'10 വർഷം മുൻപ് കേരളത്തിലേ ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും നോക്കിയാൽ മതി'; സംവിധായകൻ ജൂഡ് ആൻ്റണി
- Published by:Sarika N
- news18-malayalam
Last Updated:
ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് ജീവിതം തകർത്ത് ഒരുപാട് പേരുണ്ടെന്നും ഇപ്പോൾ പിടിയിലായവരെ ന്യായീകരിക്കുന്നവർ അതോർക്കണമെന്നും സംവിധായകൻ പറഞ്ഞു
സിനിമാമേഖലയിലെ ലഹരി ഉപയോഗം ദിനം പ്രതി വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിൽ. റെയ്‌ഡും അറസ്റ്റുമൊക്കെ സ്ഥിരം വാർത്തകളിൽ ഇടം പിടിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും ചർച്ചകൾ സജീവമാകുന്നുണ്ട്. ഇപ്പോഴിതാ, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് ജീവിതം തകർത്ത് ഒരുപാട് പേരുണ്ടെന്നും ഇപ്പോൾ പിടിയിലായവരെ ന്യായീകരിക്കുന്നവർ അതോർക്കണമെന്നും സംവിധായകൻ പറയുന്നു. കേരളത്തിൽ വർധിച്ചുവരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണം മാത്രം നോക്കിയാൽ ലഹരിയുടെ വർധിക്കുന്ന ഉപയോഗത്തെ കുറിച്ച് ബോധ്യമാകുമെന്നും ജൂഡ് ആന്തണി പറഞ്ഞു.
ജൂഡ് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,' ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ട്. ഒരു 10 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് compare ചെയ്തു നോക്കിയാൽ മതി. ഒഴിവാക്കിയാൽ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ'. ജൂഡ് ആന്തണി കുറിച്ചു.
സംവിധായകരായ ഖാലിദ് റഹ്മാൻ, അഷറഫ് ഹംസ, റാപ്പ് സിംഗർ വേടൻ തുടങ്ങിയവരെ കഴിഞ്ഞ ദിവസങ്ങളിലായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ഹൈബ്രിഡ് ലഹരി കേസിൽ പോലീസ് ചോദ്യം ചെയ്തിരുന്നു. പിടിയിലായ താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 30, 2025 8:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'10 വർഷം മുൻപ് കേരളത്തിലേ ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും നോക്കിയാൽ മതി'; സംവിധായകൻ ജൂഡ് ആൻ്റണി