ഐന്‍സ്റ്റീന്റെ അറിയപ്പെടാതെ പോയ പ്രണയജീവിതം; നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തല്‍
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ട് തവണ ഐന്‍സ്റ്റീന്‍ വിവാഹം കഴിച്ചതായും നിരവധി സ്ത്രീകളുമായി വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ചരിത്ര രേഖകള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ പല ബന്ധങ്ങളും കത്തുകളിലൂടെയും ജീവചരിത്രങ്ങളിലൂടെയും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന വിശ്വവിഖ്യാതനായ ശാസ്ത്രപ്രതിഭയെ എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ അദ്ദേഹം അസാധാരണമായ ഒരു വ്യക്തി ജീവിതം നയിച്ചതിനെ കുറിച്ച് അധികമൊന്നും കേട്ടുകാണില്ല. വിവാഹത്തിലൂടെയും അല്ലാതെയും നിരവധി സ്ത്രീകളുമായി ഐന്‍സ്റ്റീന് ബന്ധമുണ്ടായിരുന്നുവെന്നാണ് ജീവചരിത്രകാരന്മാരും ചരിത്രകാരന്മാരും പറയുന്നത്.
രണ്ട് തവണ ഐന്‍സ്റ്റീന്‍ വിവാഹം കഴിച്ചതായും നിരവധി സ്ത്രീകളുമായി വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ചരിത്ര രേഖകള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ പല ബന്ധങ്ങളും കത്തുകളിലൂടെയും ജീവചരിത്രങ്ങളിലൂടെയും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
അധ്യാപനവുമായി ബന്ധപ്പെട്ട യാത്രകളില്‍ സ്ത്രീകളില്‍ നിന്ന് തനിക്ക് ലഭിച്ച ശ്രദ്ധയും സ്‌നേഹവും ആസ്വദിക്കുന്നതായി 2006-ല്‍ പുറത്തുവന്ന കത്തുകളില്‍ ഐന്‍സ്റ്റീന്‍ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. എന്നാല്‍ വൈകാരികമായി അവരുമായി അകലത്തിലായിരുന്നുവെന്നും ചിലപ്പോള്‍ അവരോട് ദയയില്ലാതെ പെരുമാറിയിട്ടുണ്ടെന്നും കത്തുകള്‍ തന്നെ സൂചിപ്പിക്കുന്നുമുണ്ട്.
17-ാം വയസ്സില്‍ ആദ്യ പ്രണയം
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് തന്റെ ആദ്യ പ്രണയം തോന്നിയത് അദ്ദേഹത്തിന്റെ 17-ാമത്തെ വയസ്സിലാണ്. അത് വളരെ അഗാധമായ ബന്ധം ആയിരുന്നു. സൂറിച്ചിലെ സ്വിസ് ഫെഡറല്‍ പോളിടെക്‌നിക്കില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. അന്ന് തന്റെ സഹപാഠിയായിരുന്ന ഏക പെണ്‍കുട്ടിയോട് അദ്ദേഹത്തിന് അടുപ്പം തോന്നി. സെര്‍ബിയന്‍ വംശജയായ മിലേവ മാരിക് സ്വതന്ത്ര ചിന്താഗതിക്കാരിയും അക്കാദമിക രംഗത്ത് പ്രഗത്ഭയുമായിരുന്നു. ഐന്‍സ്റ്റീനേക്കാള്‍ മൂന്ന് വയസ്സ് അവര്‍ക്ക് കൂടുതലായിരുന്നു. അവരുടെ സൗഹൃദം വൈകാതെ പ്രണയബന്ധമായി മാറി. മാതാപിതാക്കളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടിട്ടും ഇരുവരും ബന്ധം തുടര്‍ന്നു.
advertisement
വിവാഹവും കുടുംബ ജീവിതവും
1903-ല്‍ ഐന്‍സ്റ്റീന്‍ മിലേവയെ വിവാഹം ചെയ്തു. അവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ലൈസേള്‍ എന്നായിരുന്നു മകളുടെ പേര്. എന്നാല്‍ മകള്‍ കുഞ്ഞിലെ തന്നെ മരണപ്പെട്ടു. പിന്നീട് ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ടായി. ഹാന്‍സ് ആല്‍ബര്‍ട്ട് (ജനനം -1904), എഡ്വേര്‍ഡ് (ജനനം-1910).
വിവാഹത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഐന്‍സ്റ്റീന്റെ ജീവിതം വളരെ സ്ഥിരതയുള്ളതായിരുന്നു. ക്രമേണ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. ശാസ്ത്ര രംഗത്ത് ഐന്‍സ്റ്റീന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ മിലേവ ബൗദ്ധികമായി സംഭാവന നല്‍കിയതായാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തിലെ ശാസ്ത്ര പ്രതിഭയുടെ രൂപീകരണ വര്‍ഷങ്ങളില്‍ അവരുടെ സംഭാവന നിര്‍ണായകമായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
advertisement
ക്രമേണ ഐന്‍സ്റ്റീന്‍ ഗവേഷണങ്ങളില്‍ മുഴുകി. മിലേവ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. 1914 ആയപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാത്ത വിധം വഷളായി. ഇതോടെ ഐന്‍സ്റ്റീനും മിലേവയും ബന്ധം പിരിഞ്ഞു. 1919-ല്‍ ഇരുവരും ഔദ്യോഗികമായി വിവാഹ മോചനം നേടി. തുടര്‍ന്ന് മിലേവ വൈകാരികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകള്‍ നേരിട്ടതായും ചരിത്രകാരന്മാര്‍ പറയുന്നുണ്ട്.
അവരുടെ മകന്‍ എഡ്വേര്‍ഡിന് പിന്നീട് ഷീസോഫ്രീനിയ രോഗം കണ്ടെത്തി. ഇത് മിലേവയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. 1948-ല്‍ മകന്‍ മരണത്തിന് കീഴടങ്ങി. മിലേവയുടെ അവസാന നാളുകളിലും ഐന്‍സ്റ്റീനില്‍ നിന്ന് വളരെ ചെറിയ സഹായം മാത്രമാണ് ലഭിച്ചിരുന്നത്. ഇത് ഇരുവര്‍ക്കും ഇടയിലെ മാനസിക അകലത്തിന്റെ തെളിവായി ചരിത്രകാരന്മാര്‍ പലപ്പോഴും ചൂണ്ടിക്കാട്ടി.
advertisement
രണ്ടാം വിവാഹം
മിലേവയുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷം ഐന്‍സ്റ്റീന്‍ തന്റെ ബന്ധു കൂടിയായ എല്‍സ ലോവെന്റലുമായി അടുത്തു. എല്‍സയും ഐന്‍സ്റ്റീനേക്കാള്‍ പ്രായമുള്ളയാളായിരുന്നു. 1921-ലാണ് ഐന്‍സ്റ്റീന്‍ എല്‍സയെ വിവാഹം കഴിക്കുന്നത്. അന്ന് ഐന്‍സ്റ്റീന് 40 വയസ്സും എല്‍സയ്ക്ക് 43 വയസ്സുമായിരുന്നു പ്രായം. ഈ ബന്ധത്തില്‍ കുട്ടികളൊന്നുമില്ല.
വിവാഹേതര പ്രണയ ബന്ധങ്ങളിലേക്ക് പോകാനുള്ള ഐന്‍സ്റ്റീന്റെ പ്രവണതയെ കുറിച്ച് എല്‍സയ്ക്ക് പൂര്‍ണ്ണമായ ബോധ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഈ സ്വഭാവം അവരെ അസ്വസ്ഥയാക്കിയിരുന്നെങ്കിലും ക്രമേണ അതിനോട് അവര്‍ പൊരുത്തപ്പെട്ടു.
advertisement
ആദ്യമെല്ലാം വിവാഹതേര പ്രണയത്തെയും ഐന്‍സ്റ്റീന്റെ ബന്ധങ്ങളെയും എല്‍സ എതിര്‍ത്തെങ്കിലും പിന്നീട് അവര്‍ നിശബ്ദയായി എല്ലാം അംഗീകരിച്ചുകൊടുത്തു എന്ന് ഒരു ജീവചരിത്രത്തില്‍ പറയുന്നുണ്ട്. ബന്ധം നിലനിര്‍ത്താന്‍ വിട്ടുവീഴ്ച ചെയ്യാനും അവര്‍ തയ്യാറായി. എന്നാല്‍ വൈകാരിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഐന്‍സ്റ്റീന്റെ കാഴ്ചപ്പാട് ആ ബന്ധത്തിലും വിള്ളല്‍ വീഴ്ത്തി.
വര്‍ഷങ്ങള്‍ കഴിഞ്ഞുപോകുന്നതിനിടയില്‍ നിരവധി സ്ത്രീകള്‍ ഐന്‍സ്റ്റീനിന്റെ ജീവിതത്തിലേക്ക് വന്നും പോയുമിരുന്നു. ഇവരില്‍ ഏഥേല്‍ മിച്ചനോവ്‌സ്‌കി എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും ഉണ്ടായിരുന്നു. 1910-ലാണ് ഈ ബന്ധം ഉണ്ടായിരുന്നതായി കത്തുകള്‍ സൂചന നല്‍കുന്നത്. എന്നാല്‍ അത് അത്ര ഗൗരവത്തോടെ കണ്ടിരുന്നില്ലെന്ന് ഐന്‍സ്റ്റീന്‍ തന്നെ പറയുന്നുമുണ്ട്.
advertisement
റഷ്യക്കാരിയായ മാര്‍ഗരിറ്റ ലെബെഡെവയുമായുള്ളതാണ് മറ്റൊരു പ്രധാന ബന്ധം. 1930-ല്‍ ആയിരുന്നു അത്. ഐന്‍സ്റ്റീന്‍ അമേരിക്കയിലേക്ക് താമസം മാറിയതും അദ്ദേഹത്തിന്റെ ജീവിതത്തിലെ പുതിയ അധ്യായം അടായളപ്പെടുത്തിയതും ഈ കാലഘട്ടത്തിലായിരുന്നു.
ഹണിട്രാപ്പ് ആരോപണം
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും കൗതുകകരമായ എപ്പിസോഡുകളിലൊന്നാണ് മാര്‍ഗരെറ്റ കൊനെന്‍കോവ. ഇവര്‍ ഒരു സോവിയറ്റ് രഹസ്യാന്വേഷണ ഏജന്റ് അല്ലെങ്കില്‍ ചാര വനിതയായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. ഒരു റഷ്യന്‍ ശില്പിയുടെ ഭാര്യയായിരുന്നു അവര്‍. സാമൂഹികമായി അറിയപ്പെടുന്ന വരേണ്യ വിഭാഗത്തില്‍ ഉള്‍പ്പെട്ടയാളുമായിരുന്നു മാര്‍ഗരെറ്റ.
advertisement
1930-ല്‍ ഐന്‍സ്റ്റീന്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ ആയിരുന്നപ്പോഴാണ് ഈ ബന്ധം തുടങ്ങിയത്. ഇവര്‍ തമ്മിലുണ്ടായിരുന്ന വൈകാരിക അടുപ്പവും ശാരീരിക ബന്ധവും സംബന്ധിച്ച വിവരങ്ങള്‍ 1998-ല്‍ ലേലം ചെയ്ത കത്തുകളില്‍ ഉണ്ടെന്നാണ് വിവരം. ഐന്‍സ്റ്റീന്റെ അറ്റോമിക് ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താന്‍ മാര്‍ഗരെറ്റ ശ്രമിച്ചിരിക്കാമെന്നാണ് ചില ഗവേഷകര്‍ അനുമാനിക്കുന്നത്. എന്നാല്‍ ഐന്‍സ്റ്റീന്‍ ഇത്തരം വിവരങ്ങള്‍ അവരുമായി പങ്കിട്ടതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
എല്‍സയുടെ മരണശേഷം
എല്‍സയുടെ മരണശേഷവും ഐന്‍സ്റ്റീന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആരെയും വിവാഹം കഴിച്ചില്ല. ബന്ധങ്ങള്‍ തുടര്‍ന്നെങ്കിലും എല്ലാം ഹ്രസ്വവും അനൗപചാരികവും ആയിരുന്നു. വിവാഹത്തിന്റെ പരിമിതികളില്‍ ഒതുങ്ങാതെ അദ്ദേഹം തന്റെ ബന്ധങ്ങള്‍ തുടര്‍ന്നു.
ഇക്കാലയളവില്‍ അദ്ദേഹം തന്റെ രക്തമല്ലാത്ത മകള്‍ മാര്‍ഗോടിനും സഹോദരി മാജയ്ക്കും ഒപ്പം താമസിച്ചു. ഈ സമയത്ത് അദ്ദേഹത്തിന്റെ വ്യക്തി കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മാര്‍ഗോടും അദ്ദേഹത്തിന്റെ വിശ്വസ്തയായ സെക്രട്ടറി ഹെലന്‍ ഡുകാസുമാണ്. മറ്റൊരു വിവാഹം ചെയ്യാതെ തന്നെ ഒരു കുടുംബാന്തരീക്ഷം അദ്ദേഹം അനുഭവിച്ചു.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ ഏറ്റവും തീവ്രമായ ബന്ധങ്ങളിലൊന്ന് താല്‍ക്കാലിക സെക്രട്ടറിയും ഒരു സുഹൃത്തിന്റെ മരുമകളുമായ ബെറ്റി ന്യൂമാനുമായുള്ള ബന്ധമായിരുന്നു. 1923-24 കാലഘട്ടത്തിലാണ് ഈ ബന്ധം ആരംഭിച്ചത്. ബെറ്റിക്ക് അന്ന് 23 വയസ്സായിരുന്നു. ഐന്‍സ്റ്റീന് 44 വയസ്സും. എല്‍സയെ ഐന്‍സ്റ്റീന്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
ഐന്‍സ്റ്റീന്‍ തീവ്രമായി പ്രണയത്തിലാകുകയും എന്നാല്‍ എല്‍സയുമായുള്ള ദാമ്പത്യം തുടരുകയും ചെയ്തു. ഇതോടെ ബെറ്റി ബന്ധത്തെ ശക്തമായി നിരസിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ആ ബന്ധവും അവസാനിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം 1938-ല്‍ നാസി ജര്‍മ്മനിയില്‍ നിന്ന് രക്ഷപ്പെടാന്‍ ബെറ്റി ഐന്‍സ്റ്റീന്റെ സഹായം തേടിയതായും അത് അദ്ദേഹം ചെയ്തു നല്‍കിയതായും പറയപ്പെടുന്നുണ്ട്.
പ്രണയമില്ലാത്ത വിശ്വസ്തത
1928 മുതല്‍ 1955-ല്‍ അദ്ദേഹത്തിന്റെ മരണം വരെ ഹെലന്‍ ഡുകാസ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വിശ്വസ്തയായ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. അവര്‍ അങ്ങേയറ്റം വിശ്വസ്തയായിരുന്നു. അദ്ദേഹത്തിന്റെ പേപ്പറുകളും പൈതൃകവും സംരക്ഷിക്കുന്നതില്‍ അവര്‍ ഒരു പ്രധാന പങ്ക് വഹിച്ചു. ഇരുവര്‍ക്കുമിടയില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നെങ്കിലും പ്രണയബന്ധത്തിന്റെ തെളിവുകളൊന്നുമില്ല. ഹെലന്‍ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലെന്നതും വസ്തുതയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 08, 2026 5:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഐന്‍സ്റ്റീന്റെ അറിയപ്പെടാതെ പോയ പ്രണയജീവിതം; നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തല്‍










