• HOME
 • »
 • NEWS
 • »
 • film
 • »
 • പഞ്ചവടിപ്പാലം: 35 വർഷം പഴക്കമുള്ള കോമഡിസിനിമ ഹൈക്കോടതി എന്തു കൊണ്ട് പരാമർശിച്ചു ?

പഞ്ചവടിപ്പാലം: 35 വർഷം പഴക്കമുള്ള കോമഡിസിനിമ ഹൈക്കോടതി എന്തു കൊണ്ട് പരാമർശിച്ചു ?

ദുശ്ശാസനക്കുറുപ്പിന്‍റെ പേര് ചരിത്രത്തിൽ ഇടം നേടുന്നതിനായി ശിഖണ്ഡിപ്പിള്ള കൊണ്ടുവരുന്ന ആശയമാണ് പാലം.

 • Last Updated :
 • Share this:
  ഹാസ്യസിനിമകളുടെ മലവെള്ളപ്പാച്ചിൽ തന്നെ ഉണ്ടായിട്ടുള്ള ഭാഷയാണ് മലയാളം. എങ്കിലും പഞ്ചവടിപ്പാലം പോലൊരു ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമ ഇനിയുമുണ്ടായിട്ടില്ലെന്നതാണ്‌ സത്യം. ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേർന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയിരിക്കുന്ന പഞ്ചവടിപ്പാലം പുറത്തു വന്ന് ഈവർഷം 35 വർഷം തികയും. 1984 സെപ്റ്റംബർ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.

  ആരാണാ പടം എടുത്തത് ?

  അങ്ങേയറ്റം ഹാസ്യരസപ്രധാനമായ സിനിമയുടെ സംവിധായകന്‍റെ പേരു കാണുമ്പോൾ ചിലരെങ്കിലും ഒന്നു ഞെട്ടും. കെ. ജി. ജോർജ്. അക്കാലത്തെ പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലനുമൊത്ത് ഒരു ചിത്രത്തിനായി ഒരുങ്ങിയപ്പോൾ തന്‍റെ മുൻകാലചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഹാസ്യ ചിത്രമാവണം എന്നായിരുന്നു ജോർജിന്‍റെ ആഗ്രഹം. അതിനുമുമ്പ് എടുത്ത 12 സിനിമകളിലൂടെ മലയാള സിനിമയിലെ ഗൗരവമുള്ള മികച്ച സിനിമകളുടെ സൃഷ്ടാവ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥാനം. മുഴുനീള രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രത്തിനായുള്ള ജോര്‍ജിന്‍റെ അന്വേഷണം ചെന്നെത്തിയത് ജനകീയ ഹാസ്യ സാഹിത്യകാരൻ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ 'പാലം അപകടത്തില്‍' എന്ന നോവലിലായിരുന്നു. തിരക്കഥയും സംവിധായകൻ തന്നെ എഴുതി. സംഭാഷണം എഴുതുന്നത് 'കുഞ്ചുക്കുറുപ്പ്' എന്ന കാർട്ടൂൺ കഥാപാത്രത്തെ പിന്തുടർന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസനിലെത്തി. കോട്ടയമായിരുന്നു ലൊക്കേഷൻ. ഷാജി എൻ. കരുൺ ഛായാഗ്രഹണവും എം.ബി. ശ്രീനിവാസൻ സംഗീതവും നിർവഹിച്ചു.

  കഥയും കഥാപാത്രങ്ങളും

  ഐരാവതക്കുഴി എന്ന പഞ്ചായത്തും അവിടത്തെ ഭരണ പ്രതിപക്ഷ കക്ഷികളുമായിരുന്നു കഥ. സ്ഥലപേരു പോലെ തന്നെ രസകരമായിരുന്നു അതിലെ കഥാപാത്രങ്ങളുടെ പേരും. വിചിത്രവും ചരിത്രവും പുരാണവും ഒക്കെ കലർന്നവയായി കാരിക്കേച്ചർ സ്വഭാവമുള്ള അവരുടെ പേരുകൾ. പഞ്ചായത്ത് പ്രസിഡന്‍റ് ദുശ്ശാസനക്കുറുപ്പ് (ഭരത് ഗോപി), ഭാര്യ മണ്ഡോദരിയമ്മ (ശ്രീവിദ്യ), അനുയായി ശിഖണ്ഡിപ്പിള്ള (നെടുമുടി വേണു) പ്രതിപക്ഷ നേതാവ് ഇസ്സഹാക്ക് തരകൻ (തിലകൻ) പഞ്ചായത്ത് അംഗങ്ങളായ പഞ്ചവടി റാഹേൽ (സുകുമാരി) ആബേൽ ( ജഗതി ശ്രീകുമാർ) വികലാംഗനായ കാതൊരയൻ (ശ്രീനിവാസൻ) ജീമൂതവാഹനൻ (വേണു നാഗവള്ളി) യൂദാസ് കുഞ്ഞ് (ആലുംമൂടൻ) ബറാബാസ് (ഇന്നസെന്റ്) അനാർക്കലി (കല്പന), അവറാച്ചൻ സ്വാമി (വി.ഡി. രാജപ്പൻ), ജഹാംഗീർ (കെ.പി. ഉമ്മർ) ഇങ്ങനെ പോയി ആ നിര. ഈ അഭിനേതാക്കളുടെ മികച്ച പ്രകടനം തന്നെയായിരുന്നു ഓരോ ഫ്രെയിമിലും.

  ആരോടെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അത് യാദൃശ്ചികമല്ല

  ദുശ്ശാസനക്കുറുപ്പിന്‍റെ പേര് ചരിത്രത്തിൽ ഇടം നേടുന്നതിനായി ശിഖണ്ഡിപ്പിള്ള കൊണ്ടുവരുന്ന ആശയമാണ് പാലം. അത് നിലവിലുള്ള ഒരു പാലം പൊളിച്ചാകാമെന്ന് ആദ്യം നിശ്ചയിക്കുന്നു. എന്നാൽ പ്രതിപക്ഷത്തിന്‍റെ എതിർപ്പ് കാരണം മറ്റൊരിടത്തേക്ക് മാറ്റുന്നു. അവിടെ പുതിയ റോഡിനും അവസരം ഉണ്ടാകുന്നു. അങ്ങനെ പാലത്തിനും റോഡിനും രണ്ടു ടെണ്ടറുകൾ വിളിക്കുന്നു. ഒത്തുതീർപ്പ് എന്ന നിലയിൽ രണ്ടു ടെണ്ടറുകളിൽ ഒന്ന് ഭരണപക്ഷ അനുകൂലിയായ കരാറുകാരനും മറ്റൊന്ന് പ്രതിപക്ഷ അനുകൂലിയായ കരാറുകാരനും ലഭിക്കുന്നു. പാലത്തിന്‍റെ ഉദ്‌ഘാടന ദിവസം കരാറുകാരനും കുറുപ്പിന്‍റെ മകളും തമ്മിൽ വിവാഹവും നിശ്ചയിക്കുന്നു. ഉദ്‌ഘാടനത്തിന്റെ അന്നുതന്നെ തന്നെ പാലം പൊളിയുന്നു.അതിൽ പെട്ട് സാധാരണക്കാരനായ വികലാംഗൻ മരിക്കുന്നു. ഇതായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം.

  തമാശയ്ക്കപ്പുറത്തെ പൊള്ളുന്ന യാഥാർഥ്യം

  ഇതിനു ശേഷം പൊതു ഖജനാവ് മുടിക്കുന്ന പാലങ്ങൾക്ക് നാട്ടുകാർ പഞ്ചവടിപ്പാലം എന്ന് പേരിട്ടു. ഒടുവിൽ പാലാരിവട്ടം പാലത്തിന്‍റെ കാര്യത്തിൽ ഹൈക്കോടതിയും ചോദിച്ചു. അങ്ങനെ കാലമെത്ര കഴിഞ്ഞാലും അഴിമതിവീരന്മാരായ രാഷ്ട്രീയക്കാർ ഉള്ള കാലത്തോളം പഞ്ചവടിപ്പാലം അനശ്വരമായി നിൽക്കും, അഴിമതിയുടെ നിത്യ സ്മാരകമായി.

  First published: