രക്തക്കണ്ണീർ പൊഴിക്കുന്ന കന്യകാ മറിയത്തിന്റെ രൂപമാണ് തന്റെ കൈവശമുള്ളതെന്ന അവകാശവാദവുമായി അനേകം ജനങ്ങളെ ആകർഷിച്ച സിസിലി സ്വദേശിയായ മരിയ ഗ്യൂസെപ്പെ സ്കാർപുല്ല എന്ന സ്ത്രീയെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ. ഇവരുടെ ഭർത്താവും ഒളിവിലാണെന്ന് പോലീസ് പറയുന്നു. പന്നിയുടെ രക്തം ഉപയോഗിച്ചാണ് ഇവർ രക്തപ്പാടുകൾ ഉണ്ടാക്കിയത് എന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
2016-ലാണ് സ്കാർപുല്ല ബോസ്നിയയിലെ മെഡ്ജുഗോർജിലുള്ള ഒരു കത്തോലിക്കാ ദേവാലയത്തിൽ നിന്ന് കന്യകാമറിയത്തിന്റെ രൂപം വാങ്ങിയത്. വീട്ടിലെത്തിയപ്പോൾ തനിക്ക് മാതാവിൽ നിന്നു ചില സന്ദേശങ്ങൾ ലഭിച്ചെന്നും ഈ രൂപത്തിൽ നിന്നും രക്തക്കണ്ണീർ ഒഴുകാൻ തുടങ്ങി എന്നുമുള്ള അവകാശവാദവുമായി ഇവർ രംഗത്തെത്തി. എല്ലാ മാസത്തിലെയും മൂന്നാമത്തെ ദിവസം, നൂറുകണക്കിന് തീർത്ഥാടകർ പ്രാർത്ഥിക്കുന്നതിനും ദൈവത്തിൽ നിന്നുള്ള പുതിയ വെളിപാടുകൾ അറിയുന്നതിനുമായി സ്കാർപുല്ലയുടെ വീട്ടിൽ ഒത്തുകൂടാൻ തുടങ്ങി. ഇവരിൽ പലരും മാരകമായ രോഗങ്ങൾ ഭേദമാകുമെന്ന് പ്രതീക്ഷിച്ചാണ് എത്തിയിരുന്നത്.
പിന്നാലെ പ്രദേശത്തെ ബിഷപ്പായ മാർക്കോ സാൽവി ഇത് അന്വേഷിക്കുമെന്ന് അറിയിച്ചു. തങ്ങൾ പറ്റിക്കപ്പെടുകയാണ് എന്ന് ഇവിടെയെത്തിയ ചിലർ തന്നെ തന്നോടു പറഞ്ഞതായി പ്രൈവറ്റ് ഡിറ്റക്ടീവ് ആയ ആൻഡ്രിയ കാസിയോട്ടി പോലീസിനെ അറിയിച്ചിരുന്നു.
Also read: ‘കൈനീട്ടം നൽകിയതിന്റെ പേരിൽ ആരും വോട്ടു തരേണ്ട, ഇതിൽ രാഷ്ട്രീയമില്ല’; സുരേഷ് ഗോപി
കത്തോലിക്കാ വിശ്വാസവും കരയുന്ന രൂപങ്ങളും
കരയുന്ന രൂപങ്ങൾക്കും കത്തോലിക്കാ വിശ്വാസത്തിനും തമ്മിലുള്ള ബന്ധത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. സിസിലിയിലെ തന്നെ ദി മഡോണ ഓഫ് സിറാക്കൂസ് ഇതിന് ഒരു ഉദാഹരമാണ്. 1953 മുതൽ കരയുന്ന ഒരു രൂപമാണ് ഇതെന്ന് കത്തോലിക്കാ വിശ്വാസികളിൽ ചിലർ പറയുന്നു. ഹംഗറി, അർജന്റീന, മാസിഡോണിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ കരയുന്ന ഇത്തരം പ്രതിമകളെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കരയുന്ന ഒരു പ്രതിമയ്ക്ക് ദൈവശാസ്ത്രപരമായ പ്രാധാന്യം ഉണ്ടെന്നും അത്ഭുതങ്ങളും കന്യാമറിയവും തമ്മിലുള്ള ബന്ധം അംഗീകരിക്കണം എന്നും കത്തോലിക്കാ വിശ്വാസികളിൽ ചിലർ പറയുന്നു. യേശുക്രിസ്തുവിന്റെ അമ്മയായതിനാൽ മറിയം ദൈവത്തിന്റെ തന്നെ അമ്മയാണെന്ന് കത്തോലിക്കർ വിശ്വസിക്കുന്നു. ഇത്തരം അമാനുഷിക സംഭവങ്ങൾ കത്തോലിക്കാ ചരിത്രത്തിലുടനീളം മറിയത്തിന്റെ ഈ സ്ഥാനത്തിന് തെളിവായി കണക്കാക്കപ്പെടുന്നു.
കത്തോലിക്കരെ സംബന്ധിച്ചിടത്തോളം, മേരിയുടെ കണ്ണുനീരിന് ഒരു പ്രത്യേക അർത്ഥമുണ്ട്. ലോകത്തിന്റെ പാപങ്ങൾക്കായി വേണ്ടി മാത്രമല്ല, ‘മറിയത്തിന്റെ ഏഴ് സങ്കടങ്ങൾ’ എന്നറിയപ്പെടുന്ന, സ്വന്തം കഷ്ടപ്പാടുകളും ദുരിതങ്ങളും ഓർത്താണ് അവൾ കരയുന്നത് എന്നും വിശ്വാസികൾ പറയുന്നു. യേശുവിനെ കുരിശിലേറ്റിയതും മരണവും എല്ലാം ഈ ഏഴു സങ്കടങ്ങളിൽ ഉൾപ്പെടുന്നു.
ഇത്തരം അമാനുഷിമായ അവകാശവാദങ്ങളുമായി ആളുകൾ രംഗത്തെത്തുമ്പോൾ ബിഷപ്പോ അല്ലെങ്കിൽ അദ്ദേഹം നിയമിക്കുന്ന ഒരു കമ്മീഷനോ ആണ് അത് അന്വേഷിക്കുന്നത്. രോഗശാന്തികൾ, പരിവർത്തനങ്ങൾ, കത്തോലിക്കരുടെ വിശ്വാസത്തിന്റെ ആഴം എന്നിവ എല്ലാം നല്ല കാര്യങ്ങളായാണ് കണക്കാക്കുന്നത്. അതേസമയം കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നുമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.