ടുണ്ട്. എന്നാൽ ലിവ്-ഇൻ ബന്ധങ്ങളുമായി നേരിട്ട് കൈകാര്യം ചെയ്യുന്ന ഒരു നിയമവും നിലവിൽ ഇല്ല, ഭരണഘടനയുടെ രൂപീകരണ സമയത്ത് വ്യാപകമായി നടപ്പിലാകാതിരുന്ന ഒരു പുതിയ രീതിയാണ് ഇതെന്നതാണ് അതിന് കാരണം.
advertisement
2005-ലെ, ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, എല്ലാവരും ഒരുമിച്ച താമസിക്കുന്ന വീടുകളിൽ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന പങ്കാളികളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനാണ്. കൂടാതെ ഇത് വിവാഹത്തിന്റെ സ്വഭാവത്തിലുള്ള ബന്ധത്തിനും വിവാഹിതരായ ദമ്പതികൾക്കും ബാധകമാണെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നുണ്ട്.
Also Read- പണമിടപാടുകളും ചാറ്റുകളും തെളിവ്; കാമുകിയെ കഷണങ്ങളാക്കിയ അഫ്താബ് കുടുങ്ങിയത് പോലീസിന്റെ ഒറ്റച്ചോദ്യത്തിൽ
ശാരീരികമായോ മാനസികമായോ വാക്കാലോ സാമ്പത്തികമായോ ഉള്ള പീഡനങ്ങൾക്ക് വിധേയയായാൽ പിഡബ്ല്യുഡിവി നിയമപ്രകാരം ഒരു സ്ത്രീക്ക് നഷ്ടപരിഹാരം തേടാൻ അവകാശമുണ്ട്. ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നവർക്ക് നിരവധി അവകാശങ്ങളും സംരക്ഷണങ്ങളും നൽകുന്നു. ഡി.വേലുസ്വാമി വെഴ്സസ് ഡി.പാച്ചായമ്മാൾ കേസിൽ പ്രസ്തുത നിയമത്തിലെ സെക്ഷൻ 2(എ) പ്രകാരം പീഡിപ്പിക്കപ്പെട്ട വ്യക്തി എന്ന വാക്കിന് വിശാലമായ അർത്ഥം സുപ്രീംകോടതി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
സെക്ഷൻ 2(എ) പ്രകാരം നിർദ്ദേശിക്കുന്ന ഒരു ലിവ്-ഇൻ ബന്ധത്തിന്റെ അഞ്ച് ഘടകങ്ങൾ ഇവയാണ്:
ഇരുകൂട്ടരും പൊതുസമൂഹത്തിൽ ഭാര്യാഭർത്താക്കന്മാരായി പെരുമാറുകയും ഭാര്യാഭർത്താക്കന്മാരായി അംഗീകരിക്കപ്പെടുകയും വേണം. ഇരുവർക്കും നിയമപരമായ വിവാഹപ്രായം ഉണ്ടായിരിക്കണം. ഇരുവരും വിവാഹത്തിന് യോഗ്യത ഉള്ളവരായിരിക്കണം. ഇവിടെ യോഗ്യത എന്നതിനർത്ഥം ബന്ധത്തിന്റെ സമയത്ത് ഒരു പങ്കാളിയും മറ്റൊരു ഭാര്യ/ഭർത്താവിന്റെ കൂടെ ജീവിക്കാൻ പാടില്ല എന്നാണ്. ഇവർ വളരെക്കാലം സ്വമേധയാ ഒരുമിച്ചു ജീവിക്കണം. ഇവർ ഒരുമിച്ച് ഒരേ വീട്ടിൽ താമസിക്കുകയും വേണം. ഗാർഹിക പീഡന നിയമത്തിന്റെ ഉദ്ദേശ്യങ്ങൾക്കായി എല്ലാ ലിവ്-ഇൻ ബന്ധങ്ങളും വിവാഹം പോലുള്ള ബന്ധങ്ങളായി കണക്കാക്കാൻ യോഗ്യമല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത്തരമൊരു ആനുകൂല്യം ലഭിക്കുന്നതിന്, മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കുകയും തെളിവുകൾ ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തുകയും വേണം.
advertisement
Also Read- മുംബൈയിൽ തളിരിട്ട പ്രണയം; വീടുവിട്ടിറങ്ങിയ ശ്രദ്ധ കാമുകന്റെ ഫ്രിഡ്ജിൽ 35 കഷണങ്ങളായതെങ്ങിനെ?
ഇന്ത്യയിലെ പാലിമോണി
1976-ൽ മാർവിൻ വെഴ്സസ് മാർവിൻ എന്ന പ്രസിദ്ധമായ കേസിൽ കാലിഫോർണിയ സുപ്പീരിയർ കോടതിയാണ് "പാലിമോണി" (palimony) എന്ന പദം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉപയോഗിച്ചത്. ഒരു പുരുഷനെ വിവാഹം കഴിക്കാതെ ദീർഘകാലം അവനോടൊപ്പം ജീവിക്കുകയും പിന്നീട് ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു സ്ത്രീക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനെയാണ് ‘പാലിമോണി’ എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. പ്രശസ്ത ചലച്ചിത്ര നടൻ ലീ മാർവിൻ ഉൾപ്പെട്ട കേസായിരുന്നു ഇത്. മിഷേൽ എന്ന സ്ത്രീ വിവാഹം കഴിക്കാതെ വർഷങ്ങളോളം അദ്ദേഹത്തോടൊപ്പം ജീവിച്ചു, എന്നാൽ അദ്ദേഹം അവളെ പിന്നീട് ഉപേക്ഷിക്കുകയും അവൾ പാലിമോണി അവകാശപ്പെടുകയും ചെയ്തു. ഇതേ തുടർന്ന്, പാലിമോണി എന്ന ആശയം യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിരവധി കോടതി തീരുമാനങ്ങളിൽ പരിഗണിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിന്റെ ഒരു റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ ചന്മുനിയ വേഴ്സസ് വീരേന്ദ്ര കുമാർ സിംഗ് കുശ്വാഹ, ഡി വേലുസാമി വെഴ്സസ് ഡി പാച്ചായമ്മാൾ എന്നീ കേസുകളിലാണ് പാലിമോണി എന്ന വാക്കിന്റെ അർത്ഥം ആദ്യമായി സുപ്രീം കോടതി ചർച്ച ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു ലിവ്-ഇൻ ബന്ധത്തിന്റെ കാര്യത്തിൽ പാലിമോണി അനുവദിക്കാവുന്നതാണ്.
advertisement
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 25, സിആർപിസി സെക്ഷൻ 125, ഗാർഹിക പീഡന നിയമം 2005, സ്പെഷ്യൽ മാര്യേജ് ആക്ട് 1954 ലെ സെക്ഷൻ 37 എന്നിങ്ങനെയുള്ള വിവിധ വ്യവസ്ഥകൾക്ക് കീഴിൽ ഇന്ത്യയിൽ വിവഹബന്ധം വേര്‍പെടുത്തിയ ഭാര്യക്ക് ഭര്‍ത്താവ് നല്‍കുന്ന സാമ്പത്തിക സഹായമായ ജീവനാംശം അനുവദിച്ചിട്ടുണ്ട്, എന്നാൽ രാജ്യത്തെ ഒരു നിയമത്തിലും 'പാലിമോണി' സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകളൊന്നും ഉണ്ടാക്കിയിട്ടില്ല എന്നതാണ് പ്രധാന കാര്യം. തത്ഫലമായി, പാലിമോണിയെ ജീവനാംശത്തിന് തുല്യമായി കണക്കാക്കാമോ എന്നത് ചൂടേറിയ ചർച്ചാവിഷയമായി മാറി.
advertisement
ജസ് കോർപസ് ലോ ജേണലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഒരു പുരുഷനെ നിയമപരമായി വിവാഹം കഴിച്ച ഒരു സ്ത്രീക്ക് സിആർപിസിയുടെ സെക്ഷൻ 125 പ്രകാരം അവനിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാം. എന്നിരുന്നാലും, ഒരു സ്ത്രീക്ക് അവളുടെ ലിവ്-ഇൻ ബന്ധം വിവാഹത്തിന്റെ സ്വഭാവത്തിലായിരുന്നുവെന്നും അത് ഒരു ഗാർഹിക ബന്ധമാണെന്നും തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ ജീവനാംശം ആവശ്യപ്പെടാൻ കഴിയൂ. 2005ലെ ഗാർഹിക പീഡന സംരക്ഷണ നിയമത്തിലെ സെക്ഷൻ 20(3) പ്രകാരം വിവാഹത്തിന്റെ സ്വഭാവം സ്ഥാപിക്കുന്നതിനുള്ള ഘടകങ്ങൾ മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. ലിവ് -ഇൻ ബന്ധത്തിലുള്ള സ്ത്രീക്ക് ഇത്തരത്തിലുള്ള ആനുകൂല്യം ലഭിക്കുന്നതിന് മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കുകയും തെളിവുകൾ നൽകുകയും വേണം.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 18, 2022 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരുടെ ഗാർഹികപീഡനം മുതൽ നഷ്ടപരിഹാരം വരെ