ചൈനയിൽ വീണ്ടും കോവിഡ് തരംഗം; പ്രതിവാരം കേസുകൾ ആറരക്കോടിയിലെത്തിയേക്കും; മഹാമാരി തിരികെ വരുമോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
കോവിഡ് എക്‌സ്ബിബി (XBB) എന്ന് പേരിട്ടിട്ടുള്ള ഈ തരംഗം കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയിൽ പടർന്നുപിടിക്കുകയാണ്
പുതിയൊരു കോവിഡ് തരംഗം ആഞ്ഞടിക്കുന്നതിന്റെ ഞെട്ടലിലാണ് ചൈന. കോവിഡ് എക്‌സ്ബിബി (XBB) എന്ന് പേരിട്ടിട്ടുള്ള ഈ തരംഗം കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയിൽ പടർന്നുപിടിക്കുകയാണ്. എപ്രിലിനു ശേഷം കോവിഡ് പിടിപെട്ടിട്ടുള്ളവരുടെ എണ്ണം അഞ്ചു മടങ്ങായി വർദ്ധിച്ചു കഴിഞ്ഞിരിക്കുന്നു. മേയ് മാസത്തിന്റെ അവസാന ദിവസങ്ങളിൽ ടെസ്റ്റ് ചെയ്തവരിൽ നാൽപ്പതു ശതമാനത്തിലേറെയും പോസിറ്റീവ് ആയിരുന്നുവെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നതായി ദി സ്‌ട്രെയിറ്റ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജൂൺ മാസത്തോടെ ചൈനയിൽ പ്രതിവാരം ആറരക്കോടിയിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കുമെന്ന് പ്രമുഖ ചൈനീസ് ആരോഗ്യ വിദഗ്ധർ പറഞ്ഞിരുന്നു.
ജൂൺ ആദ്യവാരത്തോടെ തന്നെ ഒന്നരക്കോടി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നും പഠനങ്ങളുണ്ടായിരുന്നു. കോവിഡ് മഹാമാരിയെ നേരിടാനായി സജ്ജീകരിച്ചിരുന്ന എല്ലാ നിയന്ത്രണങ്ങളും ചൈന ഒഴിവാക്കി ആറു മാസങ്ങൾക്കുള്ളിലാണ് ഈ പുതിയ തരംഗം. ലോക്ക്ഡൗണുകൾ, കൂട്ട പരിശോധനകൾ, ക്വാറന്റീൻ നിയമങ്ങൾ, നിർബന്ധിത മാസ്‌ക് ഉപയോഗം എന്നിങ്ങനെ എല്ലാ നിയന്ത്രണങ്ങളും ചൈന എടുത്തുമാറ്റിയിരുന്നു. ചൈനയിലെ പുതിയ സ്ഥിതിഗതികൾ ലോകത്തെ എങ്ങനെ ബാധിക്കുമെന്നാണ് വിദഗ്ധർ ഉറ്റുനോക്കുന്നത്.
advertisement
ചൈനയുടെ പുതിയ കോവിഡ് പ്രതിസന്ധി
സിഡിസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, മേയിൽ ചൈന പുതിയൊരു കോവിഡ് തരംഗത്തിന് സാക്ഷ്യം വഹിച്ചിരുന്നു. പരിശോധനകളിലെ പോസിറ്റീവ് നിരക്ക് വളരെയധികമായിരുന്നു. 164 കോവിഡ് മരണങ്ങളാണ് മെയ് മാസത്തിൽ ചൈനയിൽ റിപ്പോർട്ട് ചെയ്തത്. 2,777 പേർക്ക് ഗുരുതര അണുബാധയുണ്ടായി. ഈ കണക്ക് കൂടുതൽ വർദ്ധിച്ചുകൊണ്ടിരുന്നതായും ദി സ്‌ട്രെയിറ്റ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.രണ്ടാം തരംഗം ഉണ്ടായതായും, ഓഫീസുകളിലും ഫാക്ടറികളിലും ഹാജർ നിലയിൽ കുറവു വന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ലക്ഷണങ്ങളും രോഗവും ഗുരുതരമല്ലെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു.
advertisement
കോവിഡ് മഹാമാരി എളുപ്പത്തിൽ പടരുമെന്ന് ആദ്യം തെളിയിച്ച ഡോക്ടർമാരിലൊരാളായ ഡോക്ടർ സോങ് നൻഷാൻ, ഈ പുതിയ തരംഗം അപ്രതീക്ഷിതമെല്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ചൈനയിൽ കോവിഡ് ബാധിതരുടെ എണ്ണം പ്രതിവാരം ആറരക്കോടി എന്ന നിലയിലേക്ക് വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളിൽ ഉണ്ടായി വന്നിട്ടുള്ള പ്രതിരോധത്തെ മറികടക്കാൻ പാകത്തിൽ എക്‌സ്ബിബി കോവിഡ് ഘടനയിൽ രൂപമാറ്റമുണ്ടാകുന്നതായി ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ പുതിയ മാറ്റത്തെ നേരിടാനായി പ്രതിരോധ കുത്തിവയ്പ്പുകൾ വീണ്ടും ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ചൈന.
advertisement
എന്തായിരിക്കും പുതിയ തരംഗത്തിന്റെ ഫലം?
ചൈനയിൽ ആഞ്ഞടിക്കുന്ന പുതിയ തരംഗത്തിന്റെ പൂർണമായ പരിണിത ഫലം ഇപ്പോഴും അജ്ഞാതമാണ്. പുതിയ തരംഗം രാജ്യത്ത് വ്യാപകമായല്ല, മറിച്ച് അങ്ങിങ്ങായാണ് പടർന്നിരിക്കുന്നതെന്ന് യുഎസ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. തൊട്ടുമുൻപുണ്ടായ തരംഗത്തെ അപേക്ഷിച്ച് മരണവും ഗുരുതര കേസുകളും ആശുപത്രി സന്ദർശനങ്ങളും ഇത്തവണ കുറവാണ്.കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും അനുഭവപ്പെട്ടിരുന്ന കോവിഡ് ‘സുനാമി’യുമായി താരതമ്യപ്പെടുത്താവുന്നതല്ല പുതിയ തരംഗം.
advertisement
എങ്കിലും, പ്രായം ചെന്നവരിലും മറ്റു രോഗങ്ങളുള്ളവരിലും ഇപ്പോഴും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരിലും രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് ഹോങ്കോങ് സർവകലാശാലയിലെ വൈറോളജിസ്റ്റായ ജിൻ ഡോങ് യാനിനെ ഉദ്ധരിച്ചുകൊണ്ട് എൻബിസി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു.ചൈനയിലെ ആകെ ജനസംഖ്യയായ 140 കോടിയിൽ എൺപതു ശതമാനത്തെയും കോവിഡ് ആദ്യ തരംഗം ബാധിച്ചിരുന്നുവെന്ന് ചൈനീസ് സിഡിസി അധികൃതർ മുൻപ് സൂചിപ്പിച്ചിരുന്നു. അക്കാലത്ത് ഉണ്ടായിവന്ന പ്രതിരോധ ശേഷിയിൽ പിന്നീട് ഇടിവുണ്ടായിട്ടുണ്ട്. വൃദ്ധരും രോഗികളും കൂടുതൽ അപകടത്തിലാണ്.
ആശങ്കപ്പെടേണ്ടതുണ്ടോ?
പുതിയ കോവിഡ് വകഭേദം പരത്തുന്ന വൈറസിന്റെ ജനിതക ഘടനയിൽ വന്നിട്ടുള്ള മാറ്റം, തൊട്ടു മുമ്പ് പടർന്നിട്ടുള്ള പ്രധാന വകഭേദമായ ഒമിക്രോണിന്റേതിൽ നിന്നും ഏറെ വ്യത്യസ്തമല്ലെന്ന് ഓസ്‌ട്രേലിയയിലെ ഡീക്കിൻ സർവകലാശാലയിലെ എപിഡെമോളജിസ്റ്റായ കാതറിൻ ബെന്നറ്റ് നിരീക്ഷിക്കുന്നു. രോഗലക്ഷണങ്ങൾക്കും താരതമ്യേന തീവ്രത കുറവാണ്.
advertisement
‘ഒമിക്രോൺ പടർന്നു പിടിച്ച് ഒന്നര വർഷം കഴിയുമ്പോൾ, നമ്മുടെ പ്രതിരോധ ശേഷിയെ വെല്ലുവിളിക്കുന്നതോ നമ്മുടെ കഴിവുകളെയും, പ്രധാനമായി നമ്മുടെ ആന്റിവൈറസുകളെയും, പരീക്ഷിക്കുന്നതോ ആയ ഒരു ശ്രദ്ധേയ മാറ്റം വൈറസ് ഘടനയിൽ ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമായ കാര്യമാണ്.’ കാതറിൻ ബെന്നറ്റ് പറയുന്നു. എന്നാൽ, ചൈന പുറത്തുവിടുന്ന ഔദ്യോഗിക കോവിഡ് ഡാറ്റയിൽ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പ്രതിവാര കണക്കുകൾ പുറത്തുവിടുന്ന പതിവ് ചൈന ഈ മാസം നിർത്തിയിരുന്നു. ഇത് വ്യാപനത്തിന്റെ തോത് അളക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 15, 2023 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ചൈനയിൽ വീണ്ടും കോവിഡ് തരംഗം; പ്രതിവാരം കേസുകൾ ആറരക്കോടിയിലെത്തിയേക്കും; മഹാമാരി തിരികെ വരുമോ?