advertisement

'ബംഗ്ലാദേശിന് നൽകുന്ന പിന്തുണ തുടരും'; ബി.എൻ.പി നേതാവ് താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

Last Updated:

തിരഞ്ഞെടുപ്പിലെ ബിഎൻപിയുടെ വിജയം താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിലെ ജനങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി

Rapid Read
News18
News18
ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) നേടിയ ഉജ്ജ്വല വിജയത്തിൽ പാർട്ടി നേതാവ് താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജനാധിപത്യപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ബി.എൻ.പിയെ നിർണ്ണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്മാന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും, ഈ വിജയം താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിലെ ജനങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതുവായ വികസന ലക്ഷ്യങ്ങൾക്കായി ഒന്നിച്ച് പ്രവർത്തിക്കുന്നതിനും താൻ ആഗ്രഹിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
മാസങ്ങൾ നീണ്ട ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ രാഷ്ട്രീയ സ്ഥിരത വീണ്ടെടുക്കുന്നതിൽ നിർണ്ണായകമെന്ന് കരുതപ്പെട്ട പൊതുതിരഞ്ഞെടുപ്പിൽ ബി.എൻ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം. ആകെ മത്സരിച്ച 299 സീറ്റുകളിൽ ബി.എൻ.പിയും സഖ്യകക്ഷികളും കുറഞ്ഞത് 212 സീറ്റുകൾ നേടിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷമായ ജമാഅത്തെ ഇസ്‌ലാമിയും സഖ്യകക്ഷികളും 70 സീറ്റുകൾ നേടി. ഇതോടെ 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബി.എൻ.പി ഭരണത്തിലേക്ക് തിരിച്ചെത്തുന്നത്. വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും ആഘോഷ പ്രകടനങ്ങളോ റാലികളോ സംഘടിപ്പിക്കരുതെന്ന് നിർദ്ദേശിച്ച പാർട്ടി, രാജ്യവ്യാപകമായി പ്രത്യേക പ്രാർത്ഥനകൾക്ക് ആഹ്വാനം ചെയ്തു.
advertisement
2024 ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന പുറത്താക്കപ്പെട്ടതിനെത്തുടർന്നുണ്ടായ വൻ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും ശേഷമുള്ള ഈ തിരഞ്ഞെടുപ്പ് ഫലം ബംഗ്ലാദേശിന്റെ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവായാണ് കണക്കാക്കുന്നത്. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ശൈഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് പിന്നാലെ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് രാജ്യം ഭരിച്ചിരുന്നത്.
മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെ മകനായ താരിഖ് റഹ്മാൻ, 18 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം ഡിസംബറിലാണ് ധാക്കയിൽ തിരിച്ചെത്തിയത്. അദ്ദേഹം ഉടൻ തന്നെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 60 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയ ഈ തിരഞ്ഞെടുപ്പ് വർഷങ്ങൾക്കിപ്പുറം ബംഗ്ളാദേശിൽ നടന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പ് മത്സരമായാണ് വിലയിരുത്തപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'ബംഗ്ലാദേശിന് നൽകുന്ന പിന്തുണ തുടരും'; ബി.എൻ.പി നേതാവ് താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement