• HOME
  • »
  • NEWS
  • »
  • explained
  • »
  • യൂറോപ്പിനെതിരെ ബെലറൂസ് വർഷിക്കുന്ന മനുഷ്യബോംബ്; പോളണ്ടിനെക്കുറിച്ച് പിന്നെയും മിണ്ടുന്ന പുടിൻ

യൂറോപ്പിനെതിരെ ബെലറൂസ് വർഷിക്കുന്ന മനുഷ്യബോംബ്; പോളണ്ടിനെക്കുറിച്ച് പിന്നെയും മിണ്ടുന്ന പുടിൻ

യൂറോപ്പിലെ അവസാന സ്വേച്ഛാധിപതി എന്നു സ്വയം വിശേഷിപ്പിക്കുന്ന അലക്‌സാണ്ടർ ലൂകാഷെൻകോ തുറന്ന യുദ്ധമുഖം പഴയ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും യൂറോപ്പുമായുള്ള കുടിപ്പകയുടെ തുടർച്ച

  • Share this:
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ യുദ്ധമുഖമാണ് ബെലറൂസ് (Belarus)തുറന്നിരിക്കുന്നത്. പോളണ്ടിലേക്കു (Poland) കടക്കാനായി ആയിരങ്ങളാണ് ബെലറൂസിൽ വന്നു നിൽക്കുന്നത്. എല്ലാവരും അഫ്ഗാനിസ്ഥാനിൽ നിന്നും സിറിയയിൽ നിന്നും ഇറാഖിൽ നിന്നും ഉള്ളവർ.  ഭീകരപ്രവർത്തകരെ ബെലറൂസ് ആയുധം നൽകി അയക്കുന്നു എന്നാണ് യൂറോപ്യൻ യൂണിയന്റേയും (European Union) അമേരിക്കയുടേയും ആരോപണം. പ്രസിഡന്റ് അലക്‌സാണ്ടർ ലൂകാഷെൻകോയ്‌ക്കെതിരേ പ്രമേയം പാസാക്കി ഉപരോധം പ്രഖ്യാപിച്ച യൂറോപ്പ്, ഇപ്പോൾ ഒരു അഗ്നിപർവതത്തിന്റെ സമീപത്തെന്നതുപോലെ പുകയുകയാണ്.

ഇന്നത്തെ ലോകത്തെ ഏറ്റവും അമ്പരപ്പിക്കുന്ന കാഴ്ചയാണ് ബലറൂസ്-പോളണ്ട് അതിർത്തിയിൽ നടക്കുന്നത്. ആയിരങ്ങളാണ് ബെലറൂസിന്റെ ഭാഗത്ത് പോളണ്ടിലേക്കു കടക്കാനായി ഇപ്പോഴും കാത്തുനിൽക്കുന്നത്. ആ വരവിന്റെ കാരണം അറിയണമെങ്കിൽ ബെലറൂസിന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പ് അറിയണം. റഷ്യയും ഉക്രെയിനും പോളണ്ടും ലിത്വാനിയയും ലാത്വിയയും അതിരുടുന്ന രാജ്യമാണ്.

പോളണ്ടിന്റെ ഭാഗത്ത് സുദീർഘമായ വനമാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെയാണ് സ്ഥിതി മാറിയത്. അഫ്ഗാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ നിന്ന് ചോദിച്ചവർക്കെല്ലാം ബെലറൂസ് വിസ നൽകി. ആ വിസയുമായി വന്നിറങ്ങിയവരെ പോളണ്ട് അതിർത്തിയിലെ കാടുകളിലൂടെ മറുകര കടത്താൻ തുടങ്ങി. അതോടെ പോളണ്ട് വലിയ തോതിൽ കമ്പിവേലി കെട്ടി. ബെലറൂസ് സൈനികർ തന്നെ ആ കമ്പിവേലി വെടിവച്ചു പൊളിച്ചു. ഈ നീക്കം ഇന്നോ ഇന്നലെയോ തുടങ്ങിയ തർക്കത്തിന്റെ ഭാഗമല്ല. ഒരു നൂറ്റാണ്ടു മുൻപ് ആരംഭിച്ച കുടിപ്പകയുടെ തുടർച്ചയാണ്.

പോരടിച്ച പോളണ്ടും ബെലറൂസും

പോളണ്ട്-സോവിയറ്റ് യൂണിയൻ യുദ്ധകാലത്ത് 1920ൽ ആരംഭിച്ച സംഘർഷം. അന്ന് പോളണ്ട് ബെലറൂസിന്റെ നാലിലൊന്നു കൈവശപ്പെടുത്തി. ബെലറൂസ് പിന്നീട് സോവിയറ്റ് യൂണിയന്റെ ഭാഗമായി. പിന്നെയുള്ള കാലമെല്ലാം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു ബെലറൂസ്. ആ പേരിന്റ അർത്ഥം തന്നെ ബെലയാ റൂസ് എന്നാണ്. ബെലയ എന്നാൽ വെള്ള. വെള്ള റഷ്യയാണ്. വെളുപ്പ് വരുന്നത് യൂറോപ്പിനോടുള്ള സാമിപ്യം കൊണ്ടും. സോവിയറ്റ് യൂണിയൻ തകർച്ചയോടെ ബെലറൂസ് സ്വതന്ത്ര റിപ്പബ്‌ളിക്കായി. ആദ്യത്തെ പ്രസിഡന്റായി സോവിയറ്റ് യൂണിയൻ അതിർത്തി രക്ഷാസേനയിലെ കമാൻഡർ ആയിരുന്ന അലക്‌സാണ്ടർ ലൂകാഷെൻകോ എത്തി. ആദ്യത്തെ പ്രസിഡന്റ് എന്നല്ല, ഇതുവരെ മാറാത്ത പ്രസിഡന്റ് എന്നാണ് വിളിക്കേണ്ടത്.

Also Read-Anees Salim | പൈതല്‍നാമങ്ങളുടെ ഭ്രാന്തന്‍പുസ്തകമോ? അതോ വാവപ്പേരുകളുടെ കുഞ്ഞുപുസ്തകമോ? അനീസ് സലീം പറയുന്നത്

1994 മുതൽ ലൂകാഷെൻകോ അല്ലാതെ മറ്റൊരു നായകൻ ബെലറൂസിന് ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പൊക്കെ കാലാകാലം നടക്കാറുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും ലൂകാഷെൻകോ അല്ലാതെ മറ്റാരും ജയിക്കാറില്ല. എന്നാൽ 2020ലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്നാണ് യൂറോപ്യൻ യൂണിയൻ കണ്ടെത്തിയത്. ഇതോടെ ലൂകാഷെൻകോയെ പ്രസിഡന്റായി അംഗീകരിക്കാതായി. സ്ഥാനമൊഴിയാൻ തയ്യാറാകാതെ വന്നതോടെ ബെലറൂസിന് എതിരേ ഉപരോധവും പ്രഖ്യാപിച്ചു.

ഈ ഉപരോധത്തിന് ലൂകാഷെൻകോ നൽകിയ തിരിച്ചടിയാണ് അഭയാർത്ഥി പ്രവാഹം എന്നാണ് ആരോപണം. സായുധരാണ് കടന്നുവരാൻ കാത്തുനിൽക്കുന്നതെന്ന് പോളണ്ട് ആരോപിക്കുന്നു. രാവും പകലുമില്ലാതെ ആയിരങ്ങൾ താമസിക്കുന്നുണ്ട് ബെലറൂസ് നൽകിയ ടെന്റുകളിൽ. സംഘർഷഭരിതമായ മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്കുള്ള പ്രവേശനം മാത്രമാണ് ലക്ഷ്യമെന്നാണ് അഭയാർത്ഥികൾ പറയുന്നത്. കുട്ടികളും സ്ത്രീകളുമായി ആരെങ്കിലും ഭീകരപ്രവർത്തനത്തിനു വരുമോ എന്നാണ് ചോദ്യം. പക്ഷേ, ഇതിനിടെ സ്ഥിതി ആകെ മാറ്റിയത് ഒരു വിമാനമാണ്. ബെലറൂസിന് സുരക്ഷ നൽകാനെന്നതുപോലെ റഷ്യൻ യുദ്ധവിമാനങ്ങൾ പറക്കാൻ തുടങ്ങി. ആ ദൃശ്യങ്ങൾ ബെലറൂസ് തന്നെയാണ് പുറത്തുവിട്ടത്. പിന്നാലെ റഷ്യൻ ചാനലായ സ്പുട്‌നിക് തന്നെ അതിർത്തിയിലെ ദൃശ്യങ്ങൾ ലോകത്തെ കാണിച്ചു.

Also Read-നിത്യപുഷ്പിത ഋതു അഥവാ എം മുകുന്ദൻ എന്ന എൺപതുകാരൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എഴുതുമ്പോൾ

പിന്നിൽ വ്‌ളാഡിമർ പുടിൻ?

വ്‌ളാഡിമർ പുടിനാണ് പ്രതിസന്ധിക്കു പിന്നിലെന്ന് പോളണ്ടും യൂറോപ്യൻ യൂണിയനും ആരോപിച്ചതോടെ പുടിൻ അസാധാരണ വാർത്താ സമ്മേളനം നടത്തി. റഷ്യക്ക് ഒന്നും അറിയില്ലെന്നായിരുന്നു പുടിന്റെ വിശദീകരണം. ബെലറൂസ് നൽകിയ വിസയുമായി വന്നവർ എവിടേക്കു പോകുന്നു എന്നോർത്ത് റഷ്യ എന്തിന് ആകുലപ്പെടണം എന്നായി റഷ്യൻ പ്രസിഡന്റിന്റെ ചോദ്യം. റഷ്യ മാത്രമല്ല ലൂകാഷെൻകോയ്ക്കു പിന്നിൽ ചൈനയും ക്യൂബയും ഉണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. കഴിഞ്ഞ 27 വർഷവും ബെലറൂസിനെ അംഗീകരിച്ചത് പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങൾ മാത്രമായിരുന്നു. ലൂകാഷെൻകോയ്ക്ക് ബെലറൂസ് ജനതയുടെ പൂർണ പിന്തുണയില്ല എന്നതാണ് ഇപ്പോഴത്തെ യൂറോപ്യൻ യൂണിയൻ ഇടപെടലിനു പിന്നിൽ. ലൂകാഷെൻകോ സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് വലിയ മാർച്ചാണ് കഴിഞ്ഞവർഷം നടന്നത്.

ബെലറൂസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റം. പുടിനും ഷീ ജിൻപിങ്ങും മനസാ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സ്വന്തം നാട്ടുകാരുടെ എതിർപ്പ് മറികടന്ന് എത്രകാലം തുടരാൻ കഴിയും എന്ന ചോദ്യമാണ് ലൂകാഷെൻകോയ്ക്കു മുന്നിൽ ഉയരുന്നത്. 27 വർഷമായി ഒരേയൊരാൾ മാത്രം ഭരിക്കുന്നതിന്റെ പ്രതിസന്ധി മാത്രമല്ല ബെലറൂസിൽ. ലൂകാഷെൻകാ സ്വയം വിശേഷിപ്പിക്കുന്നതു തന്നെ യൂറോപ്പിലെ അവസാനത്തെ സ്വേച്ഛാധിപതി എന്നാണ് - ദി ലാസ്റ്റ് ഡിക്ടേറ്റർ ഓഫ് ബെലറൂസ്. ആ സ്വേച്ഛാധിപതി പ്രയോഗിച്ചിരിക്കുന്ന മനുഷ്യ ബോംബാണ് ഇപ്പോൾ പോളിഷ് അതിർത്തിയിൽ നിരന്നു നിൽക്കുന്നത്. അതിന്റെ വിറങ്ങലിപ്പിലാണ് യൂറോപ്പ്.
Published by:Naseeba TC
First published: