'കാന്താര’യിലെ ദൈവക്കോലം മിമിക്രി ചെയ്തു; മത വികാരം വ്രണപ്പെടുത്തിയതിന് നടൻ രണ്‍വീര്‍ സിംഗിനെതിരെ കേസ്
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:meera_57
Last Updated:
ചലച്ചിത്ര മേളയോടനുബന്ധിച്ചു നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത രൺവീർ വേദിയിൽ കാന്താരയിലെ ദൈവക്കോലത്തെ മിമിക്രി ചെയ്യുകയായിരുന്നു
ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 സിനിമയിലെ ദൈവീക രൂപത്തെ അനുകരിച്ചതിന് ബോളിവുഡ് നടൻ രൺവീർ സിംഗിനെതിരെ (Ranveer Singh) ബംഗളൂരുവിൽ കേസ്. 2025 നവംബർ 28-ന് ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്‌ഐ) വെച്ചായിരുന്നു വിവാദ സംഭവം ഉണ്ടായത്. ചലച്ചിത്ര മേളയോടനുബന്ധിച്ചു നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത രൺവീർ വേദിയിൽ കാന്താരയിലെ ദൈവക്കോലത്തെ മിമിക്രി ചെയ്യുകയായിരുന്നു.
സംഭവം ഇപ്പോഴാണ് നിയമപരിശോധനയ്ക്ക് വിധേയമായത്. കോടതി നിർദ്ദേശപ്രകാരം ബുധനാഴ്ച ബംഗളൂരുവിലെ ഹൈഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനിലാണ് പരാതി ഫയൽ ചെയ്തിട്ടുള്ളത്. ബംഗളൂരുവിൽ നിന്നുള്ള അഭിഭാഷകൻ പ്രശാന്ത് മേത്തലാണ് പരാതി നൽകിയത്. സംഭവത്തിൽ കഴിഞ്ഞ വർഷം ഡിസംബർ 27-ന് ബംഗളൂരുവിലെ അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ അഭിഭാഷകൻ ഒരു സ്വകാര്യ പരാതി ഫയൽ ചെയ്തിരുന്നുവെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് ജനുവരി 23-ന് ബിഎൻഎസ് 175(3) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഹൈഗ്രൗണ്ട്‌സ് പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.
advertisement
തീരദേശ കർണാടകയിലെ ചാവുണ്ടി ദൈവ പാരമ്പര്യത്തെ നടൻ മിമിക്രിയിലൂടെ അവഹേളിക്കുകയും ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങളും ആംഗ്യങ്ങളും നടത്തിയെന്നുമാണ് പരാതിയിൽ ആരോപിച്ചിട്ടുള്ളത്. പവിത്രമായ ദൈവീക ആചാരക്രമത്തെ വിവേകശൂന്യമായും പരിഹസിച്ചും അവഹേളിക്കുന്നതുമായ രീതിയിൽ രൺവീർ വേദിയിൽ അനുകരിച്ചതായി പരാതിയിൽ പറയുന്നു. പഞ്ചുരുളി, ഗുളിക ദൈവം എന്നിവയുമായി ബന്ധപ്പെട്ട ഭാവങ്ങൾ രൺവീർ അനുകരിച്ചതായും പരാതിയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
ചാവുണ്ടി ദൈവത്തെ രൺവീർ 'പെൺ പ്രേതം' എന്ന് വിശേഷിപ്പിച്ചതായും അഭിഭാഷകൻ ആരോപിച്ചു. ദേവതയുടെ ആത്മീയവും സാംസ്‌കാരികവുമായ പ്രാധാന്യത്തെ നടൻ വികൃതമാക്കിയതായും പരാതിക്കാരൻ ആരോപിച്ചിട്ടുണ്ട്. കർണാടകയിലെ തീരദേശ ജില്ലകളിൽ ആരാധിക്കപ്പെടുന്ന ഒരു കാവൽ ദൈവമാണ് ചാവുണ്ടിയെന്നും ഇത് ദൈവീക സ്ത്രീശക്തിയെ പ്രതിനിധീകരിക്കുന്നതായും ദേവതയെ 'പ്രേത'മെന്ന് വിശേഷിപ്പിച്ചത് മതവികാരം വ്രണപ്പെടുത്തുന്ന ഗുരുതരമായ തെറ്റാണെന്നും അഭിഭാഷകൻ വാദിച്ചു. രൺവീറിന്റെ പ്രവൃത്തി പവിത്രമയ ആചാരത്തെ നിസ്സാരവത്കരിച്ചുവെന്നും പരാതിക്കാരൻ അവകാശപ്പെട്ടു
advertisement
ഭാരതീയ ന്യായ സംഹിതയിലെ 196, 299, 302 എന്നീ വകുപ്പുകൾ ചേർത്താണ് രൺവീർ സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്. കേസ് ഇപ്പോൾ ബംഗളൂരുവിലെ ഒന്നാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലാണുള്ളത്. ഏപ്രിൽ 8-ന് കേസിൽ അടുത്ത വാദം കേൾക്കും.
ഐഎഫ്എഫ്‌ഐ പരിപാടിയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് വിവാദം പൊതുചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു. ഇത് സാംസ്‌കാരിക സെൻസിറ്റിവിറ്റിയെയും കലാപരമായ ആവിഷ്‌കാരത്തെയും കുറിച്ചുള്ള ചർച്ചകൾക്കും കാരണമായി. തദ്ദേശീയ പാരമ്പര്യങ്ങളെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര നിർമ്മാതാവും കാന്താര താരവുമായ ഋഷഭ് ഷെട്ടിയും മുമ്പ് ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് രൺവീർ സിംഗ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 29, 2026 10:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'കാന്താര’യിലെ ദൈവക്കോലം മിമിക്രി ചെയ്തു; മത വികാരം വ്രണപ്പെടുത്തിയതിന് നടൻ രണ്‍വീര്‍ സിംഗിനെതിരെ കേസ്







