Kathanar | വന്തിട്ടെന്ന് സൊല്ല്; കാത്തിരിപ്പിനൊടുവിൽ ജയസൂര്യയുടെ കത്തനാർ ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ
- Published by:meera_57
- news18-malayalam
Last Updated:
ചരിത്രത്തിൻ്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാൻ്റസി കഥയാണ് കടമറ്റത്തു കത്തനാറിൻ്റേത്
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ പ്രീപ്രൊഡക്ഷനും, ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നിട്ടുള്ള 'കത്തനാർ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം റോജിൻ തോമസ്സാണ് സംവിധാനം ചെയ്യുന്നത്. കടമറ്റത്തു കത്തനാർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്.
രൂപത്തിലും, വേഷത്തിലുമെല്ലാം ആകർഷിക്കുന്ന ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി എത്തിയിരിക്കുന്നത്. 'കത്തനാർ' എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ലുക്ക്. സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിക്കുമോ എന്നറിയേണ്ടിയിരിക്കുന്നു.
വലിയ ജനപ്രീതി നേടിയ ഫിലിപ്സ് ആൻ്റ് മങ്കി പെൻ, ഹോം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിൻ തോമസ്. ചരിത്രത്തിൻ്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാൻ്റസി കഥയാണ് കടമറ്റത്തു കത്തനാറിൻ്റേത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ഏറ്റവും ജനശ്രദ്ധ നേടിയ കഥയാണ് കടമറ്റത്തു കത്തനാർ.
advertisement
മന്ത്രവാദവും, മാജിക്കുമൊക്കെയായി കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിച്ചതാണ് കടമറ്റത്തു കത്തനാറിൻ്റെ കഥ. കടമറ്റത്തച്ചൻ എന്ന പേരിൽ നടൻ പ്രേം നസീർ അഭിനയിച്ച ചിത്രവും. കടമറ്റത്തു കത്തനാർ എന്ന പേരിൽ ഒരു ടി.വി. പരമ്പരയും ഉണ്ടായിട്ടുണ്ട്. അതിനൊക്കെ വലിയ സ്വീകാര്യത ലഭിച്ചത് ഈ കഥയോടുള്ള കൗതുകവും ആകാംക്ഷയുമാണ്. ഈ കഥയാണ് ആധുനിക സാങ്കേതികവിദ്യകളുടേയും, മികച്ച അണിയറ പ്രവർത്തകരുടെയും പിൻബലത്തോടെ സമീപകാല സിനിമയിലെ ഏറ്റം വലിയ മുതൽമുടക്കിൽ ഗോകുലം മൂവീസ് ദൃശ്യാവിഷ്ക്കരണം നടത്തുന്നത്.
advertisement
അരങ്ങിലും അണിയറയിലും കൗതുകങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ജയസൂര്യക്കു പുറമേ തെലുങ്കു താരം അനുഷ്ക ഷെട്ടി, തമിഴ് താരം പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിധീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവ്വൻ ഫെയിം), സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവികാ സഞ്ജയ് (മകൾ ഫെയിം), കിരൺ അരവിന്ദാക്ഷൻ, സുശീൽ കുമാർ എന്നിവരും ചിത്രത്തിൻ്റെ പ്രധാന വേഷങ്ങളിലുണ്ട്.
ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷനുകൾ ബഹുഭൂരിപക്ഷവും വിദേശത്താണ് നടക്കുന്നത്. മൂന്നുവർഷത്തെ പ്രീ പ്രൊഡക്ഷനാണ് ചിത്രത്തിനു വേണ്ടി വന്നതെന്ന് സംവിധായകൻ റോജിൻ തോമസ് പറഞ്ഞു. മുപ്പതിൽപ്പരം ഭാഷകളിലായി രണ്ടു ഭാഗങ്ങളിലായിട്ടാണ് ചിത്രം എത്തുന്നത്.
advertisement
ആർ. രാമാനന്ദിൻ്റേതാണ് തിരക്കഥ. രാഹുൽ സുബ്രമണ്യനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം - നീൽ ഡി. കുഞ്ഞ, എഡിറ്റിംഗ് -റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - രാജീവ്, ആക്ഷൻ- ജഗ്ജിൻ പാർക്ക്, കലൈ കിംഗ്സ്റ്റൺ; കലാസംവിധാനം - അജി കുറ്റിയാനി, രാം പ്രസാദ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും ഡിസൈൻ - ഉത്തരാ മേനോൻ, വി.എഫ്..ക്സ്. - പോയറ്റിക്സ്, സൂപ്പർവൈസർ - വിഷ്ണുരാജ്, വെർച്വൽ പ്രൊഡക്ഷൻ ഹെഡ് - സെന്തിൽ നാഥ്, കോ പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - സജി സി. ജോസഫ്, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺടോളർ - സിദ്ദു പനയ്ക്കൽ, പി.ആർ.ഒ.- വാഴൂർ ജോസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 01, 2025 10:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kathanar | വന്തിട്ടെന്ന് സൊല്ല്; കാത്തിരിപ്പിനൊടുവിൽ ജയസൂര്യയുടെ കത്തനാർ ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ