ഒരു സ്രോതസിൽ നിന്നുള്ള ഉത്പന്നങ്ങളെയോ സേവനങ്ങളെയോ മറ്റൊന്നിന്റേതിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്ന, തിരിച്ചറിയാവുന്ന ചിഹ്നങ്ങളെയോ ഡിസൈനിനെയോ ആശയപ്രകാശനത്തെയോ ഒക്കെയാണ് വ്യാപാരമുദ്ര എന്നതിലൂടെ ഉദ്ദേശിക്കുന്നത്. വ്യാപാരമുദ്രകൾ സംബന്ധിച്ച അവകാശങ്ങൾ ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയിൽപ്പെടും. സേവനങ്ങളെ തിരിച്ചറിയാനായി ഉപയോഗിക്കുന്ന വ്യാപാരമുദ്രകൾ പൊതുവെ സർവീസ് മാർക്കുകൾ എന്നാണ് അറിയപ്പെടുന്നത്.
വ്യാപാരമുദ്രയുടെ ഉടമസ്ഥാവകാശം ആർക്കാണ്?
ഒരു വ്യക്തിയ്‌ക്കോ വ്യാപാര സംഘടനയ്‌ക്കോ നിയമപരമായി നിലനിൽപ്പുള്ള സ്ഥാപനങ്ങൾക്കോ വ്യാപാരമുദ്രയുടെ ഉടമസ്ഥാവകാശം ഉണ്ടായേക്കാം. സാധാരണ ഒരു ഉത്പ്പന്നത്തിന്റെ മുകളിലോ പാക്കേജിലോ ലേബലിലോ വൗച്ചറിലോ ഒക്കെയായിരിക്കും വ്യാപാരമുദ്ര പ്രദർശിപ്പിക്കുക.
വ്യാപാരമുദ്രയ്ക്ക് പിന്നിലുള്ള അടിസ്ഥാനപരമായ ആശയം എന്താണ്?
ഒരു ഉത്പന്നത്തിന്റെയോ സേവനങ്ങളുടെയോ ഉറവിടം അല്ലെങ്കിൽ സ്രോതസ് എന്താണെന്ന് തിരിച്ചറിയാൻ സഹായിക്കുക എന്നതാണ് വ്യാപാരമുദ്രയുടെ ധർമം. വ്യാപാരമുദ്ര ആ പ്രത്യേക സ്രോതസിനെ പ്രതിനിധീകരിക്കന്നു. രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരമുദ്രകൾക്ക് സവിശേഷമായ അവകാശങ്ങൾ ഉണ്ട്.
വ്യാപാരമുദ്രയുടെ ലംഘനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
1999-ലെ വ്യാപാരമുദ്രാ നിയമത്തിലെ സെക്ഷൻ 29 പ്രകാരമാണ് വ്യാപാരമുദ്രയുടെ ലംഘനം ഇന്ത്യയിൽ നിയമപരമായി നിർവചിച്ചിട്ടുള്ളത്. ലളിതമായി പറഞ്ഞാൽ, രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു വ്യാപാരമുദ്രയ്ക്ക് സമാനമായതോ അല്ലെങ്കിൽ സമാനമെന്ന് തോന്നിപ്പിക്കുന്നതോ ആയ ഒരു വ്യാപാരമുദ്ര അംഗീകാരമില്ലാതെ ഒരു വ്യക്തിയോ സ്ഥാപനമോ ഉപയോഗിക്കുകയാണെങ്കിൽ അതിനെ വ്യാപാരമുദ്രയുടെ ലംഘനമായി കണക്കാക്കാം.
Also read-
Explained: എന്താണ് ജാമ്യം? വ്യത്യസ്ഥ തരം ജാമ്യങ്ങളും അവയുടെ പ്രയോഗ രീതികളും അറിയാം
സംയുക്ത ഉടമസ്ഥതയുള്ള വ്യാപാരമുദ്രകൾ എന്താണ്?
നിയമപരമായി സാധുതയുള്ള ഒന്നിലധികം വ്യക്തികളോ സ്ഥാപനങ്ങളോ ഒരു വ്യാപാരമുദ്രയുടെ ഉടമസ്ഥാവകാശം നേടുകയാണെങ്കിൽ അത് വ്യാപാരമുദ്രയുടെ സംയുക്തമായ ഉടമസ്ഥാവകാശമായി കണക്കാക്കാം. ഇരുവരും ചേർന്ന് നിർമിച്ച ഒരു ഉത്പന്നത്തിന് വേണ്ടിയോ അല്ലെങ്കിൽ ഇരുവരും ഒന്നിച്ച് നൽകുന്ന സേവനങ്ങൾക്ക് വേണ്ടിയോ ഈ രീതിയിൽ സംയുക്ത ഉടമസ്ഥാവകാശം നേടാവുന്നതാണ്.
ഒരു വ്യാപാരമുദ്രയുടെ കാലാവധി എത്രയാണ്?
വ്യാപാരമുദ്രകൾക്ക് നിശ്ചിത കാലാവധിയില്ല. വ്യാപാരമുദ്ര സംബന്ധിച്ച അവകാശങ്ങൾ കൃത്യമായി പാലിക്കണം എന്ന നിബന്ധന മാത്രമേ ഉള്ളൂ. അതോടൊപ്പം ആ സ്ഥാപനത്തിന്റെ ഉത്പന്നങ്ങളുമായോ സേവനങ്ങളുമായോ ബന്ധപ്പെട്ട് ആ വ്യാപാരമുദ്ര തുടർച്ചയായി ഉപയോഗിക്കുകയും വേണം. വ്യാപാരമുദ്രകളിൽ നിന്ന് വ്യത്യസ്തമായി പകർപ്പവകാശങ്ങൾക്കും പേറ്റന്റുകൾക്കും കാലാവധിയുണ്ട്.
ഇന്ത്യയിൽ ഒരു വ്യാപാരമുദ്ര രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
ആദ്യം നിങ്ങളുടെ സ്ഥാപനത്തെ അല്ലെങ്കിൽ ഉത്പന്നത്തെ/സേവനത്തെ പ്രതിനിധീകരിക്കുന്ന സവിശേഷവും വ്യതിരിക്തവുമായ ഒരു വ്യാപാരമുദ്ര തിരഞ്ഞെടുക്കുക. ഈ വ്യാപാരമുദ്ര മുമ്പ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്താൻ ഒരു പരിശോധന നടത്തുന്നത് നല്ലതാണ്. തുടർന്ന് ഇന്ത്യയിലെ ട്രെയ്‌ഡ്‌മാർക്ക് രജിസ്ട്രിയിലേക്ക് ഒരു അപേക്ഷ നൽകുക. അപേക്ഷ പൂരിപ്പിക്കുമ്പോൾ തെറ്റുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തെറ്റുകൾ പോലും കാലതാമസം ഉണ്ടാകാനോ അപേക്ഷ നിരസിക്കപ്പെടാനോ കാരണമായേക്കാം. വ്യാപാരമുദ്രയുടെ ഒരു ചിത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കണം. തുടർന്ന് നടക്കുന്ന പരിശോധനയെത്തുടർന്ന് പരിശോധകൻ ഉപാധികളില്ലാതെ ആ വ്യാപാരമുദ്ര അംഗീകരിക്കുകയോ അല്ലെങ്കിൽ വ്യവസ്ഥകളോടെ അംഗീക്കരിക്കുകയോ അതുമല്ലെങ്കിൽ അതിനെ എതിർക്കുകയോ ചെയ്യും. ഈ പരിശോധന ഏതാണ്ട് ഒരു വർഷത്തോളം സമയമെടുത്തേക്കാം. അംഗീകാരം ലഭിച്ചതിനുശേഷം ഈ വ്യാപാരമുദ്ര പ്രസിദ്ധപ്പെടുത്തണം. എന്നാലേ, ഈ വ്യാപാരമുദ്ര രജിസ്റ്റർ ചെയ്യുന്നതിൽ ആക്ഷേപമുള്ളവർക്ക് പരാതി സമർപ്പിക്കാൻ കഴിയൂ. ഒടുവിൽ എല്ലാ കടമ്പകളും വിജയകരമായി പൂർത്തിയാക്കിയാൽ ട്രെയ്‌ഡ്‌മാർക്ക് ഓഫീസിന്റെ ഔദ്യോഗിക സീലോടുകൂടിയുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.
Keywords: Trademark, Products, Services, Trademark Act, വ്യാപാരമുദ്ര, ഉത്പന്നങ്ങൾ, സേവനങ്ങൾ, വ്യാപാരമുദ്രാ നിയമം , trademark search, public search, trademark registration, trademark status, trademark class, trademark search india, trademark login, trademark meaning, trademark registration online
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.