ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയ ലൂസിഫറിന് ശേഷം മോഹൻലാലിനെ (Mohanlal) നായകനാക്കി പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബ്രോ ഡാഡിയുടെ (Bro Daddy) ട്രെയ്‌ലർ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 20 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ് നമ്പർ 1 ആണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മലയാളം യൂട്യൂബ് ചാനൽ ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം വഴിയാണ് ട്രെയ്‌ലർ പുറത്ത് വന്നിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പൂർണ്ണമായും കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രമാവും ബ്രോഡാഡി എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും പ്രകടനം ഇതിനോടകം ആരാധകരും പ്രേക്ഷക സമൂഹവും ഏറ്റെടുത്തു കഴിഞ്ഞു. മലയാളികൾ കാണാൻ ആഗ്രഹിച്ച ലാലേട്ടൻ എന്നാണ് പലരും ട്രെയ്‌ലറിനെ കുറിച്ച് പറയുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
എന്നാൽ ഇതിനെല്ലാം ഉപരി പലരും ട്രെയ്‌ലറിൽ മറ്റൊരു രഹസ്യം കണ്ടെത്തിയിരിക്കുകയാണ്. മോഹൻലാൽ ഓടിവരുന്ന രംഗം ശ്രദ്ധിക്കല ചുമരിലെ ചിത്രം ആരുടെതെന്ന് മനസ്സിലാവും. ഈ സിനിമയിൽ ജോൺ കാറ്റാടി, അന്നമ്മ ദമ്പതികളായി എത്തുന്നത് മോഹൻലാലും മീനയുമാണ്. ഇവരുടെ ചെറുപ്പകാല ചിത്രമാണ് സോഷ്യൽ മീഡിയയുടെ കണ്ണിലുടക്കിയത്.
View this post on Instagram
പാലമറ്റം സണ്ണിയും, സാന്ദ്രയും ആരെന്നു ഓർമ്മയുണ്ടോ? 'വർണ്ണപ്പകിട്ട്' സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളുടെ ചിത്രമാണ് ജോണിന്റെയും അന്നമ്മയുടെയും ചെറുപ്പകാല ചിത്രങ്ങളായി ചുമരിൽ പ്രത്യക്ഷപ്പെട്ടത്.
മോഹൻലാലിനും പൃഥ്വിരാജിനും പുറമേ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, കനിഹ, ജഗദീഷ്, മല്ലികാ സുകുമാരൻ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
“ഇതൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ്. ഞങ്ങൾ അത് ആസ്വദിച്ചു ചെയ്തു. ലൂസിഫറുമായി താരതമ്യം ചെയ്യാൻ പറ്റാത്ത ഒരു സിനിമയാണിത്. നിങ്ങൾ നർമ്മം ചാലിച്ച, ദൃശ്യമനോഹാരിതയുള്ള ഒരു സിനിമ ചിത്രീകരിച്ചാൽ, അത് വളരെ നന്നായി വരും. മലയാളത്തിൽ, ബജറ്റ് കാരണം ഞങ്ങൾ അങ്ങനെ അധികം സിനിമകൾ ചെയ്തിട്ടില്ല. കൂടാതെ, മോഹൻലാൽ-പൃഥ്വിരാജ് കോമ്പിനേഷനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ലൂസിഫറാണ് അവരുടെ മനസ്സിൽ ആദ്യം വരുന്നത്, അത് പ്രേക്ഷകരിൽ 'ബ്രോ ഡാഡി' കാണാനുള്ള താൽപ്പര്യം ജനിപ്പിക്കുന്നു. അതാണ് ഞങ്ങൾ അങ്ങനെ ചെയ്തതിന്റെ പ്രധാന കാരണം," 'ബ്രോ ഡാഡി' സിനിമയെക്കുറിച്ച് മോഹൻലാൽ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.
ശ്രീജിത്ത് എൻ., ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ കോവിഡ് കാലത്ത് ഹൈദരാബാദിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bro daddy, Bro Daddy film