പ്രധാനമന്ത്രി മോദി നമീബിയയിൽ; ആ രാജ്യവും ആഫ്രിക്കന്‍ ഭൂഖണ്ഡവും ഇന്ത്യയ്ക്ക് പ്രധാനമാകുന്നത് എന്തുകൊണ്ട്?
- Published by:ASHLI
- news18-malayalam
Last Updated:
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ രാജ്യത്തേക്ക് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്
ജൂലൈ ഒമ്പതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ സന്ദർശനത്തിനായി എത്തുന്നത്. ഗ്ലോബല്‍ സൗത്തിലെ അഞ്ച് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി മോദി അവസാനഘട്ടത്തിലാണ് നമീബിയയില്‍ എത്തുന്നത്.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ദക്ഷിണാഫ്രിക്കന്‍ രാജ്യത്തേക്ക് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. സാങ്കേതികവിദ്യ, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, വികസനം, സുരക്ഷ എന്നിവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് മോദിയുടെ സന്ദര്‍ശനം ഒരു പ്രോത്സാഹനമാകുമെന്ന് കരുതുന്നതായി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ-നമീബിയ സൗഹൃദത്തിന്റെ ചരിത്രം
ഇന്ത്യയും നമീബിയയും ഒരു കൊളോണിയല്‍ ഭൂതകാലം പങ്കിടുന്നതിനൊപ്പം കൊളോണിയല്‍ കാലഘട്ടത്തിന് ശേഷമുള്ള പങ്കാളിത്തവും നിലനിര്‍ത്തുന്നുണ്ട്. 1946ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നമീബിയയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യ ചോദ്യം ചെയ്തിരുന്നു. നമീബിയയുടെ വിമോചന സമരത്തിന് നേതൃത്വം നല്‍കിയ സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിള്‍സ് ഓര്‍ഗനൈസേഷന്റെ(SWAPO) ആദ്യ എംബസി 1986ല്‍ ന്യൂഡല്‍ഹിയില്‍ സ്ഥാപിതമായി.
advertisement
ചേരിചേരാ പ്രസ്ഥാനം വഴി പൂര്‍ണ നയതന്ത്രപദവിയും ഉറച്ച പിന്തുണയും നല്‍കുന്നതിനൊപ്പം ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചന ശക്തികള്‍ക്കെതിരായ നമീബിയയുടെ വിമോചന സമരത്തിലെ പോരാളികള്‍ക്ക് ഇന്ത്യ ഭൗതിക സഹായവും സൈനിക പരിശീലനവും വാഗ്ദാനം ചെയ്തു.
1990 മാര്‍ച്ചില്‍ നമീബിയ സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്തെ ഇന്ത്യന്‍ ഒബ്‌സര്‍വര്‍ മിഷന്‍ ഒരു ഹൈക്കമ്മിഷനായി ഉയര്‍ത്തി. 1994 ആയപ്പോഴേക്കും നമീബിയ തങ്ങളുടെ പൂര്‍ണമായ റസിഡന്റ് മിഷനും ന്യൂഡല്‍ഹിയില്‍ തുറന്നു.
സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിള്‍സ് ഓര്‍ഗനൈസേഷന്റെയുടെ നേതാവും നമീബിയയുടെ സ്ഥാപക പ്രസിഡന്റുമായ സാം നുജോമ 11 തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ''നമ്മുടെ ദേശീയ വിമോചന പ്രസ്ഥാനത്തിന് വളരെ ദുഷ്‌കരമായ സമയത്ത് ഇന്ത്യ വളരെ നിര്‍ണായകമായ സഹായം നമുക്ക് നല്‍കിയെന്ന്'' അദ്ദേഹം തന്റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്.
advertisement
1998ല്‍ മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ആണ് മുമ്പ് അവസാനം നമീബിയ സന്ദര്‍ശിച്ചത്. ചേരിചേരാ യോഗത്തിനായി ഡര്‍ബനിലേക്ക് പോകുന്ന വഴി അദ്ദേഹം വിന്‍ഡ്‌ഹോക്കില്‍ ഇറങ്ങുകയായിരുന്നു. ആ വര്‍ഷം മേയില്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തെ ദക്ഷിണാഫ്രിക്ക വിമര്‍ശിക്കുമെന്ന് കരുതിയിരുന്നു. ഇതിന് മുന്നോടിയായി നമീബിയയില്‍ നിന്ന് പിന്തുണ തേടുകയായിരുന്നു ലക്ഷ്യം.
2016ല്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും നമീബിയ സന്ദര്‍ശിച്ചിരുന്നു.
നമീബിയ ഇന്ത്യയ്ക്ക് പ്രധാനമായത് എന്തുകൊണ്ട്?
ആഫ്രിക്കന്‍ ഭൂഖണ്ഡവുമായി ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ട ബന്ധമുണ്ട്. വ്യാപാരം, വികസനം, സുരക്ഷ, ഊര്‍ജസഹകരണം എന്നിവയിലെ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ഇന്ത്യ താത്പര്യപ്പെടുന്നു. ശേഷി വര്‍ധിപ്പിക്കല്‍, പ്രാദേശിക ഉടമസ്ഥാവകാശം, പങ്കാളിത്തം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും ധാര്‍മിക നയതന്ത്രത്തിലൂട സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതിലൂടെയും കൂടുതല്‍ ആശ്രയിക്കാവുന്ന ഒരു ദീര്‍ഘകാല, സുസ്ഥിര സഹകരണ മാതൃക സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. നമീബിയെ സംബന്ധിച്ചിടത്തോളം ഉഭയകക്ഷി ബന്ധത്തിലെ പ്രധാന ഘടകങ്ങളായ ധാതുക്കള്‍, ഊര്‍ജം, സമ്പദ് വ്യവസ്ഥ, ശേഷി വര്‍ധിപ്പിക്കല്‍, വികസന സഹായം എന്നിവയെല്ലാം ഉള്‍പ്പെടുന്നു. അടുത്തിടെ ഇന്ത്യയുടെ ചീറ്റ പദ്ധതിയും നയതന്ത്രതലത്തില്‍ പ്രാധാന്യം നേടിയിട്ടുണ്ട്.
advertisement
ലോകത്തിലെ മൂന്നാമത്തെ വലിയ യുറേനിയം ഉത്പാദക രാജ്യമാണ് നമീബിയ. കൂടാതെ, ലിഥിയം, സിങ്ക്, അപൂര്‍വ ലോഹങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിലും അവര്‍ മുന്നില്‍ നില്‍ക്കുന്നു. അതിനാല്‍ പ്രയോജനകരമായ ഊര്‍ജ സുരക്ഷയ്ക്കും നിര്‍ണായകമായ ധാതുപങ്കാളിത്തത്തിനും വലിയ സാധ്യതകളാണ് ഇന്ത്യ-നമീബിയ ബന്ധത്തില്‍ കല്‍പ്പിക്കപ്പെടുന്നത്.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയയും നമീബിയയും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. 2023 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 654 മില്ല്യണ്‍ ഡോളറിലെത്തി. ഇന്ത്യയുടെ കയറ്റുമതി 418 മില്ല്യണ്‍ ഡോളറും നമീബിയയില്‍ നിന്നുള്ള ഇറക്കുമതി 235 മില്ല്യണ്‍ ഡോളറുമാണ്. മിനറല്‍ ഓയില്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ധാന്യങ്ങള്‍ എന്നിവയാണ് പ്രധാന വ്യാപാര ഇനങ്ങള്‍.
advertisement
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നമീബിയയിലെ ഇന്ത്യയുടെ നിക്ഷേപം 800 മില്ല്യണ്‍ ഡോളറാണെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. സിങ്ക്, വജ്ര സംസ്‌കരണം എന്നിവയിലാണ് ഭൂരിഭാഗം നിക്ഷേപവും.
ഇന്ത്യ നല്‍കിയ 12 മില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായത്തിലൂടെ നമീബിയ സര്‍വകലാശാലയിലെ ഓങ്വേഡിവ കാംപസില്‍ ഒരു ഇന്ത്യ വിംഗ് സ്ഥാപിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രധാന ശേഷി വികസന സംരംഭമായ ഇന്ത്യന്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (ITEC) പ്രോഗ്രാമിന് കീഴില്‍ നമീബിയന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍, പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍, ക്രിക്കറ്റ് കളിക്കാര്‍ എന്നിവര്‍ക്ക് ഇന്ത്യ പരിശീലനം നല്‍കിയിട്ടുണ്ട്.
advertisement
2021 മാര്‍ച്ചില്‍ നമീബിയയ്ക്ക് 30000ഡോസ് കോവിഷീല്‍ഡ് കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ നല്‍കി. 2019ലും 2017ലും നമീബിയയ്ക്ക് വരള്‍ച്ചാ ദുരിതാശ്വാസമായി ഇന്ത്യ അരി നല്‍കിയിരുന്നു. കൂടാതെ വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്ത സമയത്ത് ഇന്ത്യ ഒന്നിലധികം തവണ സഹായിച്ചിട്ടുണ്ട്. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് നമീബിയ പിന്തുണ നല്‍കിയിട്ടുണ്ട്.
2022ല്‍ നമീബിയയില്‍ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ധാരാണാപത്രം ഒപ്പുവെച്ചു. ഇത് പ്രകാരം എട്ട് ചീറ്റകളെയാണ് ഇന്ത്യയിലെത്തിച്ചത്.
ആഫ്രിക്കയില്‍ ഇന്ത്യയും ചൈനയും
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ചൈന ആഫ്രിക്കയുടെ ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര പങ്കാളിയായി മാറിയിട്ടുണ്ട്. 200 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാര പങ്കാളിത്തം കഴിഞ്ഞു. 2023ല്‍ ഏകദേശം 100 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരം നടത്തി ഇന്ത്യ നാലാം സ്ഥാനത്തുണ്ട്.
advertisement
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആഫ്രിക്കയിലെ ഏറ്റവും വലിയ പത്താമത്തെ എഫ്ഡിഐ സ്രോതസ്സാണ് ഇന്ത്യ. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 43 രാജ്യങ്ങളിലായി ഇന്ത്യ 206 അടിസ്ഥാന സൗകര്യ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 65 പദ്ധതികള്‍ നിര്‍മാണഘട്ടത്തിലാണ്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 1996 മുതല്‍ ഇന്ത്യ ആഫ്രിക്കയില്‍ 76 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. 2023 ആകുമ്പോഴേക്കും ഇത് 150 ബില്ല്യണ്‍ ഡോളറായി ഉയരും. ആഫ്രിക്കന്‍ കോണ്ടിനെന്റല്‍ ഫ്രീ ട്രേഡ് ഏരിയ ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിച്ചു. സാമ്പത്തിക പുരോഗതി ഉറപ്പാക്കുകയും ദാരിദ്ര്യം കുറയ്ക്കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.
ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റിവ്, 2000ല്‍ സ്ഥാപിതമായ പങ്കാളിത്ത പ്ലാറ്റ്‌ഫോമായ ഫോറം ഓണ്‍ ചൈന-ആഫ്രിക്ക സഹകരണം എന്നിവയുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ വിവിധ തന്ത്രപ്രധാനമായ പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും ചൈന ആഫ്രിക്കയുമായുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചൈന ആഫ്രിക്കയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുമ്പോള്‍ ഈ രാജ്യങ്ങള്‍ ചൈനയുടെ കടക്കെണയില്‍ വീഴുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. റേഡിയോ ആക്ടീവ് മൂലകങ്ങള്‍ക്കായുള്ള നമീബിയയിലെ ഏറ്റവും ഉത്പാദനക്ഷമമായ രണ്ട് ഖനികളുടെയും ഉടമസ്ഥാവകാശം ചൈനീസ് കമ്പനികള്‍ക്കാണ്.
അതേസമയം, ആഫ്രിക്കയുമായുള്ള ഇടപെടലിനെക്കുറിച്ച് ഇന്ത്യ വളരെ വിപുലവും മാനുഷികവുമായ വീക്ഷണമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ ബന്ധത്തെ ഇന്ത്യ എങ്ങനെ കാണുന്നു എന്ന് പ്രധാനമന്ത്രി മോദി മുമ്പ് വ്യക്തമാക്കിയിരുന്നു: ''ഇന്ത്യയുടെ മുന്‍ഗണന ആഫ്രിക്ക മാത്രമല്ല, മറിച്ച് ആഫ്രിക്കക്കാരാണ്. ആഫ്രിക്കയിലെ ഓരോ പുരുഷനും സ്ത്രീയും കുട്ടിയും അതില്‍ ഉള്‍പ്പെടുന്നു. ആഫ്രിക്കയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം തന്ത്രപരമായ ആശങ്കകള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും അപ്പുറമാണ്. ഞങ്ങള്‍ പങ്കിടുന്ന വൈകാരിക ബന്ധങ്ങളെയും ഞങ്ങള്‍ അനുഭവിക്കുന്ന ഐക്യദാര്‍ഢ്യത്തെയും അടിസ്ഥാനമാക്കിയുള്ളതാണ് അത്,'' അദ്ദേഹം പറഞ്ഞു. ഇന്ത്യ ജി20 അധ്യക്ഷപദവിയിലായിരിക്കുമ്പോള്‍ ആഫ്രിക്കന്‍ യൂണിയന്‍ ജി20യില്‍ സ്ഥിരാംഗമായി.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 11, 2025 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
പ്രധാനമന്ത്രി മോദി നമീബിയയിൽ; ആ രാജ്യവും ആഫ്രിക്കന്‍ ഭൂഖണ്ഡവും ഇന്ത്യയ്ക്ക് പ്രധാനമാകുന്നത് എന്തുകൊണ്ട്?