കൊച്ചി: ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പതിവ് തെറ്റിച്ച് മത്സരത്തിന് അരങ്ങൊരുങ്ങുന്നു. കവിയും എഴുത്തുകാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും നടനും എഴുത്തുകാരനും സംവിധായകനുമായ ജോയ് മാത്യുവും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നു. ജിനു എബ്രഹാമിനെ നേരത്തെ തന്നെ എതിരില്ലാതെ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു.
മലയാള സിനിമയിലെ നൂറോളം എഴുത്തുകാരാണ് വോട്ടർ പട്ടികയിലുള്ളത്. ഏപ്രിൽ 22നാണ് തെരഞ്ഞെടുപ്പ്.
സാധാരണഗതിയില്‍ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരത്തിന് പകരം നാമനിര്‍ദേശമായിരുന്നു പതിവ്. അതാണ് ഇത്തവണ തെറ്റിയത്. അധ്യക്ഷനായി മത്സരിക്കാന്‍ കേരളത്തിന്റെ സാംസ്‌കാരിക ലോകത്തെ രണ്ടു പ്രമുഖർ തന്നെ രംഗത്തിറങ്ങിയതോടെ ഫെഫ്ക അധ്യക്ഷ തിരഞ്ഞെടുപ്പ് ശ്രദ്ധയാകർഷിക്കുകയാണ്.
Also Read – പുനഃപ്രതിഷ്ഠ നടത്താൻ കൂടെനിന്ന മുസ്ലിം സഹോദരങ്ങൾക്കായി നോമ്പുതുറയുമായി മലപ്പുറത്തെ ക്ഷേത്ര കമ്മിറ്റി
ഇരുവരും തീവ്ര ഇടതുപക്ഷ സഹയാത്രികരായിരുന്നു. എങ്കിലും ഇപ്പോൾ ബാലചന്ദ്രന്‍ ചുള്ളിക്കാട് സിപിഎം സഹയാത്രികനും ജോയ് മാത്യു കടുത്ത സിപിഎം വിമർശകനുമാണ്. അത് കൊണ്ട് തന്നെ മത്സരത്തിന് രാഷ്ട്രീയ നിറവും കൈവന്നിരിക്കുകയാണ്.
Also Read- ഒരു നാൾ; നീതിപീഠത്തിൽ ഭരണപക്ഷത്തിന് നാല് വിജയം; ഒരു തിരിച്ചടി
എം ടി വാസുദേവന്‍ നായര്‍ അടക്കം അംഗമായ യൂണിയനാണ് ഫെഫ്ക റൈറ്റേഴ്‌സ് യൂണിന്‍. നിലവില്‍ എസ് എന്‍ സ്വാമിയാണ് അധ്യക്ഷന്‍. എന്നാല്‍ ഇത്തവണ സ്വാമി മാറി നില്‍ക്കുകയാണ്. ഫെഫ്കക്ക് കീഴില്‍ റൈറ്റേഴ്‌സ് യൂണിയന്‍ ഉണ്ടായപ്പോള്‍ ആദ്യം അതിന്റെ ജനറല്‍ സെക്രട്ടറി പ്രശസ്ത സംവിധായകനായ ബി ഉണ്ണികൃഷ്ണനായിരുന്നു. അദ്ദേഹത്തിനുശേഷം എ കെ സാജനായിരുന്നു ജനറല്‍ സെക്രട്ടറി.
ദുബായിൽ മാധ്യമപ്രവർത്തകനായിരുന്ന കാലത്ത് മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡീയാ ഫോറത്തിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ ജോയ് മാത്യു ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.