Mohanlal '48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം'; അവാര്‍ഡ് മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നു; മോഹന്‍ലാല്‍
- Published by:Sarika N
- news18-malayalam
Last Updated:
സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളും പ്രേക്ഷകരും ചേർന്നാണ് തന്നെ ഈ നിലയിലേക്ക് വളർത്തിയതെന്നും, അവർക്കെല്ലാം ഈ അവസരത്തിൽ നന്ദി പറയുന്നതായും മോഹൻലാൽ
കൊച്ചി: ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ. സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളും പ്രേക്ഷകരും ചേർന്നാണ് തന്നെ ഈ നിലയിലേക്ക് വളർത്തിയതെന്നും, അവർക്കെല്ലാം ഈ അവസരത്തിൽ നന്ദി പറയുന്നതായും അദ്ദേഹം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് മലയാള സിനിമയ്ക്ക് ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. ഈ പുരസ്കാരത്തെ താൻ മലയാള സിനിമയ്ക്കുള്ള അവാർഡായാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരസ്കാര വിവരം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചാണ് അറിയിച്ചതെന്ന് മോഹൻലാൽ പറഞ്ഞു. "സ്വപ്നത്തിൽപോലും ഇല്ലാത്ത കാര്യമായിരുന്നു ഇത്. ഇത് ഇന്ത്യൻ സിനിമയ്ക്കുള്ള അവാർഡാണ്. ഈശ്വരനോട് ഞാൻ നന്ദി പറയുന്നു. ഈ അവാർഡ് വളരെ പ്രത്യേകതയുള്ളതാണ്. ഏത് ജോലിയിലും സത്യസന്ധതയും കൃത്യതയും കാണിക്കണം. അതിനായി സഹായിച്ച പല ആളുകളുണ്ട്, അവരുമായി ഞാൻ ഈ അവാർഡ് പങ്കുവയ്ക്കുന്നു," മോഹൻലാൽ വ്യക്തമാക്കി.
ഒരു പ്രത്യേക റോളിനായുള്ള ആഗ്രഹങ്ങളില്ലെന്നും, നല്ല സിനിമകൾ ചെയ്യാനും നല്ല ആളുകളുമായി സഹകരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നല്ല റോളുകൾ ലഭിക്കുന്നത് ഭാഗ്യമാണെന്നും, തനിക്ക് അത്തരം ഭാഗ്യമുണ്ടായെന്നും വലിയ നടൻമാരുമായി അഭിനയിക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടെയെല്ലാം അനുഗ്രഹം ഈ അവാർഡിന് പിന്നിലുണ്ട്. "അവാർഡ് ലഭിച്ചത് കാണാൻ അമ്മയ്ക്ക് ഭാഗ്യമുണ്ടായി. അമ്മ സുഖമില്ലാതെ ഇരിക്കുകയാണ്. അമ്മയുടെ അനുഗ്രഹവും ഈ അവാർഡിന് പിന്നിലുണ്ട്,” മോഹൻലാൽ പറഞ്ഞു.
advertisement
"ഇത് എൻ്റെ 48 വർഷത്തെ സിനിമാ ജീവിതത്തിൽ ലഭിക്കുന്ന വലിയ അവാർഡാണ്. ജൂറിക്കും കേന്ദ്രസർക്കാരിനും എന്നെ ഞാനാക്കിയ മലയാള സിനിമയ്ക്കും ഞാൻ നന്ദി പറയുന്നു. മഹാരഥൻമാർ സഞ്ചരിച്ച വഴിയിലൂടെയാണ് ഞാൻ സഞ്ചരിക്കുന്നത്. മഹാരഥൻമാർക്കാണ് മുൻപ് ഈ അവാർഡ് ലഭിച്ചിട്ടുള്ളത്. ഈ അവാർഡ് മലയാള സിനിമയ്ക്ക് സമർപിക്കുന്നു. 48 വർഷമായി സിനിമയിൽ എന്നോട് സഹകരിച്ച പലരും ഇന്നില്ല. സിനിമാ മേഖലയിലെ എല്ലാ ഡിപ്പാർട്മെന്റും ചേർന്നാണ് മോഹൻലാൽ ഉണ്ടായത്. അവർക്കെല്ലാം ഞാൻ വീണ്ടും നന്ദി പറയുന്നു,” മോഹൻലാൽ കൂട്ടിച്ചേർത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 21, 2025 12:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Mohanlal '48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം'; അവാര്‍ഡ് മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നു; മോഹന്‍ലാല്‍