Sam Bankman-Fried | ആരാണ് സാം ബാങ്ക്മാൻ-ഫ്രൈഡ്? ഒറ്റരാത്രികൊണ്ട് ശതകോടീശ്വര പദവി നഷ്ടപ്പെട്ട ക്രിപ്‌റ്റോ രാജാവ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മുപ്പതുകാരനായ ക്രിപ്‌റ്റോ രാജാവിന്റെ പതനവും അദ്ദേഹത്തിന്റെ ഉയർച്ച പോലെ തന്നെ അതി വേഗത്തിലായിരുന്നു.
ഒരിക്കൽ ക്രിപ്‌റ്റോയുടെ രാജാവെന്ന് വാഴ്ത്തപ്പെട്ടിരുന്ന വ്യക്തിയാണ് സാം ബാങ്ക്മാൻ-ഫ്രൈഡ്. അത്ര ദ്രുതഗതിയിൽ ആയിരുന്നു സാമിന്റെ വളർച്ച. എന്നാൽ, ഒറ്റ രാത്രി കൊണ്ട് തന്റെ സാമ്രാജ്യവും പദവിയും നഷ്ടപ്പെട്ടിരിക്കുകയാണ് അദ്ദേഹത്തിന് ഇപ്പോൾ. സ്വന്തം സ്ഥാപനമായ എഫ്‌ടിഎക്‌സ് ട്രേഡിങ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സ്ഥാനത്ത് നിന്ന് സാം ബാങ്ക്മാൻ കഴിഞ്ഞാഴ്ച രാജിവെച്ചു. ലോകത്തിലെ തന്നെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ എഫ്ടിഎക്സ് പാപ്പരത്തത്തിന് അപേക്ഷിച്ചിരിക്കുകയാണ്. മുപ്പതുകാരനായ ക്രിപ്‌റ്റോ രാജാവിന്റെ പതനവും അദ്ദേഹത്തിന്റെ ഉയർച്ച പോലെ തന്നെ അതി വേഗത്തിലായിരുന്നു. ബിബിസിയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഒരാഴ്ച കൊണ്ടാണ് എഫ്‌ടിഎക്‌സ് പാപ്പരത്വം പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്ക് തകർന്നടിഞ്ഞത്. ബാങ്ക്മാന്റെ 16 ബില്യൺ ഡോളറോളം മൂല്യം ഉണ്ടായിരുന്ന ആസ്തി ഇപ്പോൾ പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.
“ ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തിചേർന്നതിൽ ഞാൻ ഖേദിക്കുന്നു, കാര്യങ്ങൾ വീണ്ടും തിരിച്ചുപിടിക്കാനുള്ള വഴി കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യങ്ങൾ ഇത്തരത്തിൽ മാറിമറിയുന്നത് കണ്ടതിന്റെ ഞെട്ടലിലാണ് ഞാൻ” എഫ്ടിഎക്സ് എക്‌സ്‌ചേഞ്ച് പാപ്പരത്തത്തിനായി ഫയൽ ചെയ്ത് ദിവസങ്ങൾക്ക് ശേഷം, കമ്പനി സ്ഥാപകനായ സാം ബാങ്ക്മാൻ-ഫ്രൈഡ് തന്റെ ട്വിറ്ററിൽ കുറിച്ചു. സിഇഒ സ്ഥാനത്ത് നിന്നും രാജിവെച്ചെങ്കിലും സാം ബാങ്ക്മാൻ കമ്പനിയുടെ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്തുന്നതിന് സാഹിയിക്കുന്നതിനായി ഒരു ഉപദേശകന്റെ സ്ഥാനത്ത് തുടരുമെന്നും കമ്പനി അറിയിച്ചു. പാപ്പരത്തത്തിനായി ഫയൽ ചെയ്യുന്നുണ്ടെന്നും ബാങ്ക്മാന്റെ പിൻഗാമിയായി എത്തുന്നത് ജോൺ ജെ റേ മൂന്നാമനായിരിക്കുമെന്നും കമ്പനി അറിയിച്ചു.
advertisement
ആരാണ് സാം ബാങ്ക്മാൻ-ഫ്രൈഡ്?
വളരെ ചെറുപ്രായത്തിൽ ക്രിപ്റ്റോയുടെ ലോകത്ത് തന്റെ ആധിപത്യം സ്ഥാപിച്ച സാം ബാങ്ക്മാൻ-ഫ്രൈഡ് എസ്ബിഎഫ് എന്ന ചുരുക്കപ്പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. 1992-ൽ ജനിച്ച സാം ബാങ്ക്മാൻ-ഫ്രൈഡിന്റെ മാതാപിതാക്കൾ അഭിഭാഷകരാണ്. കാലിഫോർണിയയിൽ ആണ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ചെലവഴിച്ചത്. അവിടുത്തെ ഒരു പ്രാദേശിക ഹൈസ്കൂളിൽ ആയിരുന്നു അദ്ദേഹത്തിന്റെ പഠനം. തുടർന്ന് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) ഭൗതികശാസ്ത്രം പഠിക്കാൻ പോയി. 20 വയസ്സുള്ളപ്പോൾ തന്നെ ബാങ്ക്മാൻ തന്റെ ജീവിതലക്ഷ്യം നിശ്ചയിച്ചിരുന്നു. അദ്ദേഹം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ പണം സമ്പാദിക്കാൻ തീരുമാനിച്ചു. ഒരു "നിസ്വാർത്ഥ പരോപകാരി" എന്നാണ് ഒരിക്കൽ അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്.
advertisement
2017-ൽ, ജെയ്ൻ സ്ട്രീറ്റ് ക്യാപിറ്റലിൽ ഒരു ട്രേഡർ ആയി ജോലിയിൽ പ്രവേശിച്ചു. ഏകദേശം മൂന്നര വർഷത്തോളം അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. അതിന് ശേഷം സെന്റർ ഫോർ ഇഫക്റ്റീവ് ആൾട്രൂയിസം എന്ന ചാരിറ്റബിൾ ഓർഗനൈസേഷനുമായി ചേർന്ന് പ്രവർത്തിച്ചു തുടങ്ങി. മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച്, 2017-ലാണ് ദക്ഷിണ കൊറിയയുടെയും, യുഎസിന്റെയും ബിറ്റ്കോയിൻ നിരക്കുകൾക്കിടയിലെ വ്യതിയാനം സാമിന്റെ ശ്രദ്ധയിൽപ്പെടുന്നത്, അത് അദ്ദേഹം പ്രയോജനപ്പെടുത്തി. താമസിയാതെ, അദ്ദേഹത്തിന്റെ ആസ്തി കുതിച്ചുയരുന്നതാണ് പിന്നീട് എല്ലാവർക്കും കാണാൻ കഴിഞ്ഞത്. ഇതോടെ ക്രിപ്‌റ്റോകറൻസി രംഗത്തുള്ളവർ അദ്ദേഹത്തിന്റെ ആരാധകരായി മാറി.
advertisement
2017ന്റെ അവസാനത്തിൽ അദ്ദേഹം ഡിജിറ്റൽ ആസ്തികൾക്ക് പ്രാധാന്യം നൽകുന്ന ഒരു സ്വകാര്യ ട്രേഡിങ് & വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ അലമേഡ റിസർച്ച് സ്ഥാപിച്ചു. 2021 ഒക്ടോബറോടെ ബാങ്ക്മാൻ-ഫ്രൈഡിന്റെ പൊതു സമ്മതി അതിന്റെ പാരമ്യത്തിലെത്തി. 2040 വരെയുള്ള മിയാമി നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ (NBA) സ്റ്റേഡിയത്തിന്റെ നെയ്മിങ് റൈറ്റ്സ് എഫ്ടിഎക്സ് നേടിയതിനെ തുടർന്നായിരുന്നു ഇത്. ക്രിപ്‌റ്റോ നിയമത്തിന്റെ കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന് ക്രിപ്‌റ്റോ രാജാവ് ദശലക്ഷക്കണക്കിന് ഡോളറുകൾ ചെലവഴിച്ചതായ് ദി ഇക്കണോമിസ്റ്റ് പറയുന്നു. ബാങ്ക്മാന്റെ സുവർണ കാലയളവിൽ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 26 മില്യൺ ഡോളറിലധികമായിരുന്നു. ഇത് ഡിജിറ്റൽ ആസ്തി രംഗത്തെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളെന്ന പദവി അദ്ദേഹത്തിന് നേടിക്കൊടുത്തു.
advertisement
എഫ്ടിഎക്സിന്റെ ഉയർച്ചയും വളർച്ചയും
വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്ന സാം ബാങ്ക്മാൻ-ഫ്രൈഡ്, എംഐടിയിലെ സഹപാഠിയും മുൻ ഗൂഗിൾ എഞ്ചിനീയറുമായ ഗാരി വാങുമായി ചേർന്ന് 2019 ൽ എഫ്ടിഎക്സ് സ്ഥാപിച്ചു. ക്രിപ്‌റ്റോ ടോക്കണുകളും ഡെറിവേറ്റീവുകളും ട്രേഡ് ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം ആണ് എഫ്ടിഎക്സ് വാഗ്ദാനം ചെയ്തത്. മറ്റൊരു ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് സ്ഥാപനമായ ബിനാൻസിനെ എഫ്ടിഎക്സിന്റെ ആദ്യത്തെ നിക്ഷേപകരാക്കാൻ സാം ബാങ്ക്മാനിന് കഴിഞ്ഞു. ചൈനയിലെ ഹോങ്കോങ്ങിലായിരുന്നു കമ്പനിയുടെ ആസ്ഥാനം. എന്നിരുന്നാലും, 2021-ൽ, കർശനമായ നികുതി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനായി കമ്പനി ബഹാമസിലേക്ക് മാറി. 2021 ജൂലൈയിൽ, കമ്പനിക്ക് 900 മില്യൺ ഡോളർ നിക്ഷേപം ലഭിച്ചു, ഇത് എഫ്‌ടിഎക്‌സിന്റെ മൂല്യം 18 ബില്യൺ ഡോളറായി ഉയർത്തി. ഇതിനെത്തുടർന്ന്, എഫ്ടിഎക്സിന് ക്രമാതീതമായ വളർച്ചയാണ് ഉണ്ടായത്. ഇത് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മെഴ്‌സിഡസിന്റെ ഫോർമുല 1 ടീമുമായി ഒരു സ്പോൺസർഷിപ്പ് കരാർ നേടാൻ കമ്പനിയെ സഹായിച്ചു. സിംഗപ്പൂരിലെ ടെമാസെക്കിന്റെയും ടൈഗർ ഗ്ലോബലിന്റെയും നിക്ഷേപം കൂടി എത്തിയതോടെ രണ്ട് മാസത്തിനുള്ളിൽ എഫ്ടിഎക്സിന്റെ മൂലധനം 18 ബില്യൺ ഡോളറിൽ നിന്ന് 25 ബില്യൺ ഡോളറായി ഉയർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
മഹാമാരി പടർന്നു പിടിച്ച സമയത്ത്, നിക്ഷേപകർക്കിടയിൽ ബിറ്റ്കോയിന്റെയും മറ്റ് ടോക്കണുകളുടെയും പെട്ടെന്നുള്ള കുതിച്ചുചാട്ടം ഉണ്ടായപ്പോൾ, നാഷണൽ ഫുട്ബോൾ ലീഗ് (NFL) ഇതിഹാസം ടോം ബ്രാഡി, എൻബിഎ താരം സ്റ്റീഫൻ കറി, അമേരിക്കൻ ഹാസ്യപരമ്പര "സെയിൻഫെൽഡ്" സഹ-സ്രഷ്ടാവ് ലാറി ഡേവിഡ് എന്നിവരിൽ നിന്ന് അംഗീകാരം നേടാൻ കഴിഞ്ഞതോടെ ക്രിപ്‌റ്റോകറൻസി രംഗത്തെ ഒരു സെലിബ്രിറ്റിയായി എസ്ബിഎഫ് ഉയർന്നു. സൂപ്പർ മോഡൽ ഗിസെൽ ബണ്ട്‌ചെൻ കഴിഞ്ഞ വർഷം എഫ്ടിഎക്സിൽ ഓഹരികൾ വാങ്ങിയതായി റിപ്പോർട്ടുണ്ട്.
എവിടെയാണ് തെറ്റ് സംഭവിച്ചത്?
സാം ബാങ്ക്മാൻ ഫ്രൈഡിന്റെ വളർച്ച അഭൂത പൂർവമായിരുന്നു. കാര്യങ്ങൾ തകിടം മറിഞ്ഞത് വളരെ വേഗത്തിലാണ്. ഉയർച്ച പോലെ തന്നെ ബാങ്ക്മാന്റെ വീഴ്ചയും അതിവേഗത്തിലായിരുന്നു. പലിശനിരക്ക് വർധിച്ചതിന്റെ ഫലമായി ക്രിപ്‌റ്റോ വിപണിയിൽ ഇടിവുണ്ടായ സമയത്ത് മറ്റ് ക്രിപ്‌റ്റോ സ്ഥാപനങ്ങളെ രക്ഷിക്കാൻ സന്നദ്ധത അറിയിച്ചപ്പോൾ ബാങ്ക്മാൻ മാസങ്ങൾക്ക് മുമ്പ് വരുത്തിയ പിഴവുകളുടെ ഫലമാണ് എഫ്‌ടിഎക്‌സിന്റെ തകർച്ചയെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
advertisement
റോയിട്ടേഴ്‌സിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ ഇടപാടുകളിൽ ചിലതിൽ അലമേഡ റിസർച്ച് ഉൾപ്പെട്ടിരുന്നു, ഇത് പിന്നീട് തുടർച്ചയായ നഷ്ടത്തിലേക്ക് നയിച്ചു. ബാലൻസ് ഷീറ്റ് പ്രകാരം 14.6 ബില്യൺ ഡോളർ വിലമതിക്കുന്ന അലമേഡ റിസർച്ചിന്റെ ആസ്തികളിൽ ഭൂരിഭാഗവും യഥാർത്ഥത്തിൽ എഫ്ടിഎക്സിന്റെ സ്വന്തം എഫ്ടിടി ടോക്കണുകളാണെന്ന് കോയ്ൻടെസ്ക് റിപ്പോർട്ട് ഈ മാസം വെളിപ്പെടുത്തിയതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി. പണപ്പെരുപ്പവും മാന്ദ്യവും ചേർന്നതോടെ കമ്പനിയുടെ തകർച്ച കൂടുതൽ പ്രകടമായി.
നവംബർ 6-ന് ബാങ്ക്മാൻ അതിന്റെ നിക്ഷേപകരിലൊരാളായ ബിനാൻസ് സ്ഥാപകനും സിഇഒയുമായ ചാങ്‌പെങ് ഷാവോയുമായി (CZ) പരസ്യമായി തർക്കത്തിൽ ഏർപ്പെട്ടപ്പോഴാണ് കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ശതകോടീശ്വരന്മാരും വിപണി വിഹിതത്തിനായി പരസ്പരം മത്സരിക്കാൻ തുടങ്ങി. ഇവർ തമ്മിലുള്ള കടുത്ത സ്പർദ്ധ അഭിമുഖങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും മറനീക്കി പുറത്തു വന്നു. എസ്ബിഎഫും സിസെഡും പരസ്‌പരം ബിസിനസിനെ ദ്രോഹിക്കുന്നുവെന്ന് പരസ്‌പരം ആരോപിച്ചതോടെ സ്ഥിതിഗതികൾ വഷളായി. നവംബർ 9ന്, ബിനാൻസ് അവരുടെ കരാറിൽ നിന്ന് പിൻമാറി, ഇത് എഫ്ടിഎക്സിന്റെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലാക്കി.
ഇതിനെത്തുടർന്ന്, വാങ്ങാൻ ഒരാളെ (Buyer) കണ്ടെത്താനാവാതെ സാം ബാങ്ക്മാൻ ഫ്രൈഡ് കുഴങ്ങി, മറ്റു നിക്ഷേപകരെ കണ്ടെത്താൻ ശക്തമായ തിരച്ചിൽ തുടങ്ങി., “കരാറിൽ ഇത്തരത്തിൽ ഉടമസ്ഥാവകാശം ഒന്നും ബിനാൻസ് സൂചിപ്പിച്ചിരുന്നില്ല, മറ്റൊരും മാർഗം കണ്ടെത്താനുള്ള തിരച്ചിലിലാണ് ” ബിനാൻസ് കരാർ പിൻവലിച്ചതിനെത്തുടർന്ന്, സാം ബാങ്കാമാൻ തന്റെ എഫ്ടിഎക്സിലെ ജീവനക്കാരോട് പറഞ്ഞു.
എഫ്ടിഎക്സിൽ യുഎസ് അധികൃതർ അന്വേഷണം ആരംഭിച്ചു
അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട് പ്രകാരം, ഈ ആഴ്ച ആദ്യം എഫ്ടിഎക്സ് സ്വയം ബിനാൻസിന് വിൽക്കാൻ സമ്മതിച്ചിരുന്നു. ഈ വാർത്ത ഉപഭോക്താക്കളിൽ എഫ്‌ടിഎക്‌സിന്റെ മൂലധനത്തെ സംബന്ധിച്ചുള്ള ആശങ്ക ഉയർത്തുകയും എക്‌സ്‌ചേഞ്ച് വിടാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും എഫ്ടിഎക്സിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിന് വേണ്ടി നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിലൂടെ, കമ്പനി ഏതെങ്കിലും അന്യായമായ പ്രവർത്തനങ്ങളോ സുരക്ഷ നിയമ ലംഘനമോ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാകുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്.
അലമേഡ റിസർച്ചിലെ പ്രവർത്തനങ്ങൾക്കായി ഉപഭോക്താക്കൾ നിക്ഷേപിച്ച നിക്ഷേപങ്ങൾ ഉപയോഗിച്ചോ ഇല്ലയോ എന്നതിന്റെ സാധ്യതയിലായിരിക്കും അന്വേഷണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് സംഭവവികാസങ്ങളെക്കുറിച്ച് പരിചയമുള്ള വ്യക്തികളിൽ ഒരാൾ അസോസിയേറ്റ് പ്രസ്സിനോട് പറഞ്ഞത്.“എഫ്‌ടിഎക്‌സിന്റെ അനാസ്ഥയും ഈ സംവിധാനത്തോടുള്ള വിശ്വാസത്തിൽ ഇവർ ഏൽപ്പിച്ച ആഘാതവും ക്രിപ്‌റ്റോ വിലകൾ ഇനിയും കുറയാൻ ഇടയാക്കും, ഇത് ഇത്തരത്തിലുള്ള കൂടുതൽ തകർച്ചകൾക്ക് വഴിയൊരുക്കിയേക്കാം” എന്നാണ് ജെപി മോർഗനിലെ ഒരു അനലിസ്റ്റ് നിക്ഷേപകർക്ക് നൽകുന്ന മുന്നറിയിപ്പ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 14, 2022 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Sam Bankman-Fried | ആരാണ് സാം ബാങ്ക്മാൻ-ഫ്രൈഡ്? ഒറ്റരാത്രികൊണ്ട് ശതകോടീശ്വര പദവി നഷ്ടപ്പെട്ട ക്രിപ്‌റ്റോ രാജാവ്