AMMA | അമ്മയെ നയിക്കാൻ നാല് പെണ്ണുങ്ങൾ; ഇനി താക്കോൽസ്ഥാനങ്ങളിൽ പെൺകരുത്ത്
- Published by:meera_57
- news18-malayalam
Last Updated:
'അമ്മക്ക് ആൺമക്കളേ ഉള്ളൂ?, പെൺമക്കളില്ലേ?' എന്ന ചോദ്യത്തിന് ഒരു വർഷത്തിന് ശേഷം മറുപടി
'അമ്മക്ക് ആൺമക്കളേ ഉള്ളൂ?, പെൺമക്കളില്ലേ?' എന്ന ചോദ്യം ഉയർന്നിട്ട് അധികകാലം ആയില്ല. സ്ത്രീകളായ അംഗങ്ങളുടെ വിഷമങ്ങൾ കേൾക്കാനും പരിഹാരം കണ്ടെത്താനും 'അമ്മ' പിന്നിലാണ് എന്ന ആക്ഷേപം വാർത്തകളിൽ ദിവസങ്ങളോളം നിറഞ്ഞു നിന്നിരുന്ന കാലം. അന്ന് അമ്മയുടെ പ്രധാനഭാരവാഹികളിൽ സ്ത്രീസാന്നിധ്യമില്ലേ എന്ന പി.കെ. ശ്രീമതിയുടെ ചോദ്യത്തിന് ഇതാ ഒരുവർഷം പിന്നിടുമ്പോൾ ഉത്തരമാകുന്നു. ഒന്നല്ല, നാല് പെണ്ണുങ്ങളാണ് അമ്മയുടെ താക്കോൽസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വനിതയായ അൻസിബ ഹസൻ എത്തിച്ചേർന്നത് എതിരില്ലാതെ.
പ്രസിഡന്റ് സ്ഥാനത്തേക്ക് രാഷ്ട്രീയ നേതാവ് കൂടിയായ ദേവനെ പിന്നിലാക്കിയാണ് ശ്വേതാ മേനോന്റെ വിജയം. അവസാന നിമിഷം ശ്വേത നേരിട്ട തേജോവധം വേറെ. അവരുടെ മുൻകാല ചിത്രങ്ങളിലെ ഗ്ലാമർ രംഗങ്ങളെ അശ്ലീലം എന്ന് ലേബൽ ഒട്ടിച്ച് കൊണ്ടുവന്ന കേസ് തലപൊക്കുമ്പോൾ, തെരഞ്ഞെടുപ്പ് വാതിൽപ്പടിയിൽ എത്തിയിരുന്നു. ശ്വേത അതും കടന്നു വിജയത്തേരിലേറി. ഹേമ കമ്മറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് പിന്നാലെ പിരിച്ചുവിട്ട അമ്മ സംഘടനയിൽ ഒരു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, മോഹൻലാൽ ഏറ്റെടുത്ത പ്രസിഡന്റ് കുപ്പായം അണിയാൻ ഒരു വനിത വേണമെന്ന ആഗ്രഹം തുടക്കം മുതലേ ഉയർന്നു കേട്ടിരുന്നു. ജഗദീഷ് സാധ്യതയുള്ള മത്സരാർത്ഥിയായിട്ടും അദ്ദേഹവും ആ അഭിപ്രായം മാനിച്ച് സ്വമേധയാ പിൻവാങ്ങിയിരുന്നു.
advertisement
കുക്കു പരമേശ്വരനായിരുന്നു വാർത്താ ചർച്ചകളിൽ ഇടം നേടിയ മറ്റൊരു താരം. ഹേമ കമ്മറ്റി റിപ്പോർട്ടിലേക്കുള്ള മൊഴികൾ റെക്കോർഡ് ചെയ്ത ഡ്രൈവ് കുക്കുവിന്റെ പക്കലുണ്ടെന്നും, അതവർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട് എന്നും ആരോപിച്ചു കൊണ്ട് പൊന്നമ്മ ബാബു രംഗത്തെത്തി. ഒടുവിൽ, ഡി.ജി.പിക്ക് മുൻപാകെ പരാതി നൽകിയാണ് കുക്കു പരമേശ്വരൻ പ്രതികരിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ ജയൻ ചേർത്തലയുമായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് ലക്ഷ്മിപ്രിയ വിജയിച്ചത്. സരയൂ, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ 11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
advertisement
Summary: In a landslide victory, four women including Shwetha Menon are at the helm of Malayalam film fraternity AMMA. Other than Shwetha, Kukku Parameswaran, Ansiba Hassan and Lakshmipriya have been chosen to the key positions
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 15, 2025 6:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
AMMA | അമ്മയെ നയിക്കാൻ നാല് പെണ്ണുങ്ങൾ; ഇനി താക്കോൽസ്ഥാനങ്ങളിൽ പെൺകരുത്ത്