'കന്മഷമില്ലാത്ത, കാലുഷ്യമില്ലാത്ത, കലർപ്പില്ലാത്ത മനുഷ്യൻ;'സിദ്ദിഖിനെകുറിച്ച് ബി. ഉണ്ണികൃഷ്ണൻ

Last Updated:

നിങ്ങൾ അവശേഷിപ്പിച്ചതെല്ലാം ഞങ്ങൾക്കൊപ്പമുണ്ടാവും; ചിരിച്ചാണ് നിങ്ങളെ യാത്രയാക്കേണ്ടത്; പക്ഷേ, ഞങ്ങൾക്കതിനു കഴിയുന്നില്ലെന്ന് ബി. ഉണ്ണികൃഷ്ണൻ കുറിച്ചു.

സംവിധായകൻ സിദ്ധീഖിന്റെ വേർപാടിൽ ഹൃദയഭേദകമായ കുറിപ്പുമായി ബി. ഉണ്ണികൃഷ്ണൻ. ഏതുവിധേനെ അളന്നാലും അതിഗംഭീരമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമകൾ ചെയ്ത എഴുത്തുകാരനും സംവിധായകനുമാണ് സിദ്ദിഖെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ചിരിയുടെ ഗുരുത്വാകർഷണം കൊണ്ട് നമ്മളെ അയാൾ അയാളിലേക്ക് ഉറപ്പിച്ചെന്നും നർമ്മം കൊണ്ട് കാപട്യങ്ങളെ നിലം പരിശാക്കിയ വ്യക്തിയാണ് അദ്ദേഹമെന്ന് ഉണ്ണിക‍ൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഏറെ പ്രിയപ്പെട്ട സിദ്ദിഖ് പോയി. എങ്ങിനെയാണ് സിദ്ദിഖിന്റെ അഭാവത്തെ അടയാളപ്പെടുത്തേണ്ടത്? ഏതുവിധേനെ അളന്നാലും അതിഗംഭീരമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമകൾ ചെയ്ത എഴുത്തുകാരനും സംവിധായകനുമാണ് സിദ്ദിഖ്. “ഗോഡ്ഫാദറി”ന്റെ തിരക്കഥ, എഴുത്തു വിരുതിന്റെ ബലത്തിൽ, തുലനം ചെയ്യാൻ കഴിയുന്നതിനപ്പുറം മികവുറ്റത്. ചിരിയായിരുന്നു സിദ്ദിഖിന്റെ കൊടിക്കൂറ. സിദ്ദിഖിന്റെ വാളും പരിചയും, ചിരി തന്നെ. ചിരിയുടെ ഗുരുത്വാകർഷണം കൊണ്ട് നമ്മളെ അയാൾ അയാളിലേക്ക് ഉറപ്പിച്ചു. നർമ്മം കൊണ്ട് കാപട്യങ്ങളെ നിലം പരിശാക്കി. വൈരങ്ങളെ നിർവ്വീര്യമാക്കി.
advertisement
പരിഹാസത്തിന്റെയോ, വിദ്വേഷത്തിന്റെയോ അല്ല, കണ്ണീരിന്റെ ധാതുഗുണമായിരുന്നു സിദ്ദിഖിയൻ ചിരിയുടെ അകകാമ്പിന്. സിദ്ദിഖിന്റെ കീഴടക്കലുകൾ ആക്രമോത്സുകങ്ങളായിരുന്നില്ല. അവ സ്നേഹത്തിന്റേയും സഹനത്തിന്റേയും സൗഹൃദത്തിന്റെയും വ്യാപനമായിരുന്നു. ഒരിക്കലും ഉടയാത്ത സൗമ്യതയായിരുന്നു സിദ്ദിഖ്. കന്മഷമില്ലാത്ത, കാലുഷ്യമില്ലാത്ത, കലർപ്പില്ലാത്ത മനുഷ്യനായിരുന്നു സിദ്ദിഖ്. അങ്ങനെയാവുക, അങ്ങനെ ജീവിക്കുക ഒട്ടും എളുപ്പമല്ല. അങ്ങനെയൊരു ജീവിതം ഋജുവായി ജീവിച്ചു തീർത്ത എന്റെ പ്രിയപ്പെട്ട സിദ്ദിഖ്, നിങ്ങൾ അവശേഷിപ്പിച്ചതെല്ലാം ഞങ്ങൾക്കൊപ്പമുണ്ടാവും, എന്നും. ചിരിച്ചാണ് നിങ്ങളെ യാത്രയാക്കേണ്ടത്. പക്ഷേ, ഞങ്ങൾക്കതിനു കഴിയുന്നില്ല, ക്ഷമിക്കുക. വിട, പ്രിയ സുഹൃത്തേ…
മലയാളം വാർത്തകൾ/ വാർത്ത/Film/
'കന്മഷമില്ലാത്ത, കാലുഷ്യമില്ലാത്ത, കലർപ്പില്ലാത്ത മനുഷ്യൻ;'സിദ്ദിഖിനെകുറിച്ച് ബി. ഉണ്ണികൃഷ്ണൻ
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement