'കൈനീട്ടം നൽകിയതിന്റെ പേരിൽ ആരും വോട്ടു തരേണ്ട, ഇതിൽ രാഷ്ട്രീയമില്ല'; സുരേഷ് ഗോപി
- Published by:Vishnupriya S
- news18-malayalam
Last Updated:
കേരളത്തിലെ വാദ്യ, മേള കലാകാരന്മാരുടെ കൺസോർഷ്യം ഉണ്ടാക്കിയാൽ ഒരു കോടി രൂപ സംഭാവന ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു
തൃശൂർ: കൈനീട്ടം നൽകിയതിന്റെ പേരിൽ ആരും വോട്ട് തരേണ്ടതില്ലെന്ന് സുരേഷ് ഗോപി. മകളുടെ സ്മരണാർഥമുള്ള ലക്ഷ്മി–സുരേഷ് ഗോപി എംപീസ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ തൃശൂരിലെ വാദ്യകലാകാരന്മാർക്കു വിഷുക്കോടിയും കൈനീട്ടവും നൽകാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പരിപാടിയിൽ രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യവും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനു മുൻപേ പലരും കാഹളം മുഴക്കുകയാണ്. എന്തിനാണ് അതെന്നു മനസ്സിലാകുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, കേരളത്തിലെ വാദ്യ, മേള കലാകാരന്മാരുടെ കൺസോർഷ്യം ഉണ്ടാക്കിയാൽ ഒരു കോടി രൂപ സംഭാവന ചെയ്യാമെന്നു സുരേഷ് ഗോപി പറഞ്ഞു. കൺസോർഷ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുമായി സംസാരിച്ചിട്ടുണ്ട്. മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’യ്ക്ക് വിദേശ പരിപാടികളിൽ നിന്നു കിട്ടുന്ന ലാഭത്തിന്റെ പകുതിയും ഇതിലേക്കു തരാം എന്നും വാഗ്ദാനമുണ്ട്.
advertisement
മറ്റുള്ളവരുടെ ആസ്വാദനത്തിനു വേണ്ടി സ്വന്തം കേൾവിശക്തി പോലും നഷ്ടപ്പെടുത്തുന്നവരാണു വാദ്യ, മേള കലാകാരന്മാരെന്നും സുരേഷ് ഗോപി പറഞ്ഞു. മുതിർന്ന കലാകാരന്മാരുടെ കാൽതൊട്ടു വന്ദിച്ചാണു സുരേഷ് ഗോപി കൈനീട്ടം സമ്മാനിച്ചത്. ചില കലാകാരന്മാർ അദ്ദേഹത്തിന്റെയും കാൽതൊട്ടു വന്ദിച്ചു. പെരുവനം കുട്ടൻമാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ എന്നിവർ ചേർന്നു സുരേഷ് ഗോപിയെ ഷാൾ അണിയിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
April 12, 2023 6:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'കൈനീട്ടം നൽകിയതിന്റെ പേരിൽ ആരും വോട്ടു തരേണ്ട, ഇതിൽ രാഷ്ട്രീയമില്ല'; സുരേഷ് ഗോപി