ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍ ബയോടെക്ക് നിര്‍മ്മിച്ച രണ്ട് കഫ് സിറപ്പുകൾ കഴിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ 19 കുട്ടികൾ മരിച്ച സംഭവത്തെ തുടർന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കുട്ടികൾക്ക് ഈ സിറപ്പുകൾ നൽകരുതെന്ന് നിർദ്ദേശം നൽകി. ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം നടത്തിയ അന്വേഷണത്തെ തുടർന്നാണ് ലോകാരോഗ്യ സംഘടന ഈ നിർദേശം നൽകിയത്.
കമ്പനി നിര്‍മ്മിച്ച ഡോക്-1 മാക്സ്, ആംബ്രനോള്‍ എന്നീ മരുന്നുകള്‍ കഴിച്ച കുട്ടികൾക്കാണ് മരണം സംഭവിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്ന് നല്‍കിയെന്നും കൂടാതെ അമിതമായ അളവില്‍ മരുന്ന് കുട്ടികള്‍ക്ക് നല്‍കിയതുമാണ് മരണത്തിന് കാരണമെന്ന് പിന്നീട് വന്ന റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷാംശം ഈ മരുന്നുകളില്‍ അടങ്ങിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വിഷയത്തെപ്പറ്റി കൂടുതല്‍ അറിയാം.
വിവാദത്തിന്റെ തുടക്കം
ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മരിയോണ്‍ ബയോടെക്ക് നിര്‍മ്മിച്ച കഫ് സിറപ്പ് കഴിച്ച് ഉസ്‌ബെക്കിസ്ഥാനിലെ 19 കുട്ടികള്‍ മരിച്ചുവെന്നാണ് വാര്‍ത്ത പുറത്തു വന്നത്. ഉത്തര്‍പ്രദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മരിയോണ്‍ ബയോടെക്ക്.
ഗുരുതരാവസ്ഥയിലായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക് ഈ മരുന്ന് മാതാപിതാക്കള്‍ കൊടുത്തിരുന്നു. 2 മുതല്‍ ഏഴ് ദിവസം വരെ മൂന്ന് നേരം വെച്ചാണ് ഇവര്‍ക്ക് മരുന്ന് നല്‍കിയിരുന്നത്. അളവില്‍ കൂടുതല്‍ മരുന്ന് കുട്ടികള്‍ക്ക് നല്‍കിയിരുന്നു.
എങ്ങനെയാണ് കുട്ടികള്‍ മരിച്ചത്?
ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് കഫ് സിറപ്പ് അമിത അളവില്‍ കഴിച്ചതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയത്. ഒപ്പം മരുന്നില്‍ അടങ്ങിയ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷാംശവും കുട്ടികളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമല്ല കുട്ടികള്‍ക്ക് മരുന്ന് നല്‍കിയത്. മാതാപിതാക്കള്‍ സ്വന്തം ഇഷ്ടപ്രകാരമോ, അല്ലെങ്കില്‍ ഫാര്‍മസികളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശ പ്രകാരമോ ആയിരിക്കാം മരുന്ന് കുട്ടികള്‍ക്ക് നല്‍കിയത്. അമിത അളവിലാണ് അത് കുട്ടികള്‍ക്ക് നല്‍കിയത്. ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യനില വഷളാക്കി,’ ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മരുന്നില്‍ അടങ്ങിയിരിക്കുന്ന എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷവസ്തു കുഞ്ഞുങ്ങളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. ഛര്‍ദ്ദി, തലകറക്കം, നെഞ്ച് വേദന , വൃക്കരോഗം, എന്നിവ കുഞ്ഞുങ്ങളിലുണ്ടാക്കുമെന്ന് ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
എന്നാല്‍ ഇതാദ്യമായല്ല ഇന്ത്യന്‍ നിര്‍മിത കഫ്‌സിറപ്പുകളില്‍ എഥിലീന്‍ ഗ്ലൈക്കോള്‍, ഡൈ എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. മുമ്പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹരിയാന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പുറത്തിറക്കിയ കഫ് സിറപ്പിലും ഈ വിഷ വസ്തുക്കളുടെ സാന്നിദ്ധ്യം ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു. ഈ മരുന്ന് കഴിച്ച് മുമ്പ് ഗാംബിയയില്‍ 70 കുട്ടികള്‍ മരിച്ചിരുന്നു.
എഥിലീന്‍ ഗ്ലൈക്കോള്‍, ഡൈ എഥിലീന്‍ ഗ്ലൈക്കോള്‍
മനുഷ്യന്റെ ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ കാരണമാകുന്ന വിഷവസ്തുക്കളാണ് എഥിലീന്‍ ഗ്ലൈക്കോളും ഡൈ എഥിലീന്‍ ഗ്ലൈക്കോളും. ഇവ ശരീരത്തിലെത്തിയാല്‍ ഛര്‍ദ്ദി, വൃക്കരോഗം, തല കറക്കം, വയറിളക്കം, മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥ എന്നീ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും.
ഡൈ എഥിലീന്‍, എഥിലീന്‍ ഗ്ലൈക്കോല്‍ എന്നിവ മരുന്നുകളില്‍ നിയമവിരുദ്ധമായാണ് ചേര്‍ക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗ്ലിസറിന്‍, പ്രൊപ്പിലിന്‍, ഗ്ലൈസോള്‍ എന്നീ സോള്‍വെന്റുകൾ കഫ് സിറപ്പുകളില്‍ ഉപയോഗിക്കാറുണ്ട്. ഈ സോള്‍വെന്റുകള്‍ പ്രിസര്‍വേറ്റീവുകളായും മരുന്നിന് കട്ടി നല്‍കുന്നതിനും, മധുരം നല്‍കുന്നതിനും, ആന്റി മൈക്രോബിയല്‍ ഏജന്റ് ആയിട്ടുമാണ് പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ഗ്ലിസറോള്‍, പ്രൊപ്പീലിന്‍ എന്നിവയ്ക്ക് പകരം ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഡൈ എഥിലീന്‍ ഗ്ലൈക്കോള്‍, എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവ ഉപയോഗിക്കാറുണ്ട്. ഇത് ശരീരത്തെ ഹാനികരമായി ബാധിക്കുന്നവയാണ്.
അതേസമയം ഡൈ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയ മരുന്ന് കഴിച്ച് ആളുകള്‍ മരിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. ഇതിനുമുമ്പ് ഇന്ത്യ, അമേരിക്ക, ബംഗ്ലാദേശ്, പനാമ, നൈജീരിയ എന്നിവിടങ്ങളിലും ഇത്തരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2007ല്‍ അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡൈ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
കഴിഞ്ഞ വര്‍ഷം ജമ്മുവിലെ ഉദ്ദംപൂരില്‍ 12 കുട്ടികള്‍ കഫ് സിറപ്പ് കഴിച്ചതിനെത്തുടര്‍ന്ന് മരിച്ചതു വാര്‍ത്തയായിരുന്നു. കോള്‍ഡ്‌ബെസ്റ്റ്-പിസി എന്ന സിറപ്പാണ് കുട്ടികള്‍ കഴിച്ചത്. ഹിമാചല്‍ പ്രദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഈ സിറപ്പ് നിര്‍മ്മിച്ചത്. ഡൈ എഥിലീന്‍ ഗ്ലൈക്കോളിന്റെ സാന്നിദ്ധ്യം ഈ മരുന്നില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഈ മരുന്നിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.
അതേസമയം ഗാംബിയയിലും ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. സമാനമായി 1973ല്‍ ചെന്നൈയിലെ എഗ്മോറിലെ ഒരു ആശുപത്രിയില്‍ 14 കുട്ടികളാണ് കഫ് സിറപ്പ് കഴിച്ചതിനെത്തുടര്‍ന്ന് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.