അന്തരിച്ച നടന്‍ കൊച്ചുപ്രേമന് ആദരാഞ്ജലികളര്‍പ്പിച്ച് നടന്‍ സലീം കുമാര്‍. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട പറയുന്നുവെന്ന് സലീംകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മലയാളത്തിലെ ഒരുപിടി മികച്ച ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനായിരുന്നു കൊച്ചുപ്രേമന്‍. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമന്‍ ആദ്യത്തെ സിനിമ 1979ല്‍ പുറത്തിറങ്ങിയ ‘ഏഴു നിറങ്ങള്‍’ ആണ്. രാജസേനൻ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മലയാള സിനിമയിൽ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു.
1979ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. 1997ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു. 1997-ൽ റിലീസായ സത്യൻ അന്തിക്കാടിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായ വേഷം ചെയ്തു.
ALSO READ-പ്രശസ്ത നടൻ കൊച്ചു പ്രേമൻ അന്തരിച്ചു
കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് തെളിയിച്ചത് 1997-ൽ റിലീസായ രാജീവ് അഞ്ചലിന്റെ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ൽ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമൻ മാറി.
2016ൽ പുറത്തിറങ്ങിയ രൂപാന്തരം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ അവസാന ഘട്ടത്തിലെത്തിയ മൂന്നു പേരിൽ അമിതാഭ് ബച്ചനും മമ്മൂട്ടിക്കും ഒപ്പം കൊച്ചുപ്രേമനും ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.