യുനെസ്‌കോയില്‍ വീണ്ടും അംഗമാകാനൊരുങ്ങുന്ന അമേരിക്ക സംഘടനയില്‍ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?
- Published by:Vishnupriya S
- news18-malayalam
Last Updated:
മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ കാലത്താണ് അമേരിക്ക യുനെസ്‌കോയില്‍ നിന്ന് പിന്‍മാറിയത്
യുനെസ്‌കോയിലേക്ക് (യുണൈറ്റഡ് നേഷന്‍സ് എഡ്യുക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ – UNESCO) വീണ്ടുംതിരിച്ചുവരാനൊരുങ്ങുകയാണ് അമേരിക്ക. മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ കാലത്താണ് അമേരിക്ക യുനെസ്‌കോയില്‍ നിന്ന് പിന്‍മാറിയത്. സംഘടനയ്ക്ക് 600 മില്യണ്‍ ഡോളറിലധികമാണ് അമേരിക്ക നല്‍കാനുള്ളത്. ഈ കുടിശിക ഉടൻ തീർപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ എന്ത് കാരണത്താലാണ് അമേരിക്ക യുനെസ്‌കോയില്‍ നിന്ന് വിട്ടു നിന്നത് എന്നറിയാം.
അമേരിക്ക യുനെസ്‌കോ വിടാനുള്ള കാരണം?
യുനെസ്‌കോ എന്ന ആഗോള സംഘടനയുടെ സഹസ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അമേരിക്ക. 2011വരെ യുനെസ്‌കോയുടെ ബജറ്റില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ രാജ്യവും അമേരിക്കയാണ്. എന്നാല്‍ 2011ല്‍ പാലസ്തീന് യുനെസ്‌കോ അംഗത്വം നല്‍കിയതോടെയാണ് കാര്യങ്ങള്‍ വഷളായത്.യുനെസ്‌കോയുടെ ഈ തീരുമാനം അമേരിക്കയ്ക്ക് സ്വീകാര്യമായിരുന്നില്ല. വര്‍ഷം തോറും 75 മില്യണ്‍ ഡോളറാണ് അമേരിക്ക യുനെസ്‌കോയ്ക്ക് സാമ്പത്തിക സഹായമായി നല്‍കിയിരുന്നത്.
യുനെസ്‌കോയുടെ ബജറ്റിന്റെ 22 ശതമാനവും സംഭാവന ചെയ്തിരുന്നത് അമേരിക്കയായിരുന്നു. പാലസ്തീന് അംഗത്വം നല്‍കിയതോടെ തങ്ങളുടെ സംഭാവന പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. എന്നാല്‍ സംഘടനയില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനം പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണെടുത്തത്.പിന്നീട് 2017ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ ഡോണാള്‍ഡ് ട്രംപാണ് യുനെസ്‌കോയില്‍ നിന്ന് പിന്‍മാറുന്നുവെന്ന തീരുമാനം പ്രഖ്യാപിച്ചത്.
advertisement
യുനെസ്‌കോയുടെ ഇസ്രായേല്‍ വിരുദ്ധ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു പിന്‍മാറ്റം. 2018ഓടെ ഔദ്യോഗികമായി യുനെസ്‌കോയില്‍ നിന്ന് അമേരിക്ക പിന്‍മാറി. അമേരിക്കയോടൊപ്പം ഇസ്രായേലും യുനെസ്‌കോയിലുള്ള തങ്ങളുടെ അംഗത്വം ഉപേക്ഷിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ഇസ്രായേല്‍ വിരുദ്ധ നിലപാട് നിരന്തരം ചോദ്യം ചെയ്യുന്ന രാജ്യം കൂടിയാണ് ഇസ്രായേല്‍. 2012ല്‍ യുഎന്‍ പൊതുസഭ പലസ്തീന് നിരീക്ഷകരാജ്യ പദവി നല്‍കിയതും ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു.
advertisement
അതേസമയം 1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ഇസ്രേയേല്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗാസ മുനമ്പ് എന്നിവ തിരിച്ച് നല്‍കണമെന്നാണ് പാലസ്തീനിന്റെ ആവശ്യം. അവ കൂട്ടിച്ചേര്‍ത്ത് സ്വതന്ത്രരാജ്യം നിര്‍മ്മിക്കണമെന്നാണ് പാലസ്തീന്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയിൽ നിന്ന് അംഗീകാരം നേടാനുള്ള പാലസ്തീന്റെ ശ്രമങ്ങളെ ഇസ്രായേല്‍ സംശയത്തോടെയാണ് കാണുന്നത്. തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനാണ് പലസ്തീന്‍ ശ്രമിക്കുന്നത് എന്നാണ് ഇസ്രായേലിന്റെ വാദം.
യുനെസ്‌കോയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നത് രണ്ടാം തവണ
ഇതാദ്യമായല്ല യുനെസ്‌കോയില്‍ നിന്ന് അമേരിക്ക വിട്ടുനില്‍ക്കുന്നത്. 1984ലാണ് ആദ്യമായി അമേരിക്ക യുനെസ്‌കോയില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്. റൊണാള്‍ഡ് റീഗനായിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്. സംഘടനയ്ക്കുള്ളില്‍ അഴിമതി നടക്കുന്നുവെന്നും സോവിയറ്റ് താല്‍പ്പര്യങ്ങളെ പിന്താങ്ങുന്നുവെന്നുമാരോപിച്ചായിരുന്നു അന്നത്തെ പിന്‍മാറ്റം. അതേസമയം യുഎസ് – യുനെസ്‌കോ ബന്ധം കഴിഞ്ഞ നാലു പതിറ്റാണ്ടായി വളരെ പ്രക്ഷുബ്ധമായ നിലയിലാണ്. ശീതയുദ്ധ കാലം മുതലാണ് ഈ സംഘര്‍ഷം ആരംഭിച്ചത്. ഇസ്രായേല്‍-പലസ്തീന്‍ തര്‍ക്കം യുനെസ്‌കോ-യുഎസ് ബന്ധത്തെയും ബാധിച്ചിരുന്നു.
advertisement
തിരിച്ചുവരവിന്റെ കാരണമെന്ത്?
ചൈനയുടെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് യുഎസ് യുനെസ്‌കോയിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നത് എന്നാണ് ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അമേരിക്കയുടെ സ്ഥാനം ചൈന കൈയ്യേറുമോയെന്ന ഭയമാണ് തിരിച്ചുവരാന്‍ അമേരിക്കയ്ക്ക് പ്രചോദനമായതെന്നാണ് റിപ്പോര്‍ട്ടുകൾ നൽകുന്ന സൂചന.അമേരിക്ക പിന്‍മാറിയതോടെ ചൈനയുടെ സ്വാധീനം വര്‍ധിച്ചു. അത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട നയരൂപീകരണത്തിന് മുന്‍കൈയെടുക്കാന്‍ അവരെ സഹായിക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു.
advertisement
”യുനെസ്‌കോയിലേക്ക് തിരികെപോകണമെന്നാണ് എന്റെ അഭിപ്രായം. യുനെസ്‌കോയ്ക്ക് ഒരു സമ്മാനം എന്ന നിലയിലല്ല. യുനെസ്‌കോയ്ക്ക് ഉള്ളില്‍ ഇപ്പോള്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്,’ എന്നും ആന്റണി ബ്ലിങ്കണ്‍ യുഎസ് സെനറ്റ് കമ്മിറ്റിയെ അറിയിച്ചു.
ഇതേ അഭിപ്രായം തന്നെയാണ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ മാനേജ്‌മെന്റ് ആയ ജോണ്‍ ബാസിനും. ആഗോള തലത്തില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുന്നുവെന്നും അവയെ പ്രതിരോധിക്കാന്‍ യുനെസ്‌കോയിലേക്ക് അമേരിക്ക തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങളുടെ തീരുമാനം അമേരിക്ക യുനെസ്‌കോ പ്രതിനിധികളെ രഹസ്യമായി അറിയിച്ചുവെന്നാണ് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
advertisement
ആത്മവിശ്വാസത്തില്‍ യുനെസ്‌കോ
തിരിച്ചുവരാനുള്ള അമേരിക്കയുടെ തീരുമാനം യുനെസ്‌കോയ്ക്ക് അനുഗ്രഹമാകുമെന്നാണ് കരുതുന്നത്. യുനെസ്‌കോയുടെ പാരീസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ തിരിച്ചുവരവില്‍ ആരും എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടില്ല.”യുനെസ്‌കോയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്ന തീരുമാനമാണിത്. അതിലൂടെ ബഹുസ്വരതയും നിലനിര്‍ത്താനാകും,” എന്ന് ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോളെ പറഞ്ഞു.
ഫ്രാന്‍സിന്റെ മുന്‍ സാംസ്‌കാരിക മന്ത്രിയായിരുന്ന വ്യക്തിയാണ് അസോളെ. 2017ലാണ് അവര്‍ യുനെസ്‌കോയുടെ തലപ്പത്ത് എത്തിയത്. അന്ന് മുതല്‍ അമേരിക്കയെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് പ്രാധാന്യം നല്‍കിയിരുന്നുവെന്ന് അസോളെ പറഞ്ഞു.
advertisement
അതേസമയം യുനെസ്‌കോയിലേക്കുള്ള അമേരിക്കയുടെ തിരിച്ചുവരവിനെ എതിര്‍ക്കില്ലെന്ന് ചൈനീസ് അംബാസിഡര്‍ യാംഗ് ജിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ അംഗരാജ്യങ്ങളും ഒന്നിച്ച് നിന്നാല്‍ മാത്രമേ സംഘടനയുടെ ലക്ഷ്യങ്ങള്‍ നേടാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനി, പോളണ്ട്, പെറു, ജീബൂട്ടി തുടങ്ങി നിരവധി രാജ്യങ്ങള്‍ അമേരിക്കയുടെ തിരിച്ചുവരവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
പരിഹാരമാകാതെ പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം
പലസ്തീന്‍ വിഷയത്തെ അഭിസംബോധന ചെയ്യാന്‍ അമേരിക്ക ഇപ്പോഴും തയ്യാറായിട്ടില്ല. യുനെസ്‌കോയിലെ അംഗം കൂടിയാണ് പലസ്തീന്‍. പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷവും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സമാധാന ചര്‍ച്ചകളും നടന്നിട്ടില്ല. ഇസ്രായേലിലെ പുതിയ ഭരണകൂടം പലസ്തീന്‍ ആവശ്യത്തെ പൂര്‍ണ്ണമായി എതിര്‍ക്കുകയാണ്. അതേസമയം പലസ്തീന്‍, ജോര്‍ദാനിയന്‍, ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികള്‍ക്കിടയില്‍ അഭിപ്രായ ഐക്യം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചയാളാണ് യുനെസ്‌കോ അധ്യക്ഷയായ ഓഡ്രി അസോളെ.
ഇവരുടെ ഈ ശ്രമങ്ങള്‍ ആഗോള തലത്തില്‍ അഭിനന്ദിക്കപ്പെടുകയും ചെയ്തിരുന്നു.തന്റെ ശ്രമങ്ങളെപ്പറ്റി വിശദീകരിക്കാന്‍ യുഎസിലെ ഡെമോക്രാറ്റുകളുമായും റിപ്പബ്ലിക്കന്‍സുമായും അവര്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു. വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര് വിജയിച്ചാലും യുനെസ്‌കോയിലേക്ക് തിരിച്ചുവരാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു. യുനെസ്‌കോയിലേക്കുള്ള അമേരിക്കയുടെ തിരിച്ചുവരവ് സന്തോഷം നല്‍കുന്നതാണെന്ന് യുനെസ്‌കോയിലെ നയതന്ത്രജ്ഞരും അഭിപ്രായപ്പെട്ടു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ പഠനം എന്നീ പദ്ധതികൾക്ക് അമേരിക്കയുടെ തിരിച്ചുവരവ് ഊര്‍ജം പകരുമെന്നും നയതന്ത്ര വിദഗ്ധര്‍ പറയുന്നു.യുനെസ്‌കോയിലേക്ക് തിരിച്ചുവരാന്‍ ഇസ്രേയലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ തീരുമാനത്തെയും തങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും യുനെസ്‌കോ നയതന്ത്രജ്ഞര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രായേല്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 15, 2023 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
യുനെസ്‌കോയില്‍ വീണ്ടും അംഗമാകാനൊരുങ്ങുന്ന അമേരിക്ക സംഘടനയില്‍ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?