ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
- Published by:meera_57
- news18-malayalam
Last Updated:
നേരത്തെ ചില വ്യവസ്ഥകളോടെ വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഇന്ത്യക്കാരെ അനുവദിച്ചിരുന്നു
ഇന്ത്യക്കാര്‍ക്ക് നല്‍കിയ വിസ ഇളവുകള്‍ റദ്ദാക്കി ഇറാന്‍ (Iran). ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാനാകില്ല. ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വണ്‍ വേ-വിസ രഹിത പ്രവേശനത്തിനുള്ള സൗകര്യം നവംബര്‍ 22 മുതല്‍ നിര്‍ത്തലാക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഇറാനിലേക്ക് യാത്ര ചെയ്യുന്നതിനോ രാജ്യത്തെ വിമാനത്താവളങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള പ്രധാന ട്രാന്‍സിഷന്‍ പോയിന്റുകളായി ഉപയോഗപ്പെടുത്തുന്നതിനോ ഇന്ത്യക്കാര്‍ വിസ കൈവശം വയ്‌ക്കേണ്ടതുണ്ട്.
നേരത്തെ ചില വ്യവസ്ഥകളോടെ വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഇന്ത്യക്കാരെ അനുവദിച്ചിരുന്നു. മധ്യേഷ്യയില്‍ നിന്നുള്ള നിരവധി രാജ്യങ്ങളുമായും ഇന്ത്യയുമായുമുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇറാന്‍ വിസ ഇളവ് പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഇതുവഴി ലക്ഷ്യമിട്ടിരുന്നു.
ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇറാനിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ നടപടി കുറ്റവാളികള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായാണ് ഈ സൗകര്യം ഇപ്പോൾ താല്‍ക്കാലികമായി നിര്‍ത്തുന്നത്. വിസ ഇളവ് ദുരുപയോഗം ചെയ്തുകൊണ്ടുള്ള തട്ടികൊണ്ടുപോകല്‍, തൊഴില്‍ തട്ടിപ്പ് എന്നിവ ഉയര്‍ത്തിക്കാട്ടികൊണ്ടുള്ള പുതിയ വിസാ മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു.
advertisement
സാധാരണ പാസ്‌പോര്‍ട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്തേക്ക് പ്രവേശിക്കാനോ യാത്ര ചെയ്യാനോ വിസ നേടേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇറാന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും വിസ ഇല്ലാതെ യാത്ര ചെയ്യുന്നതും ഇറാന്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരെ ഒഴിവാക്കണമെന്നും മന്ത്രാലയം ശക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തൊഴില്‍ വാഗ്ദാനത്തിന്റെ മറവിലോ അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെന്ന ഉറപ്പ് നല്‍കിയോ ഇന്ത്യന്‍ പൗരന്മാരെ ഇറാനിലേക്ക് ആകര്‍ഷിക്കുന്ന നിരവധി സംഭവങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. സാധാരണ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് നല്‍കിയിരുന്ന വിസ ഇളവ് മുതലെടുത്ത് നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ചതിയില്‍പ്പെട്ട് ഇറാനില്‍ എത്തിയ പലരെയും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടികൊണ്ടുപോകുന്നതായും മന്ത്രാലയം വ്യക്തമാക്കി.
advertisement
പുതിയ നിയമങ്ങള്‍ പ്രകാരം ഇന്ത്യക്കാര്‍ ഇപ്പോള്‍ ഇറാനിയന്‍ വിസയ്ക്ക് മുന്‍കൂട്ടി അപേക്ഷിക്കുകയും വിമാനത്തില്‍ കയറുന്നതിന് മുമ്പ് വിസ കൈവശം വയ്ക്കുകയും വേണം. മാത്രമല്ല മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക് ഇറാന്‍ വഴി യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും വിസ നേടേണ്ടതുണ്ട്. എല്ലാ യാത്രികരുടെയും വിസ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാക്കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ട്രാവല്‍ നയത്തില്‍ വരുത്തുന്ന പ്രധാനപ്പെട്ട ഒരു മാറ്റമാണിത്.
ഇന്ത്യയും ഇറാനും എല്ലാകാലത്തും നയതന്ത്രപരമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു, മഹത്തായ സംസ്‌കാരിക, ചരിത്ര പൈതൃകം അവകാശപ്പെടാനുള്ള ഇറാനിലേക്ക് എല്ലാവര്‍ഷവും നിരവധി ഇന്ത്യക്കാര്‍ എത്തുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 18, 2025 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?


