പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചതെങ്ങനെ?
- Published by:Sarika KP
- news18-malayalam
Last Updated:
സോഷ്യൽ മീഡിയയിൽ 'ബോയ്‌കോട്ട് മാലിദ്വീപ്' എന്ന ഹാഷ്ടാഗും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനിടെ നിരവധി ഇന്ത്യക്കാരാണ് മാലിദ്വീപിലേക്കുള്ള ബുക്കിംഗ് റദ്ദാക്കിയത്.
Oindrila Mukherjee
പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലക്ഷദ്വീപിന്‍റെ മനോഹാരിതയും ശാന്തതയും പ്രധാനമന്ത്രി ആസ്വദിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സ്നോര്‍കെല്ലിംഗ് ചെയ്യുന്നതിന്‍റെയും ബീച്ചിലിരുന്ന് ദ്വീപിന്‍റെ സൗന്ദര്യം ആസ്വദിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് അദ്ദേഹം എക്സിൽ പങ്കുവെച്ചത്. ''സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന സ്ഥലമാണ് ലക്ഷദ്വീപ്. എന്റെ താമസത്തിനിടെ ലക്ഷദ്വീപിൽ വെച്ച് സ്നോർക്കലിങ് ചെയ്യാൻ ഞാൻ ശ്രമിച്ചു. അത് ആഹ്ലാദകരമായ അനുഭവമായിരുന്നു'', എന്നും മോദി എക്സിൽ കുറിച്ചിരുന്നു.
advertisement
എന്നാൽ, അധികം വൈകാതെ ഇത് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധത്തെയും ബാധിച്ചു. ഇതേത്തുടർന്നുണ്ടായ പുതിയ സംഭവ വികാസങ്ങൾക്കു പിന്നാലെ മാലിദ്വീപ് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും സസ്പെൻഷനിലാണ്. എന്താണ് ഇതിനെല്ലാം കാരണം? മന്ത്രിമാർക്ക് സസ്പെൻഷൻ കിട്ടാൻ മാത്രം എന്താണ് സംഭവിച്ചത്? തുടങ്ങിയ കാര്യങ്ങൾ വിശദമായി മനസിലാക്കാം.
നയതന്ത്ര പ്രശ്നങ്ങളുടെ തുടക്കം
മാലിദ്വീപിനെ ഇന്ത്യ ലക്ഷ്യമിടുന്നതായി ആരോപിച്ച് പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിലെ മുതിർന്ന മന്ത്രി അബ്ദുള്ള മഹ്സൂം മജീദാണ് പുതിയ പ്രശ്നങ്ങൾക്ക് പ്രധാനമായും തുടക്കം കുറിച്ചത്. ബീച്ച് ടൂറിസം രംഗത്ത് മാലിദ്വീപുമായി ഏറ്റുമുട്ടാൻ മാത്രം ഇന്ത്യ വളർന്നിട്ടില്ലെന്നും ഇക്കാര്യത്തിൽ രാജ്യം വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് പോസ്റ്റ് പുറത്തു വന്നതിനു പിന്നാലെയാണ് മജീദിന്റെ ട്വീറ്റ് എത്തിയത്. താമസിയാതെ ഈ പോസ്റ്റ് ഏറെ ചർച്ചയാകുകയും, മാലിദ്വീപിനു പകരം കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലേക്കുള്ള വിനോദ സഞ്ചാരം പരിഗണിക്കണം എന്നാവശ്യപ്പെട്ട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തു വരിയും ചെയ്തു.
മജീദ് പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും അതിനകം അത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് പിന്നാലെ മാലിദ്വീപ് സർക്കാരിലെ മറ്റ് ചില ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇന്ത്യക്കെതിരെ നിന്ദ്യവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. മോദിയെ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളെയും ഉന്നം വെച്ചായിരുന്നു ഈ പ്രസ്താവനകൾ.
advertisement
മാലിദ്വീപിലെ യുവജനവകുപ്പും, ഐടി വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിയായ മറിയം ഷിയൂനയും എക്സിലെ ഒരു പോസ്റ്റിൽ മോദിക്കെതിരായ പരാമർശങ്ങൾ നടത്തിയിരുന്നു. മോദിയെ 'കോമാളി' എന്നും 'ഇസ്രായേലിന്റെ പാവ' എന്നുമാണ് മറിയം ഷിയൂ വിശേഷിപ്പിച്ചത്. കൂടാതെ, ഇന്ത്യയെ ചാണകത്തോടും ഉപമിച്ചിരുന്നു. ഷിയൂന പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഇവർക്കും സസ്പെൻഷൻ ലഭിച്ചു. "എന്തൊരു കോമാളിയാണ് മോദി. ലൈഫ് ജാക്കറ്റും ധരിച്ച്, ഇതാ ഇസ്രയേലിന്റെ പാവയായ മിസ്റ്റർ നരേന്ദ്ര ഡൈവർ'', എന്നാണ് മറിയം ഷിയൂന തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നത്. ഇതേ മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രിയായ മൽഷ ഷെരീഫും ഇന്ത്യയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. മൽഷ ഷെരീഫിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ, സമാനമായ കാരണത്തിന് ഗതാഗത സിവിൽ ഉപമന്ത്രി ഹസൻ സിഹാനും സസ്പെൻഷൻ ലഭിച്ചു.
advertisement
Recently, I had the opportunity to be among the people of Lakshadweep. I am still in awe of the stunning beauty of its islands and the incredible warmth of its people. I had the opportunity to interact with people in Agatti, Bangaram and Kavaratti. I thank the people of the… pic.twitter.com/tYW5Cvgi8N
— Narendra Modi (@narendramodi) January 4, 2024
advertisement
മാലിദ്വീപ് ടൂറിസത്തിനെതിരെ ഇന്ത്യ പ്രചാരണം നടത്തുകയാണെന്ന് രാജ്യത്തെ ചില സോഷ്യൽ മീഡിയ ഉപയോക്താക്കളും വൈബ്സൈറ്റുകളും അടക്കം പലരും ആരോപിച്ചു. ലക്ഷദ്വീപിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും ചിലർ ആരോപിച്ചു. രാജ്യത്തെ അവധിക്കാല റിസോർട്ടുകളുടെയും ബീച്ചുകളുടെയും ഹോട്ടലുകളുടെയും ഫോട്ടോകൾ പങ്കുെച്ച്, #VisitMaldives എന്ന ഹാഷ്‌ടാഗോടോയാണ് മാലിദ്വീപ് ഉദ്യോഗസ്ഥരും പുതിയ സർക്കാരിന്റെ അനുയായികളും പോസ്റ്റുകൾ പങ്കുവെച്ചത്.
advertisement
വിഷയം പ്രാധാന്യം അർഹിക്കുന്നത് എന്തുകൊണ്ട്?
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ( Indian Ocean Region (IOR) ) പ്രധാന രാജ്യമാണ് മാലിദ്വീപ്. ഈ മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷയും വളർച്ചയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച സാഗർ (SAGAR (Security and Growth for All in the Region) പദ്ധതിയിൽ മാലിദ്വീപും ഉൾക്കൊള്ളുന്നുണ്ട്.
മാലിദ്വീപ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, എല്ലാ വർഷവും ഇവിടെയെത്തുന്ന ആദ്യ പത്ത് വിനോദ വിനോദ സഞ്ചാരികളുടെ കാര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളും ഉൾപ്പെടുന്നു. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഓപ്ഷനായും ആഡംബര ടൂറിസ്റ്റ് കേന്ദ്രമായും നിരവധി ഇന്ത്യക്കാർ മാലിദ്വീപിനെ പരിഗണിച്ചിരുന്നു. ഈ ദ്വീപ് രാഷ്ട്രത്തിന്റെ ജിഡിപിയുടെ 28 ശതമാനത്തിലധികവും ലഭിക്കുന്നത് ടൂറിസം വ്യവസായത്തിൽ നിന്നാണ്.
കഴിഞ്ഞ വര്‍ഷം മാലദ്വീപ് സന്ദര്‍ശിച്ച വിനോദസഞ്ചാരികളില്‍ മുന്നില്‍ ഇന്ത്യക്കാരാണ്. 2023 ൽ രണ്ടു ലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളാണ് ഇവിടെയെത്തിയത്. ഇക്കാര്യത്തിൽ രണ്ടാംസ്ഥാനത്ത് റഷ്യയും മൂന്നാം സ്ഥാനത്ത് ചൈനയും ആണ്. 2021ൽ 2.91 ലക്ഷം ഇന്ത്യക്കാരും 2022 ൽ 2.41 ലക്ഷം ഇന്ത്യക്കാരുമാണ് മാലിദ്വീപ് സന്ദർശിക്കാൻ എത്തിയത്. ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കെയാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ പുതിയ നയതന്ത്ര പ്രതിസന്ധി ഉടലെടുത്തത്.
സെലിബ്രിറ്റികളടക്കം മാലിദ്വീപിനെതിരെ
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്കു പിന്നാലെ, ഇന്ത്യക്കാർ മാലിദ്വീപിലേക്കുള്ള യാത്രകൾ കൂട്ടത്തോടെ റദ്ദാക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. സോഷ്യൽ മീഡിയയിൽ 'ബോയ്‌കോട്ട് മാലിദ്വീപ്' എന്ന ഹാഷ്ടാഗും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനിടെ നിരവധി ഇന്ത്യക്കാരാണ് മാലിദ്വീപിലേക്കുള്ള ബുക്കിംഗ് റദ്ദാക്കിയത്. വർഷങ്ങളായി മാലിദ്വീപിന് ഇന്ത്യ നൽകുന്ന സഹായത്തെക്കുറിച്ചും നിരവധി ഇന്ത്യക്കാർ സംസാരിക്കുന്നുണ്ട്
സിനിമാ താരങ്ങളായ സൽമാൻ ഖാൻ, അക്ഷയ് കുമാർ, ശ്രദ്ധ കപൂർ, ടൈഗർ ഷിറോഫ് എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും ഇന്ത്യയിലെ ദ്വീപുകളും തീരദേശ പ്രദേശങ്ങളും വിനോദ സഞ്ചാരത്തിനായി പരിഗണിക്കണമെന്നും ആരാധകരോട് അഭ്യർത്ഥിച്ചു. ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ, മുൻ ക്രിക്കറ്റർ വെങ്കിടേഷ് പ്രസാദ് തുടങ്ങിയവരും മാലിദ്വീപ് മന്ത്രിമാരുടെ അഭിപ്രായങ്ങളെ അപലപിച്ച് രംഗത്തെത്തി. ഇന്ത്യൻ ടൂറിസം മേഖലയെ കൂടുതൽ പിന്തുണയ്ക്കാനും ജനങ്ങളോട് ഇവർ ആഹ്വാനം ചെയ്തു. എക്സ്പ്ലോർ ഇന്ത്യൻ ദ്വീപ്സ്, ലക്ഷദ്വീപ് തുടങ്ങിയ ഹാഷ്ടാഗുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ് ആകുകയാണ്.
കുടുംബത്തോടൊപ്പം മാലിദ്വീപിൽ പുതുവർഷം ആഘോഷിച്ചയാൾ കൂടിയാണ് അക്ഷയ് കുമാർ. മാലിദ്വീപിലെ പ്രമുഖ രാഷ്ട്രീയപ്രവർത്തകരുടെയും പൊതുപ്രവർത്തകരുടെയും വിദ്വേഷവും വംശീയതയും നിറഞ്ഞ പരാമർശങ്ങളെ അദ്ദേഹം അപലപിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഇന്ത്യൻ ടൂറിസത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി. തന്റെ 50-ാം ജന്മദിനം ആഘോഷിക്കാൻ മഹാരാഷ്ട്രയിലെ തീരദേശ നഗരമായ സിന്ധുദുർഗിൽ തങ്ങൾ പോയെന്നും പ്രതീക്ഷിച്ചതിലുമേറെ മനോഹരമായിരുന്നു ആ സ്ഥലമെന്നും അദ്ദേഹം കുറിച്ചു.
ചലച്ചിത്ര താരങ്ങളായ ജോൺ എബ്രഹാം, കങ്കണ റണാവത്ത്, രൺദീപ് ഹൂഡ എന്നിവരും ലക്ഷദ്വീപ് ടൂറിസം പ്രോത്സാഹിപ്പിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി.
മാലിദ്വീപിന്റെ പ്രതികരണം
മോദിക്കെതിരെയും ഇന്ത്യക്കെതിരെയും അപകീർത്തികരമായ പരാമർശം നടത്തിയതിന് മാലിദ്വീപ് സർക്കാർ മൂന്ന് മന്ത്രിമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന ചർച്ചകളിലൊന്നും സർക്കാരോ സർക്കാർ വൃത്തങ്ങളോട ഇടപെട്ടിട്ടുമില്ല. ഈ അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരമാണെന്നും ഇത് സർക്കാരിന്റെ അഭിപ്രായമല്ലെന്നും മാലിദ്വീപ് സർക്കാർ വ്യക്തമാക്കി.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 08, 2024 8:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചതെങ്ങനെ?