ഇന്റർഫേസ് /വാർത്ത /Explained / China- Taiwan | നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം: ചൈനയുടെ എതിർപ്പിന് കാരണമെന്ത്?

China- Taiwan | നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം: ചൈനയുടെ എതിർപ്പിന് കാരണമെന്ത്?

(Image: AP)

(Image: AP)

25 വർഷത്തിനിടെ ഇതാ​ദ്യമായാണ്, ഏറ്റവും ഉയർന്ന റാങ്കിലുള്ള ഒരു അമേരിക്കൻ പ്രതിനിധി തായ്‍വാനിൽ സന്ദർശനം നടത്തുന്നത്. ചൈന തങ്ങളുടെ പ്രവിശ്യയായാണ് തായ്‌വാനെ കണക്കാക്കുന്നത്. ഇവിടെ യു എസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ സന്ദര്‍ശനം നടത്തുന്നതാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്

കൂടുതൽ വായിക്കുക ...
  • Share this:

യു.എസ് സ്പീക്കർ നാൻസി പെലോസിയുടെ (Nancy Pelosi) തായ്‌വാൻ (Taiwan) സന്ദർശനത്തെ അപലപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ചൈന (China). അത്യന്തം അപകടകരം എന്നാണ് സന്ദർശനത്തെ ചൈന വിശേഷിപ്പിച്ചിരിക്കുന്നത്. തായ്‌വാന്‍ സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്നും ചൈന മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 25 വർഷത്തിനിടെ ഇതാ​ദ്യമായാണ്, ഏറ്റവും ഉയർന്ന റാങ്കിലുള്ള ഒരു അമേരിക്കൻ പ്രതിനിധി തായ്‍വാനിൽ സന്ദർശനം നടത്തുന്നത്. ചൈന തങ്ങളുടെ പ്രവിശ്യയായാണ് തായ്‌വാനെ കണക്കാക്കുന്നത്. ഇവിടെ യു എസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ സന്ദര്‍ശനം നടത്തുന്നതാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്. തങ്ങളിൽ നിന്നും വേർപെട്ട തായ്‍വാനെ വീണ്ടും നിയന്ത്രണത്തിലാക്കാനാണ് ചൈനയുടെ നീക്കം. എന്നാൽ, സ്വന്തം ഭരണഘടനയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കളും ഉള്ള ഒരു സ്വതന്ത്ര രാജ്യമായാണ് തായ്‌വാൻ തങ്ങളെ സ്വയം കാണുന്നത്. തായ്‌വാനുമായുള്ള പുനരേകീകരണം നടക്കണമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് (Xi Jinping) പറഞ്ഞത്.

തായ്‌വാനെക്കുറിച്ച് കൂടുതലറിയാം

തായ്‌വാൻ തങ്ങളുടെ നിയന്ത്രണത്തിലാകുകയാണെങ്കിൽ പടിഞ്ഞാറൻ പസഫിക് മേഖലയിൽ അവരുടെ അധികാരം ഉപയോഗിക്കാൻ ചൈന അത് ഉപയോഗപ്പെടുത്തുമെന്നും ഗുവാം, ഹവായ് എന്നിവിടങ്ങളിൽ നിന്നുള്ള യുഎസ് സൈനിക താവളങ്ങൾക്ക് ഭീഷണിയാകുമെന്നും ചില പാശ്ചാത്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ തങ്ങളുടെ ഉദ്ദേശ്യങ്ങൾ തികച്ചും സമാധാനപരമാണെന്നാണ് ചൈനയുടെ വാദം.

തായ്‌വാൻ ചൈനയിൽ നിന്ന് വേർപെട്ടിരുന്നോ?

17ാം നൂറ്റാണ്ടിൽ ക്വിംഗ് രാജവംശം (Qing dynasty) ദ്വീപ് ഭരിക്കാൻ തുടങ്ങിയപ്പോൾ തായ്‍വാൻ പൂർണമായും ചൈനയുടെ നിയന്ത്രണത്തിലായി എന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. തുടർന്ന്, 1895 ൽ, ജപ്പാനുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ചൈന ദ്വീപ് ജപ്പാന് വിട്ടുകൊടുത്തു. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതിനെത്തുടർന്ന് 1945 ൽ ചൈന വീണ്ടും തായ്‍വാൻ പിടിച്ചെടുത്തു.

Also Read- സംഘർഷം കനക്കുന്നു; തായ് വാനിൽ നാൻസി പെലോസിയ്ക്ക് വൻവരവേൽപ്പ്; യുഎസും ചൈനയും നേർക്കുനേർ

എന്നാൽ ചിയാങ് കൈ-ഷെക്കിന്റെ നേതൃത്വത്തിലുള്ള സർക്കാർ സേനയും മാവോ സേതുങ്ങിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ചൈനയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വിജയിക്കുകയും ചൈനയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ചിയാങ് കൈ-ഷെക്ക് തായ്‌വാനിലേക്ക് പലായനം ചെയ്തു. അവിടുത്തെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. തായ്‌വാൻ ഒരു ചൈനീസ് പ്രവിശ്യയായിരുന്നുവെന്ന് സ്ഥാപിക്കാൻ ഈ ചരിത്ര വസ്തുതകളാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ 1911 ലെ വിപ്ലവത്തിനുശേഷം, മാവോ സെതുങ്ങിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ആധുനിക ചൈനീസ് ഭരണകൂടത്തിനു കീഴിലുള്ള പ്രവിശ്യയല്ല തങ്ങളെന്നു ചൂണ്ടിക്കാണിക്കാൻ തായ്‍വാൻ ആശ്രയിക്കുന്നതും ഇതേ ചരിത്ര രേഖകൾ തന്നെയാണ്.

തായ്‌വാനിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ പാർട്ടികളിലൊന്നാണ് കുമിന്റാങ്. വത്തിക്കാൻ കൂടാതെ നിലവിൽ, 13 രാജ്യങ്ങൾ മാത്രമാണ് തായ്‌വാനെ പരമാധികാര രാജ്യമായി അംഗീകരിക്കുന്നത്. തായ്‌വാനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കാതിരിക്കാൻ ചൈന മറ്റ് രാജ്യങ്ങളിൽ വലിയ നയതന്ത്ര സമ്മർദ്ദം ചെലുത്തുന്നുണ്ട്. ചൈനയുമായി ഏറ്റവും മോശം ബന്ധമാണ് തങ്ങൾക്കുള്ളതെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.

തായ്‌വാന് സ്വയം പ്രതിരോധിക്കാൻ കഴിയുമോ?

സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നത് പോലുള്ള സൈനികേതര മാർഗങ്ങളിലൂടെ ചൈനയ്ക്ക് പുനരേകീകരണം നടപ്പിലാക്കാൻ ശ്രമിക്കാം. എന്നാൽ സൈനിക ഏറ്റുമുട്ടൽ ഉണ്ടായാൽ ചൈനയുടെ സായുധ സേനയാകും മേൽക്കൈ നേടുക. പ്രതിരോധ രം​ഗത്ത് അമേരിക്ക ചെലവഴിക്കുന്നതിനെക്കാൾ കൂടുതൽ പണം ചൈന ചെലവഴിക്കുന്നുണ്ട്. നാവിക ശക്തി, മിസൈൽ സാങ്കേതികവിദ്യ, വിമാനം, സൈബർ ആക്രമണം എന്നിങ്ങനെ ഒരു വലിയ പ്രതിരോധ ശ്രേണി തന്നെ ചൈനക്കുണ്ട്. ചൈനീസ് ആക്രമണത്തെ തടയാൻ പുറത്തു നിന്നുള്ള സഹായം തായ്‌വാന്‍ തേടിയേക്കാം എന്നും വിദ​ഗ്ധർ പറയുന്നു. തായ്‌വാന് ആയുധങ്ങൾ വിൽക്കുന്ന അമേരിക്കയുടെ സഹായം രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, ഒരു ആക്രമണമുണ്ടായാൽ തായ്‌വാനെ എങ്ങനെ സഹായിക്കുമെന്ന കാര്യത്തിൽ അമേരിക്കക്ക് ഇതുവരെ വ്യക്തതയില്ല.

Also Read- Exclusive | സവാഹിരിയുടെ കൊലപാതകം; ഹഖാനി നെറ്റ്വർക്കിലെ അംഗങ്ങളാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് താലിബാന്‍ 

നയതന്ത്രപരമായി, അമേരിക്ക 'ഒരേയൊരു ചൈന' (One-China) നയത്തിൽ ഉറച്ചുനിൽക്കുകയാണ്. ഔപചാരികമായി അമേരിക്കക്ക് തായ്‍വാനേക്കാൾ കൂടുതൽ ബന്ധം ചൈനയോട് ഉണ്ടു താനും. എന്നാൽ അടുത്തിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് കടുപ്പിച്ചിരുന്നു. തായ്‌വാനെ സൈനികമായി യുഎസ് തുണക്കുമോ എന്ന ചോദ്യത്തിന്, പിന്തുണക്കും എന്നായിരുന്നു ബൈഡന്റെ മറുപടി.

സ്ഥിതി വഷളാകുകയാണോ?

2021-ൽ, തായ്‌വാനിലെ എയർ ഡിഫൻസ് സോണിലേക്ക് സൈനിക വിമാനങ്ങൾ അയച്ചുകൊണ്ട് ചൈന സമ്മർദ്ദം ശക്തമാക്കിയിരുന്നു. ദേശീയ സുരക്ഷയുടെ ഭാ​ഗമായി വിദേശ വിമാനങ്ങൾ തിരിച്ചറിയുകയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പ്രദേശമാണിത്. 2020 ൽ, വിമാനം കടന്നുകയറുന്നതിന്റെ വിവരങ്ങൾ തായ്‌വാൻ പുറത്തു വിട്ടിരുന്നു. 2021 ഒക്ടോബറിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വിമാനങ്ങളുടെ എണ്ണം ഉയർന്നു. ഒറ്റ ദിവസം ഉണ്ടായത് 56 നുഴഞ്ഞുകയറ്റങ്ങളാണ്.

എന്തുകൊണ്ടാണ് മറ്റു ലോക രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം തായ്‌വാൻ പ്രാധാന്യമർഹിക്കുന്നത്?

ലാപ്‌ടോപ്പുകൾ, വാച്ചുകൾ, ഗെയിം കൺസോളുകൾ തുടങ്ങി ലോകത്തിലെ വിവിധ ഭാ​ഗങ്ങളിലേക്കുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഭൂരിഭാഗവും തായ്‌വാനിൽ നിർമ്മിച്ച കമ്പ്യൂട്ടർ ചിപ്പുകൾ ഉപയോ​ഗിച്ചാണ് പ്രവർത്തിക്കുന്നത്. തായ്‌വാനിലെ സെമികണ്ടക്ടർ മാനുഫാക്‌ചറിംഗ് കമ്പനിയിൽ അല്ലെങ്കിൽ ടിഎസ്‌എംസിയിലാണ് ലോക വിപണിയുടെ പകുതിയിലധികം കമ്പ്യൂട്ടർ ചിപ്പ് നിർമാണവും നടക്കുന്നത്. സാധാരണ ഉപഭോക്താക്കളെ കൂടാതെ, സൈനിക ഉപഭോക്താക്കൾക്കായും ചിപ്പുകൾ നിർമിക്കുന്ന കമ്പനിയാണിത്. 2021 വരെയുള്ള കണക്കനുസരിച്ച് ഏകദേശം നൂറു ബില്യൺ ഡോളർ മൂല്യമുള്ള ഒരു വലിയ വ്യവസായമാണിത്. ചൈന തായ്‍വാൻ പിടിച്ചെടുത്താൽ , ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായങ്ങളിലൊന്ന് ചൈനയുടെ നിയന്ത്രണത്തിലാകും.

തായ്‌വാനിലെ ജനങ്ങൾക്ക് ആശങ്കയുണ്ടോ?

ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലും തായ്‌വാനിലെ ജനങ്ങൾ ഇതേക്കുറിച്ച് അധികം ആശങ്കാകുലരല്ലെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. 2021 ഒക്ടോബറിൽ തായ്‌വാൻ പബ്ലിക് ഒപീനിയൻ ഫൗണ്ടേഷൻ നടത്തിയ സർ‍വേയിൽ ചൈനയുമായി യുദ്ധമുണ്ടാകുമെന്ന് ആശങ്കയുണ്ടോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 64.3 ശതമാനം പേരും ഇല്ല എന്നാണ് മറുപടി നൽകിയത്. ചൈനക്കാരായി തങ്ങളെ കാണുന്ന ആളുകളുടെ അനുപാതം രാജ്യത്ത് കുറഞ്ഞെന്നും മിക്ക ആളുകളും തങ്ങളെ തായ്‌വാനീസ് ജനത ആയാണ് കണക്കാക്കുന്നത് എന്നും നാഷണൽ ചെങ്‌ചി യൂണിവേഴ്‌സിറ്റി നടത്തിയ സർവേ വ്യക്തമാക്കുന്നു.

First published:

Tags: America, China, Taiwan