തിരുവനന്തപുരം: 50-ാമത് സംസ്ഥാന
ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അർഹനായി.
ഇത്തവണ 119 ചിത്രങ്ങളാണ് അവാർഡിനായി മത്സരരംഗത്തുണ്ടായിരുന്നത്. 2019ൽ നിർമ്മിച്ച ചിത്രങ്ങൾക്കാണ് പുരസ്കാരം. റിലീസ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. കോവിഡ് സാഹചര്യത്തെ തുടർന്ന് പുരസ്‌കാര പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു.
മികച്ച നടനുള്ള പുരസ്‌കാരത്തിനായി മോഹൻലാൽ (മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ലൂസിഫർ), മമ്മൂട്ടി (ഉണ്ട, മാമാങ്കം) ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം മത്സരരംഗത്ത് പരിഗണിക്കപ്പെട്ടിരുന്നു. നിവിൻ പോളി (മൂത്തോൻ), സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഡ്രൈവിംഗ് ലൈസൻസ്, വികൃതി), ആസിഫ് അലി (കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ൻ നിഗം (കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്ഖ്) എന്നിവർ തമ്മിൽ കടുത്ത മത്സരം തുടക്കം മുതലേ പ്രതീക്ഷിച്ചിരുന്നു.
മികച്ച നടിക്കുള്ള മത്സരരംഗവും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. പാർവതി (ഉയരെ), രജിഷ വിജയൻ (ജൂൺ, ഫൈനൽസ്), അന്ന ബെൻ (ഹെലൻ, കുമ്പളങ്ങി നൈറ്റ്‌സ്), മഞ്ജു വാര്യർ (പ്രതി പൂവങ്കോഴി) എന്നിവരുടെ പേരുകൾ അവസാന നിമിഷം വരെയും ഉയർന്ന് കേട്ടു.
മുതിർന്ന സംവിധായകനും ഛായാഗ്രാഹകനുമായ മധു അമ്പാട്ട് ചെയർമാനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ചലച്ചിത്ര സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, നടി ജോമോൾ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എഞ്ചിനീയർ എസ്. രാധാകൃഷ്ണൻ, ഗായിക ലതിക, ഗ്രന്ഥകർത്താവ് ബെന്യാമിൻ, സംസ്ഥാന ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി. അജോയ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.