മനുഷ്യന്റ ആദ്യ ചുംബനം എന്നായിരുന്നു ?
- Published by:Sarika KP
- news18-malayalam
Last Updated:
ഇന്ത്യയിലെ പുരാതന വേദങ്ങളില്‍ ചുംബനത്തെ സംബന്ധിച്ച ചില സൂചനകള്‍ നല്‍കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
പരസ്പര സ്‌നേഹത്തിന്റെ പ്രതീകമാണ് ചുബനം. സത്യത്തില്‍ മനുഷ്യര്‍ എന്ന് മുതലാണ് പരസ്പരം ചുംബിക്കാന്‍ തുടങ്ങിയതെന്ന് അറിയാമോ? ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങളില്ല. എന്നാല്‍ ബിസി 2400ല്‍ മെസോപൊട്ടോമിയയില്‍ നിന്ന് കണ്ടെത്തിയ ചില കളിമണ്‍ ചിത്രങ്ങളില്‍ മനുഷ്യര്‍ ചുംബിക്കുന്നതിന്റെ തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ചരിത്രത്തിലെ ആദ്യ ചുംബനം
നമ്മള്‍ ചിന്തിച്ചതിനെക്കാള്‍ വളരെ കാലം മുമ്പ് തന്നെ മനുഷ്യര്‍ പരസ്പരം ചുംബിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ അസിറിയോളജി അസിസ്റ്റന്റ് പ്രൊഫസറായ ഡോ ട്രോയല്‍സ് പാങ്ക് അര്‍ബോള്‍ പറഞ്ഞു.
മെസോപൊട്ടോമിയയില്‍ നിന്നും ശേഖരിച്ച കളിമണ്‍ രേഖകള്‍ ഇപ്പോഴും ലഭ്യമാണ്. അവയില്‍ നിന്നുള്ള ചില ചിത്രങ്ങളാണ് പുരാതന കാലത്തും ചുംബനം നിലനിന്നിരുന്നുവെന്നതിന് തെളിവ് നല്‍കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
അര്‍ബോളും യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകയുമായ ഡോ. സോഫി ലണ്ട് റാസ്മുസന്റെയും കണ്ടെത്തലുകള്‍ 'സയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഏകദേശം ആയിരം വര്‍ഷം മുമ്പ് തന്നെ മനുഷ്യര്‍ തമ്മില്‍ ചുംബിച്ചിരുന്നുവെന്നതിനെപ്പറ്റി സൂചന നല്‍കുന്ന ലേഖനമാണിത്.
advertisement
ബിസി 3500 ആയപ്പോഴേക്കുമാണ് ക്യൂണിഫോം ലിപി വികാസം പ്രാപിച്ചത്. എഴുത്തുകാര്‍ ഈ ക്യൂണിഫോം ലിപിയിലുള്ള പുസ്തകങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നു. ബിസി 2600ല്‍ തന്നെ തങ്ങളുടെ ദൈവങ്ങളെപ്പറ്റിയും മറ്റും മനുഷ്യര്‍ ഈ ലിപിയില്‍ കഥകളെഴുതാന്‍ തുടങ്ങിയിരുന്നു. ദമ്പതികള്‍ പരസ്പരം ചുംബിക്കുന്നതിനെപ്പറ്റിയും കഥകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവിവാഹിതരായവര്‍ തങ്ങളുടെ സ്‌നേഹത്തിന്റെ പ്രതീകമെന്ന നിലയിലും പരസ്പരം ചുംബിക്കുന്നതായി ഈ കഥകളില്‍ പറഞ്ഞിട്ടുണ്ട്.
advertisement
''ഈ കഥകളിലൊന്നില്‍ ദേവീ-ദേവന്‍മാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ശേഷം ചുംബിക്കുകയും ചെയ്യുന്നതിനെപ്പറ്റി വിവരിക്കുന്നുണ്ട്. ഇത് ചുംബനത്തിന്റെ വ്യക്തമായ തെളിവാണ്,'' അര്‍ബോള്‍ പറഞ്ഞു.
അക്കാലത്ത് ബ്രഹ്മചാരിയായ പുരോഹിതനെ ചുംബിക്കുന്നയാളുടെ സംസാരശേഷി നഷ്ടപ്പെടുമെന്ന വിശ്വാസവും നിലനിന്നിരുന്നതായി ഇത്തരം രേഖകളില്‍ പറഞ്ഞിട്ടുണ്ട്. പൊതുയിടങ്ങളില്‍ ചുംബിക്കുന്നതിനും അന്ന് നിയന്ത്രണങ്ങളുണ്ടായിരുന്നുവെന്ന കാര്യവും ഈ രേഖകളില്‍ നിന്ന് വ്യക്തമാണ്.
അതേസമയം ലോകത്തുണ്ടായിരുന്ന എല്ലാ പുരാതന സംസ്‌കാരങ്ങളിലും ചുംബനം നിലനിന്നിരുന്നില്ലെന്നും പഠനം സൂചിപ്പിക്കുന്നു. 2015ല്‍ ഇതുസംബന്ധിച്ച് നടന്ന പഠനത്തില്‍ ലോകത്തെ 168 സംസ്‌കാരങ്ങളെ പഠനവിധേയമാക്കിയിരുന്നു. അതില്‍ 46 ശതമാനം സംസ്‌കാരങ്ങളില്‍ മാത്രമാണ് ചുംബനം നിലനിന്നിരുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.
advertisement
ഇന്ത്യന്‍ സംസ്‌കാരവും ചുംബനവും
ഇന്ത്യയിലെ പുരാതന വേദങ്ങളില്‍ ചുംബനത്തെ സംബന്ധിച്ച ചില സൂചനകള്‍ നല്‍കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഋഗ്വേദത്തില്‍ ലിപ് ലോക്ക് ചെയ്യുന്ന മനുഷ്യരെ പറ്റി പറയുന്നുണ്ട്.
മൂന്നാം നൂറ്റാണ്ടിലെ ലൈംഗികതയുമായി ബന്ധപ്പെട്ടെഴുതിയ കാമസൂത്രയില്‍ ചുംബനത്തെപ്പറ്റി പറയുന്നുണ്ട്. വൈകാരികമായ ഇത്തരം ചുംബനങ്ങളുടെ ഉത്ഭവസ്ഥാനം ഇന്ത്യയാണെന്നാണ് ചില ചരിത്രകാരന്‍മാര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയ്ക്ക് മുമ്പ് തന്നെ തങ്ങള്‍ക്ക് ലഭിച്ച മറ്റ് ചില കളിമണ്‍ ലിഖിതങ്ങളില്‍ ചുംബനത്തെപ്പറ്റി വിവരണങ്ങളുണ്ടെന്ന് അര്‍ബോള്‍ പറഞ്ഞു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 30, 2024 9:28 AM IST